ലോക്‌സഭ തെരെഞ്ഞെടുപ്പിന്റ അഞ്ചാംഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനം കുറഞ്ഞതോടെ ബിജെപിയില്‍ ആശങ്ക തുടരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒടുവില്‍ പുറത്ത് വിട്ട കണക്കനുസരിച്ച് 60.48 ശതമാനം പോളിംഗാണ് അഞ്ചാം ഘട്ടത്തില്‍ രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ പോളിംഗ് പശ്ചിമ ബംഗാളിലും ഏറ്റവും കുറവ് പോളിംഗ് മഹാരാഷ്ട്രയിലും രേഖപ്പെടുത്തി. അതേ സമയം ആറാം ഘട്ട തെരെഞ്ഞെടുപ്പിന്റെ പ്രചരണം ശക്തമാക്കുകയാണ് മുന്നണികള്‍.
ലോക്‌സഭ തെരഞ്ഞെടുപ്പിലെ അഞ്ചാംഘട്ടത്തിലും കുറഞ്ഞ പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയത്. ആറ് സംസ്ഥാനങ്ങളിലും 2കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 49 മണ്ഡലങ്ങളില്‍ നടന്ന വോട്ടെടുപ്പില്‍ മൊത്തം പോളിംഗ് ശതമാനം 60 ല്‍ ഒതുങ്ങിതോടെ ആശങ്കയിലാണ് ബിജെപി. 76.05 ശതമാനം രേഖപ്പെടുത്തിയ പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ്. കഴിഞ്ഞ ഘട്ടങ്ങളെ പോലെ അഞ്ചാം ഘട്ടത്തിലും മഹാരാഷ്ട്രയില്‍ പോളിംഗ് ഇടിഞ്ഞു.
കടുത്ത ചൂടും നഗരകേന്ദ്രീകൃത മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ തണുത്ത പ്രതികരണവും അഞ്ചാം ഘട്ടത്തിലും മഹാരാഷ്ട്രയില്‍ പ്രതിഫലിച്ചു. കര്‍ഷക ഭൂരിപക്ഷ പ്രദേശമായ നാസിക്കിലും ദിന്‍ഡോരിയിലും താരതമ്യേന ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തി. ബോളിവുഡ് താരങ്ങളും വ്യവസായികളുമടക്കം പ്രമുഖരുടെ നിരതന്നെ പോളിംഗ് ബൂത്തിലെത്തിയെങ്കിലും മുംബൈയിലെ പോളിംഗ് ശതമാനം കുറഞ്ഞു നിന്നു. എല്ലാ സംസ്ഥാനങ്ങളിലും പോളിംഗ് കുറഞ്ഞപ്പോള്‍ കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരില്‍ ചരിത്രത്തിലെ ഏറ്റവും കൂടിയ പോളിംഗ് രേഖപ്പെടുത്തി.
ഏറ്റവും കൂടുതല്‍ സീറ്റുകളിലേക്ക് പോളിംഗ് നടന്ന ഉത്തര്‍പ്രദേശിലെ പ്രധാന മണ്ഡലങ്ങളായ റായ്ബറേലിയും അമേട്ടിയും പോളിംഗ് ശതമാന കുറഞ്ഞു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി മത്സരിച്ച അമേട്ടിയില്‍ 54ഉം രാഹുലിന്റെ മണ്ഡലമായ റായ്ബാരെലിയില്‍ 57 ശതമാനം വോട്ടും പോള്‍ ചെയ്തു. രാമക്ഷേത്രം യാഥാര്‍ത്ഥ്യമായതിന്റെ ആവേശം പക്ഷേ അയോധ്യയിലെ ബൂത്തുകളില്‍ കണ്ടില്ല..ഇത്തവണയും പോളിങ് ശതമാനം കുറഞ്ഞതോടെ ബിജെപിയിലെ ആശങ്ക തുടരുകയാണ്. അഞ്ചാം ഘട്ടത്തോടെ 428 ലോക്സഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. അതേ സമയം ആറാം ഘട്ട തെരെഞ്ഞുടുപ്പിന്റെ പ്രചരണം ശക്തമാക്കിയിരിക്കുകയാണ് മുന്നണികള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here