ലോകസഭാ തെരഞ്ഞെടുപ്പ് പരാജയത്തിൻറെ തുടർച്ചയായി തൃശൂർ ഡിസിസി ഓഫീസിൽ കൂട്ടത്തല്ല്. ഓഫീസ് സെക്രട്ടറി സജീവൻ കുരിയച്ചിറയ്ക്ക് മർദ്ദനമേറ്റു. ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂരിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് മർദ്ദിച്ചതെന്ന് സജീവൻ. സംഭവത്തിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.
കെ മുരളീധരന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഉണ്ടായ പോസ്റ്റർ പ്രതിഷേധങ്ങളുടെ തുടർച്ചയാണ് വെള്ളിയാഴ്ച വൈകിട്ട് തൃശ്ശൂർ ഡിസിസി ഓഫീസിൽ അരങ്ങേറിയത്. വാക്കേറ്റത്തിനും കയ്യാങ്കളിക്കുമിടെ ഡിസിസി ഓഫീസ് സെക്രട്ടറി സജീവൻ കുരിയച്ചിറക്ക് മർദ്ദനമേറ്റു. ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ മർദ്ദിച്ചതെന്ന് സജീവൻ കുരിയച്ചിറ പറഞ്ഞു.
കെ മുരളീധരനെ അനുകൂലിക്കുന്ന ജില്ലയിലെ പ്രധാന നേതാക്കളിൽ ഒരാളാണ് സജീവൻ. ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂരും 18 ഓളം പേരും ചേർന്നാണ് മർദ്ദിച്ചതെന്ന് സജീവനൊപ്പം ഉണ്ടായിരുന്നവരും പറഞ്ഞു. ഡിസിസി പ്രസിഡന്റിന്റെ ഗുണ്ടായിസം വെച്ചു പൊറുപ്പിക്കില്ലന്നും കെ മുരളീധരനെ അനുകൂലിക്കുന്നവർ പ്രതികരിച്ചു. സംഭവം KPCC നേതൃത്വത്തെ അറിയിക്കുമെന്നും ജില്ലാ നേതൃത്വത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് പറഞ്ഞു.
സജീവൻ കുരിയച്ചിറ ഉൾപ്പെടെ മൂന്നുപേർ ഡിസിസി ഓഫീസിന്റെ താഴത്തെ നിലയിൽ സംസാരിച്ചു നിൽക്കുന്നതിനിടെയാണ് സംഘർഷത്തിന് തുടക്കം. മുകൾ നിലയിൽ നിന്നും ഇറങ്ങി വന്ന ജോസ് വള്ളൂരും സംഘവും ഇവരുമായി വാക്കേറ്റം ഉണ്ടാക്കുകയും കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ സംഭവം അറിഞ്ഞ് എത്തിയ മറ്റു കോൺഗ്രസ് പ്രവർത്തകരും ജോസ് വള്ളൂരിനൊപ്പം ഉണ്ടായിരുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ചേരിപ്പോര് കയ്യാങ്കളിയിൽ എത്തിയതോടെ കെപിസിസി നേതൃത്വം ഉടൻതന്നെ വിഷയത്തിൽ ഇടപെടും എന്നാണ് സൂചന.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here