29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി 50 ലോക ചലച്ചിത്രാചാര്യൻമാർക്ക് ആദരമർപ്പിച്ചുള്ള ‘സിനിമ ആൽക്കെമി: എ ഡിജിറ്റൽ ആർട്ട് ട്രിബ്യൂട്ട്’ എക്‌സിബിഷൻ ഐ.എഫ്.എഫ്.കെയിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ജേതാവ് ആൻ ഹുയി ഉദ്ഘാടനം ചെയ്തു. പ്രശസ്ത സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ ടി.കെ രാജീവ് കുമാർ ക്യൂറേറ്ററാകുന്ന പ്രദർശനത്തിൽ കലാസംവിധായകനും ചലച്ചിത്രകാരനുമായ റാസി മുഹമ്മദിന്റെ 50 ഡിജിറ്റൽ പെയിന്റിങ്ങുകളാണു പ്രദർശിപ്പിക്കുന്നത്.
ഇന്ന് രാവിലെ 11നു മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്റർ പരിസരത്തുള്ള പ്രദർശന വേദിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി.അജോയ്, കെ.എസ്.എഫ്.ഡി.സി. ചെയർമാൻ ഷാജി എൻ. കരുൺ, ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടർ എച്ച്. ഷാജി എന്നിവർ സംസാരിച്ചു.
അകിര കുറൊസാവ, അലൻ റെനെ, ആൽഫ്രഡ് ഹിച്ച്കോക്ക്, തർക്കോവ്സ്‌കി, അടൂർ ഗോപാലകൃഷ്ണൻ, ജി. അരവിന്ദൻ, കെ.ജി.ജോർജ്, ആഗ്നസ് വർദ, മാർത്ത മെസറോസ്, മീര നായർ തുടങ്ങി 50 ചലച്ചിത്രപ്രതിഭകൾക്ക് ആദരമർപ്പിക്കുന്നതാണു പ്രദർശനം. ഡിജിറ്റൽ ചിത്രകലയും ചലച്ചിത്രകലയും സമന്വയിക്കുന്ന ഈ അപൂർവ ദൃശ്യവിരുന്നു കാണാനായി നിരവധി പേരാണു പ്രദർശനവേദിയിൽ എത്തിച്ചേർന്നത്. ഓരോ ചലച്ചിത്രാചാര്യൻമാരുടെയും സവിശേഷമായ സിനിമാസമീപനത്തെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ചകൾ പകരുന്ന പ്രദർശനത്തിൽ സറിയലിസത്തിന്റെയും ഹൈപ്പർ റിയലിസത്തിന്റെയും ദൃശ്യസാധ്യതകൾ സമർത്ഥമായി സംയോജിപ്പിച്ചിരിക്കുന്നു.
എല്ലാ കാലഘട്ടത്തെയും അടയാളപ്പെടുത്തുന്നതാണ് ഓരോ ചിത്രമെന്നും കാലഘട്ടത്തിനനുസരിച് സാങ്കേതികവിദ്യയിൽ വരുന്ന മാറ്റങ്ങളുടെ പ്രതിഫലനം കൂടിയാണ് പ്രദർശനമെന്നും ആൻ ഹുയി അഭിപ്രായപ്പെട്ടു. ഇത്രയും നാളത്തെ പരിശ്രമങ്ങൾ ഇവിടം വരെ എത്തിനിൽക്കുന്നതിൽ സന്തോഷമുണ്ടെന്നും വിദ്യാർഥികൾ, സിനിമ പ്രേമികൾ തുടങ്ങി നിരവധിപേർ പ്രദർശനം കാണാൻ വരുന്നുണ്ടെന്നും അവരുടെ പ്രതികരണങ്ങൾ അറിയാനുള്ള ആകംഷയാണ് ഇപ്പോഴുള്ളതെന്നും ടി.കെ. രാജീവ് കുമാർ പറഞ്ഞു.
also read: ഐഎഫ്എഫ്കെ: മൂന്നാം ദിനം 67 ചിത്രങ്ങൾ പ്രദർശനത്തിന്; ആൻ ഹുയിയുമായി സരസ്വതി നാഗരാജൻ സംവദിക്കും
ഈ ഒരു പ്രദർശനം വർഷങ്ങളായി മനസ്സിലുണ്ടായിരുന്ന ആശയമായിരുന്നെന്ന് റാസി മുഹമ്മദ് പറഞ്ഞു. കഴിഞ്ഞ ഒൻപത് മാസങ്ങൾ കൊണ്ടാണ് ഇത്രയും ചിത്രങ്ങൾ പൂർത്തിയാക്കിയത്. അഞ്ചു സോഫ്ട്‌വെയറുകൾ ഉപയോഗിച്ചാണ് ഓരോ ചിത്രവും നിർമിച്ചിരിക്കുന്നത്. നിർമിതബുദ്ധിയുടെ സാധ്യതകളും ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here