പോളിംഗില്‍ അപ്രതീക്ഷിത ഇടിവ്; വയനാട്ടില്‍ ഫലം പ്രവചനാതീതമാക്കി കണക്കുകള്‍

വയനാട്ടില്‍ പോളിംഗ് ശതമാനത്തില്‍ 2019 നേക്കാള്‍ കുറവ് രേഖപ്പെടുത്തി.73.23 ആണ് നിലവിലെ കണക്കുകള്‍ പ്രകാരം പോളിംഗ് ശതമാനം.80 ശതമാനമായിരുന്നു കഴിഞ്ഞ തവണ.1462423 വോട്ടര്‍മാരില്‍ ബൂത്തിലെത്തിയത് 1071489 പേര്‍.75 ശതമാനം സ്ത്രീകള്‍ വോട്ടുചെയ്തപ്പോള്‍ പുരുഷന്മാരെത്തിയത് 72ശതമാനം.78 ശതമാനത്തോളം പേര്‍ പോളിംഗ് ബൂത്തിലെത്തിയ വണ്ടൂരിലാണ് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ കൂടുതല്‍ പോളിംഗ്.ഒടുവിലെ കണക്കുകളെത്തിയാലും എണ്‍പത് കടന്ന 2019ലെ ശരാശരി അകലെ.

അടിമുടി രാഷ്ട്രീയ പ്രചാരണങ്ങളാല്‍ ശക്തമായ പോരാട്ടം നടന്ന വയനാട്ടില്‍ പലയിടങ്ങളിലും പോളിംഗില്‍ അപ്രതീക്ഷിത കുറവുണ്ടായി.കൊടി വിവാദത്തെ തുടര്‍ന്ന് ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകരും അനുഭാവികളും പലയിടത്തും സജീവമല്ലായിരുന്നു. രാവിലെ കനത്ത പോളിംഗിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ച ബൂത്തുകളില്‍ നീണ്ട വരികള്‍ ഉച്ചക്ക് ശേഷം മന്ദഗതിയിലായി. രണ്ടുമാസക്കാലമാണ് ഇടതുപക്ഷം ആനിരാജയെന്ന മികച്ച സ്ഥാനാര്‍ത്ഥിയുമായി മണ്ഡലം കയ്യടക്കിയ പ്രചാരണപരിപാടികള്‍ നടത്തിയത്.

ALSO READ:‘പത്മജ പരസ്യ സംവാദത്തിന് തയ്യാറാകണം’; വെല്ലുവിളിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍

വന്യജീവി സംരക്ഷണ നിയമ ഭേദഗതി മുതല്‍ പൗരത്വ നിയമം വരെ പ്രചാരണ വിഷയങ്ങളായപ്പോള്‍ താരതമ്യേന ദുര്‍ബലമായ പ്രചാരണമായിരുന്നു യു ഡി എഫിന്റേത്.2019 ലെ സാഹചര്യമല്ലെന്ന് വിലയിരുത്തിയ കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയെ പരമാവധി പ്രചാരണത്തിനെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും രാഹുല്‍ എത്തിയത് രണ്ട് തവണയാണ്.മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കളേയും പ്രിയങ്ക ഗാന്ധിയേയും പ്രചാരണത്തിനിറക്കിയെങ്കിലും ഇളക്കങ്ങളുണ്ടായില്ല. കൊടി വിവാദം കത്തിയതോടെ ലീഗില്‍ രൂപപ്പെട്ട ആഭ്യന്തര രാഷ്ട്രീയ ചര്‍ച്ചകള്‍ പ്രാദേശിക തലങ്ങളിലും ശക്തമായിരുന്നു.കഴിഞ്ഞ തവണ മികച്ച പോളിംഗ് നടന്ന ലീഗ് കേന്ദ്രങ്ങളില്‍ ഇത്തവണ അതുണ്ടായില്ല.പൗരത്വ നിയമമുള്‍പ്പെടെയുള്ള വിഷയങ്ങളിലെ കോണ്‍ഗ്രസ് നിലപാടും അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന ന്യൂനപക്ഷ വോട്ടുകളെ ബാധിച്ചു.

65 ശതമാനത്തോളം വോട്ട് നേടിയാണ് 2019ല്‍ രാഹുല്‍ വിജയിച്ചതെങ്കില്‍ ജയിക്കും ഭൂരിപക്ഷം കുറയും എന്ന മുന്‍കൂര്‍ ജാമ്യത്തിലായിരുന്നു യു ഡി എഫ് പ്രചാരണം തന്നെ. കെ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് കഴിഞ്ഞ തവണത്തെ 79000 വോട്ടുകളില്‍ നിന്ന് നിലമെച്ചപ്പെടുത്താമെന്ന് കരുതിയ ബിജെപിക്കും കാര്യമായ മുന്നേറ്റമുണ്ടാക്കാനായില്ലെന്നാണ് വിലയിരുത്തല്‍.വര്‍ഗീയ പരാമര്‍ശങ്ങളും കിറ്റ് വിവാദവും പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ അവരെ പിന്നോട്ടടിപ്പിച്ചു.

ALSO READ:കാസര്‍ഗോഡ് എല്‍ഡിഎഫ് തിരിച്ചുപിടിക്കും, വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യിക്കാന്‍ കഴിഞ്ഞു: എംവി ബാലകൃഷ്ണന്‍ മാസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News