പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് ഗാന്ധിമതി ബാലന്‍ അന്തരിച്ചു

പ്രമുഖ നിർമ്മാതാവും വിതരണക്കാരനുമായ ഗാന്ധിമതി ബാലൻ അനന്തരിച്ചു. വാർദ്ധക്യസഹജ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ വൈകിട്ട് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. ക്ലാസ്സിക്‌ സിനിമകളുടെ നിർമ്മാതാവായാണ് ഗാന്ധിമതി ബാലൻ അറിയപ്പെടുന്നത്.

വാർദ്ധക്യ സഹജമായ അസുഖങ്ങളാൾ ചികിത്സയിലായിരുന്ന ഗാന്ധിമതി ബാലൻ ക‍ഴിഞ്ഞ ദിവസം വീണ് നട്ടെല്ല് പൊട്ടിയതിനെ തുടർന്ന് ആരോഗ്യം തീർത്തും മോശമാകുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെയോടെ മരണപ്പെട്ടു. നാളെ രാവിലെയാകും മൃതദേഹം ആശുപത്രിയിൽ നിന്നും വ‍ഴുതക്കാട്ടെ വീട്ടിലേക്ക് കൊണ്ട് പോകുക. പൊതുദർശനത്തിന് ശേഷം വൈകീട്ട് തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം നടക്കും.

ക്ലാസ്സിക്‌ മലയാള സിനിമകളുടെ നിർമ്മാതാവും വിതരണക്കാരനുമായാണ് ഗാന്ധിമതി ബാലനെ അടയാളപ്പെടുത്തുന്നത്. ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനുമായിരുന്നു. 2015ൽ ദേശീയ ഗെയിംസ് ചീഫ് ഓർഗനൈസറായിരുന്നു. ആദ്യ സിനിമയായ ഇത്തിരി നേരം ഒത്തിരി കാര്യത്തിലൂടെ തന്നെ മലയാള സിനിമയിൽ സാന്നിധ്യമറിയിച്ച വ്യക്തി കൂടിയാണ് ബാലൻ. ആദാമിന്‍റെ വാരിയെല്ല് , പഞ്ചവടി പാലം , മൂന്നാം പക്കം , തൂവാനത്തുമ്പികൾ , സുഖമോ ദേവി , മാളൂട്ടി , മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, ഈ തണുത്ത വെളുപ്പാൻ കാലത്ത്, പത്താംമുദയം തുടങ്ങിയ 30ൽ പരം ചിത്രങ്ങളുടെ നിർമാണവും വിതരണവും നിർവഹിച്ചു.

63-ാം വയസിൽ ആലിബൈ എന്ന പേരിൽ സൈബർ ഫോറെൻസിക് സ്റ്റാർട്ട് അപ്പ് കമ്പനി സ്ഥാപിച്ച് രാജ്യത്തെ ഒട്ടു മിക്ക കുറ്റാന്വേഷണ ഏജൻസികൾക്കും സൈബർ ഇന്റലിജൻസ് സേവനം നൽകുന്ന സ്ഥാപനം ആയി അദ്ദേഹം വളർത്തി. മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ വ്യക്തി കൂടിയാണ് ബാലൻ.
പത്തനംതിട്ട ഇലന്തൂർ കാപ്പിലാണ് സ്വദേശം. എന്നാൽ തിരുവനന്തപുരം പ്രവർത്തന മേഖല ആക്കിയിട്ടു 40 വർഷത്തിലേറെയായി.

ഒരു കാലത്ത് മോഹൻലാലിനെയും മമ്മൂട്ടിയേയും വെച്ച് ഒരേ പോലെ ഏറ്റവും കൂടുതൽ സിനിമ ചെയ്ത നിർമാതാവ് എന്ന ഖ്യാതിയും അദ്ദേഹത്തിന് സ്വന്തം. അനശ്വര സംവിധായകൻ പത്മരാജന്റെ കൂടെയാണ് അദ്ദേഹം ഏറ്റവും കൂടുതൽ പടങ്ങൾ ചെയ്തത്. പദ്മരാജന്‍റെ ആകസ്മിക മരണം സിനിമയിൽ നിന്നും പിൻവാങ്ങുന്നതിൽ  ഒരു കാരണമായി. ചലച്ചിത്ര മേഖല കൂടാതെ സാഹിത്യ , സാമൂഹിക, സാംസ്‌കാരിക വേദികളിലെ നിറ സാന്നിധ്യം കൂടിയായിരുന്നു അദ്ദേഹം. വലിയ സുഹൃത്ത് വലയത്തിന് ഉടമ കൂടിയായിരുന്നു എല്ലാവരുടെയും പ്രിയപ്പെട്ട ബാലൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News