തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ പുതിയ അതിഥി എത്തി. ശനിയാഴ്ച രാത്രി 12.30 നാണ് 2.600 കി.ഗ്രാം ഭാരവും 12 ദിവസം പ്രായവും തോന്നിക്കുന്ന പെൺ കരുന്ന് സമിതിയുടെ പരിചരണാർത്ഥം എത്തിയത്. ഈ മാസം തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന അഞ്ചാമത്തെ കുട്ടിയും നാലാമത്തെ പെൺകുട്ടിയുമാണ് പുതിയ അതിഥി. ശിശുദിന കലോത്സവങ്ങൾ ആരംഭിക്കാനിരിക്കെ എത്തിയ കുഞ്ഞിന് പ്രതിഭ എന്ന പേര് നൽകിയതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി അറിയിച്ചു.
തിരുവനന്തപുരം അമ്മത്തൊട്ടിലിൽ കഴിഞ്ഞ ശനിയാഴ്ച 19.19.24 ന് ലഭിച്ച ആൺ കുഞ്ഞിന് ബുദ്ധ എന്ന പേര് നൽകിയിരുന്നു. അമ്മത്തൊട്ടിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ സ്ഥാപിച്ച ശേഷം ഏറ്റവും കൂടുതൽ കുട്ടികളെ ലഭിക്കുന്നത് തിരുവനന്തപുരത്ത് ആണ്. സർക്കാരിൻറെയും വകുപ്പ് മന്ത്രി വീണാ ജോർജിൻറെയും സമിതിയുടെയും തീവ്രമായ ബോധവൽക്കരണങ്ങളിലൂടെ അമ്മത്തൊട്ടിലിനെ ജനപ്രിയമാക്കിയതു കൊണ്ടാണ് മുൻ കാലങ്ങളിൽ നിന്ന് വത്യസ്ഥമായി ചിലയിടങ്ങളിലെങ്കിലും നിർഭാഗ്യവശാൽ കുരുന്നു ജീവനുകൾ നശിപ്പിക്കപ്പെടുന്ന പ്രവണത മാറി സുരക്ഷിതമായി അമ്മത്തൊട്ടിലിൻറെ സംരക്ഷണാർത്ഥം എത്തിക്കുന്നതെന്ന് ജി.എൽ. അരുൺ ഗോപി പറഞ്ഞു. ഇവിടെ എത്തപ്പെടുന്ന ബാല്യങ്ങൾക്ക് മതിയായ പരിചരണം നൽകി സുതാര്യമായ ദത്തെടുക്കൽ നടപടിക്രമങ്ങളിലൂടെ ദത്ത് നൽകാൻ സമിതിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 19 മാസത്തിനിടയിൽ സമിതി ഇപ്രകാരം 114 കുട്ടികളെയാണ് നിയമപരമായ മാർഗ്ഗങ്ങളിലൂടെ ദത്ത് നൽകിയത്.
Also read:‘കവിതകളേക്കാൾ ജനപ്രിയം പാട്ടുകളാണെങ്കിലും, ആസ്വദിക്കാൻ കവിത്വം വേണം’: വിദ്യാധരൻ മാസ്റ്റർ
അമ്മത്തൊട്ടിലിൽ നിന്നും സമിതി ദത്തെടുക്കൽ കേന്ദ്രത്തിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ കുരുന്നിനെ തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ പരിശോധനനടത്തി.പൂർണ്ണ ആരോഗ്യവതി യാണ് കുരുന്ന്. തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 612-ാമത്തെ കുട്ടിയും 2024-ൽ ലഭിക്കുന്ന 18-ാ മത്തെ കുഞ്ഞുമാണ് നവാഗത. “പ്രതിഭയുടെ ” ദത്തെടുക്കൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ കുട്ടിക്ക് അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ തൈക്കാട് സമിതി ആസ്ഥാന ഓഫീസുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here