ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തിൽ ഉപയോഗിച്ചത് 50 കിലോഗ്രാം സ്‌ഫോടക വസ്തു

ഛത്തീസ്ഗഡിലെ ബസ്തർ ജില്ലയിൽ നടന്ന മാവോയിസ്റ്റ് ആക്രമണം 50 കിലോഗ്രാം ഭാരമുള്ള ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) ഉപയോഗിച്ചാണെന്ന് റിപ്പോർട്ടുകൾ. മാവോയിസ്റ്റ് വിരുദ്ധ സേനാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം കുഴിബോംബ് സ്ഫോടനത്തിൽ തകരുകയായിരുന്നു. മാവോയിസ്റ്റ് വിരുദ്ധ സേനയിലെ പത്ത് അംഗങ്ങളും വാഹനത്തിന്റെ ഡ്രൈവറുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് തെരച്ചില്‍ നടത്തി മടങ്ങുമ്പോഴായിരുന്നു സംഘത്തിന് നേരെ ആക്രമണം നടന്നത്. തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 450 കിലോമീറ്റർ അകലെയുള്ള അരാൻപൂരെ എന്ന സ്ഥലത്ത് വെച്ചായിരുന്നു ആക്രമണം.

ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡിന്റെ (ഡിആർജി) പൊലീസുകാർ വാടകയ്‌ക്ക് എടുത്ത മിനി വാനിലാണ് സേനയിലുള്ളവർ സഞ്ചരിച്ചിരുന്നത്. ബാലിസ്റ്റിക് പരിരക്ഷയില്ലാത്ത യാത്രാ വാഹനം സ്‌ഫോടനത്തിന്റെ ആഘാതത്തിൽ കുറഞ്ഞത് 20 അടിയെങ്കിലും തെറിച്ചുപോയിരുന്നു. തകർന്ന വാനിന്റെ അവശിഷ്ടങ്ങൾ സ്‌ഫോടനസ്ഥലത്ത് നിന്ന് 150 മീറ്റർ അകലെ വീണതായി കണ്ടെത്തിയിട്ടുണ്ട്. 10 അടി ആഴവും 20 അടി വീതിയുമുള്ള വലിയ ഗർത്തം ആക്രമണം നടന്ന റോഡിൽ ഉണ്ടായിട്ടുണ്ട്.

പൊലീസുകാർ സഞ്ചരിച്ചിരുന്ന വാൻ ലക്ഷ്യമാക്കി മാവോയിസ്റ്റുകൾ പത്തിരട്ടി സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് ആക്രമണം നടത്തിയിട്ടുണ്ടാവുമെന്നാണ് ടെറിട്ടോറിയൽ ആർമിയുടെ മുൻ മേധാവി മേജർ ജനറൽ അശ്വിനി സിവാച്ച് പറയുന്നത്. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ നടത്തി മടങ്ങുന്നതിനിടെയാണ് ഡിആർജി സംഘം ആക്രമണം നടത്തിയത്. സ്ഫോടനം നടത്തിയ മാവോയിസ്റ്റുകള്‍ക്കായി മേഖലയില്‍ തെരച്ചില്‍ നടക്കുകയാണ്.

അതേസമയം, ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. മാവോയിസ്റ്റ് വിരുദ്ധ സേനയിലെ ധീരൻമാരുടെ ജീവത്യാഗം എക്കാലവും ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലുമായി സംസാരിച്ച് സ്ഥിതി വിലയിരുത്തി. പ്രദേശത്ത് കനത്ത ജാഗ്രത തുടരുകയാണ്. മാവോയിസ്റ്റ് വിരുദ്ധ സേനയുടെയും സിആർപിഎഫിൻറെയും കൂടുതൽ സംഘങ്ങളെ മേഖലയിൽ നിയോഗിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ ഛത്തീസ്ഗഡിലെ സുഖ്മയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration