പകര്‍ച്ചപ്പനി പ്രതിരോധം: ദിശ കോള്‍ സെന്ററുകള്‍ സജ്ജം

സംസ്ഥാനത്ത് പകര്‍ച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി കോള്‍ സെന്റര്‍ ആരംഭിച്ചുവെന്ന് മന്ത്രി വീണാ ജോര്‍ജ്. നിലവിലെ ദിശ കോള്‍ സെന്റര്‍ ശക്തിപ്പെടുത്തിയാണ് എല്ലാ ജില്ലകളില്‍ നിന്നുള്ള ഡോക്ടര്‍മാരുടേയും സേവനങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക കോള്‍ സെന്റര്‍ പ്രവര്‍ത്തന സജ്ജമാക്കിയത്.

ദിശയിലെ കൗണ്‍സിലര്‍മാര്‍, ഡോക്ടര്‍മാര്‍, ഇ സഞ്ജീവനി ഡോക്ടര്‍മാര്‍ എന്നിവരെ കൂടാതെ എല്ലാ ജില്ലകളില്‍ നിന്നും ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കുന്നതാണ്. തിരക്ക് കൂടുന്നതനുസരിച്ച് കൂടുതല്‍ പേരുടെ സേവനം ലഭ്യമാക്കുന്നതാണ്. ആരോഗ്യ സംബന്ധമായ എന്ത് സംശയങ്ങള്‍ക്കും ദിശയില്‍ വിളിക്കാവുന്നതാണ്.

മഴക്കാലത്തോടനുബന്ധിച്ച് ഡെങ്കിപ്പനി, എലിപ്പനി, എച്ച്1 എന്‍1, സിക്ക, ശ്വാസകോശ രോഗങ്ങള്‍, വയറിളക്ക രോഗങ്ങള്‍ തുടങ്ങിയ പലതരം രോഗങ്ങള്‍ ബാധിക്കാം. രോഗത്തിന്റെ ആരംഭത്തിലും ചികിത്സാ ഘട്ടത്തിലും അതുകഴിഞ്ഞും പലര്‍ക്കും പല സംശയങ്ങള്‍ ഉണ്ടാകാം. ആശുപത്രി തിരിക്ക് കാരണം പലപ്പോഴും അതെല്ലാം ഡോക്ടറോട് നേരിട്ട് ചോദിക്കാന്‍ ചിലപ്പോള്‍ കഴിഞ്ഞെന്ന് വരില്ല. അതിനെല്ലാമുള്ള പരിഹാരമായാണ് ദിശ കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.

മുന്‍കരുതലുകള്‍, കഴിക്കുന്ന മരുന്നിനെപ്പറ്റിയുള്ള സംശയം, ഏതൊക്കെ ഭക്ഷണം കഴിക്കാം, പരിശോധനാ ഫലത്തെപ്പറ്റിയുള്ള സംശയം, മാനസിക പിന്തുണ, രോഗപ്പകര്‍ച്ച തടയുക തുടങ്ങിയവയെല്ലാം സംസാരിക്കാവുന്നതാണ്. അതുമായി ബന്ധപ്പെട്ട വിദഗ്ധ ഡോക്ടര്‍മാര്‍ക്ക് ഫോണ്‍ കൈമാറുന്നതാണ്.

വീട്ടിലുള്ള ആര്‍ക്കെങ്കിലും പെട്ടന്നൊരു അത്യാഹിതമോ രോഗ മൂര്‍ച്ഛയോ ഉണ്ടായാല്‍ ദിശ നമ്പരിലേക്ക് വിളിക്കാവുന്നതാണ്. ഉടനടി ചെയ്യേണ്ട പ്രഥമ ശുശ്രൂഷ ഡോക്ടര്‍മാര്‍ പറഞ്ഞുതരും. ആവശ്യമായവര്‍ക്ക് അന്നേരം തന്നെ ഇ സഞ്ജീവനി മുഖേന ചികിത്സയും മരുന്നിന്റെ വിവരങ്ങളും ലഭ്യമാക്കും. 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ ദിശയുടെ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാണ്.

also read; ചരിത്ര ഉത്തരവുമായി മദ്രാസ് ഹൈക്കോടതി; വീട്ടമ്മയായ ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ സ്വത്തില്‍ തുല്യ അവകാശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News