ബിജെപിയിൽ നിന്ന് സിനിമാ താരങ്ങളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ബിജെപിക്ക് വേണ്ടി ശക്തമായി വാദിച്ചിരുന്ന അലി അക്ബറാണ് അവസാനമായി പാർട്ടിയിൽ നിന്ന് രാജിവെച്ചത്. സ്വാതന്ത്ര്യ അഭിപ്രായങ്ങൾക്ക് ബിജെപിയിൽ സ്ഥാനമില്ലെന്നാണ് അലി അക്ബറുടെ ആരോപണം. ഒരു കലാകാരൻ എന്ന നിലയിൽ പലപ്പോഴും സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയേണ്ടിവരും, ബിജെപിയിലെത്തിയ ശേഷം ഇതിനു കഴിയാറില്ലെന്ന് അലി അക്ബർ പറഞ്ഞു. ഇനി ഒരു രാഷ്ട്രീയ പ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കാനില്ല, ഹിന്ദു ധർമത്തോടൊപ്പം നിലനിൽക്കുമെന്നും അലി അക്ബർ വ്യക്തമാക്കി.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഇമെയിൽ വഴി രാജിക്കത്ത് കൈമാറുകയായിരുന്നു. തല മൊട്ടയടിച്ച ചിത്രത്തിനൊപ്പമാണ് താൻ ബിജെപി ബന്ധം ഉപേക്ഷിച്ചുവെന്ന കാര്യം അലി അക്ബർ അറിയിച്ചത്.
ബിജെപി സംസ്ഥാന അംഗമായിരുന്ന അലി അക്ബർ സുരേഷ് ഗോപിക്കും കൃഷ്ണകുമാറിനുമൊപ്പം സിനിമാരംഗത്തു നിന്നുള്ള ബിജെപിയുടെ സജീവ പ്രവർത്തകനായിരുന്നു. ജൂൺ മൂന്നിനാണ് അദ്ദേഹം പാർട്ടിയിൽ നിന്ന് രാജിവെച്ചത്. കലാകാരന് പ്രവർത്തിക്കാൻ സ്വാതന്ത്ര്യമില്ലാത്ത പാർട്ടിയാണ് ബിജെപിയെന്ന് നേരത്തെ രാജിവെച്ച സംവിധായകന്‍ രാജസേനനും ഉന്നയിച്ചിരുന്നു. കേരളത്തിലെ ബിജെപി അത്ര പോരെന്നും അതിനാൽ ഇനി മുതൽ സിപിഐഎമ്മുമായി ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനമെന്നുമാണ് രാജസേനൻ അറിയിച്ചത്. കൂടെയുണ്ടായിരുന്ന പലർക്കും പാർട്ടിയിൽ സ്ഥാനക്കയറ്റം കിട്ടിയപ്പോഴും നേതൃത്വം തന്നെ അവഗണിച്ചുവെന്നാണ് രാജസേനന്‍ മാധ്യമങ്ങളോട് പറഞ്ഞത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്ററുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് സിപിഐഎമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ രാജസേനൻ തീരുമാനിച്ചത്.
രാജസേനന് പിന്നാലെ ബിജെപിയുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന നടന്‍ ഭീമൻ രഘുവും പാർട്ടി വിടുകയാണെന്ന് അറിയിച്ചു. 2016- ൽ പത്തനാപുരത്തെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു ഭീമൻ രഘു. ബിജെപിയുടെ രാഷ്ട്രീയത്തോടുള്ള താല്പര്യം നഷ്ടപ്പെട്ടുവെന്നാണ് ഭീമൻ രഘുവിന്‍റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയാൽ ഉടന്‍ പാർട്ടി പ്രവേശനത്തെക്കുറിച്ച് നേരിൽ കണ്ട് സംസാരിക്കാനാണ് തീരുമാനമെന്ന് ഭീമൻ രഘു മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here