കേന്ദ്ര ബജറ്റില്‍ കേരളത്തിന്‌ പ്രത്യേക പാക്കേജും, വയനാടിന്‌ സഹായവും പ്രഖ്യാപിക്കണം ആവശ്യം ആവർത്തിച്ച്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ

KN Balagopal

അടുത്ത സാമ്പത്തിക വർഷത്തേയ്‌ക്കുള്ള കേന്ദ്ര ബജറ്റിൽ കേരളത്തിനും പ്രത്യേക സാമ്പത്തിക പാക്കേജും, വയനാട്‌ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന്‌ പ്രത്യേക സഹായവും പ്രഖ്യാപിക്കണമെന്ന്‌ സംസ്ഥാനം ആവശ്യപ്പെട്ടു. കേന്ദ്ര ബജറ്റ്‌ തയ്യാറാക്കലിന്‌ മുന്നോടിയായി കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ വിളിച്ചുചേർത്ത യോഗത്തിലാണ്‌ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ കേരളത്തിന്റെ ആവശ്യങ്ങൾ മുന്നോട്ടുവച്ചത്‌.

കേരളത്തിന്‌ 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്‌ പ്രഖ്യാപിക്കണമെന്ന്‌ ധനമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ റവന്യുച്ചെലവിന്റെ 64 ശതമാനവും സ്വന്തം വരുമാനത്തിൽനിന്നാണ്‌ കണ്ടെത്തുന്നത്‌. എന്നാൽ, അഖിലേന്ത്യാ ശരാശരി 54 ശതമാനമാണ്‌. ജിഎസ്‌ടി നഷ്ടപരിഹാരവും റവന്യു കമ്മി ഗ്രാന്റും അവസാനിപ്പിക്കൽ, പബ്ലിക്‌ അക്കൗണ്ടിലെ നീക്കിയിരിപ്പിന്റെയും സർക്കാർ സംരംഭങ്ങളുടെ വായ്‌പയുടെയും പേരിൽ സംസ്ഥാനത്തിന്റെ കടമെടുക്കൽ അവകാശം വെട്ടിക്കുറയ്‌ക്കൽ, നികുതി ഉണ്ടായ വലിയ കുറവ്‌ എന്നിവ മൂലം സംസ്ഥാനം നേരിടുന്ന വലിയ സാമ്പത്തിക ബുദ്ധിമുട്ടും പണ ക്ഷാമവും പരിഹരിക്കാൻ അടുത്ത രണ്ട്‌ വർഷത്തിനുള്ളിൽ ലഭ്യമാകുന്ന നിലയിലുള്ള പ്രത്യേക പാക്കേജ്‌ അനുവദിക്കണം. കഴിഞ്ഞ ജൂണിൽ നടന്ന പ്രീബജറ്റ്‌ ചർച്ചയിൽ ഉന്നയിച്ച പ്രത്യേക പാക്കേജ്‌ ആവശ്യം കേന്ദ്രം പരിഗണിക്കാഞ്ഞതും ധനമന്ത്രി കെ എൻ ബാലഗോപാൽ ചുണ്ടിക്കാട്ടി. ജിഎസ്‌ടി സമ്പ്രദായം പുർണസജ്ജമാകുന്നതുവരെ ജിഎസ്‌ടി നഷ്ടപരിഹാര വ്യവസ്ഥ തുടരണം.

Also Read: ’29-ാമത് IFFK മികച്ച ദൃശ്വാനുഭവം നൽകി; മേള ഐക്യത്തിൻ്റെയും ഒരുമയുടെയും വേദിയായി മാറി’: മുഖ്യമന്ത്രി

വയനാട്‌ പുനരധിവാസ പ്രവർത്തനങ്ങൾക്ക്‌ 2000 കോടി രുപയുടെ പ്രത്യേക പാക്കേജ്‌ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിക്കണം. ദുരന്ത ബാധിതർക്കായി വീടുകളും സ്‌കൂളുകളും ആരോഗ്യ കേന്ദ്രങ്ങളും അവശ്യം അടിസ്ഥാന സൗകര്യങ്ങളുമടക്കമുള്ള ടൗൺഷിപ്പ്‌ നിർമ്മാണത്തിന്‌ ഈ പാക്കേജ്‌ അവശ്യമാണ്‌.

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ തുടർ വികസന പ്രവർത്തനങ്ങൾക്കായി 5000 കോടി രൂപയുടെ പ്രത്യേക പാക്കേജ്‌ അനുവദിക്കണം. തുറമുഖത്തേയ്ക്കുള്ള റെയിൽപാത, തുറമുഖം അധിഷ്ഠിത വ്യവസായ ഇടനാഴി, മാരിടൈം ക്ലസ്‌റ്റർ, ഗ്രീൻ ഹൈട്രജൻ ഹബ്ബ്‌, സീഫുഡ്‌ പാർക്ക്‌, ലോജസ്‌റ്റിക്‌ ആൻഡ്‌ ഫിഷ്‌ ലാൻഡിങ്‌ സെന്റർ തുടങ്ങിയ പദ്ധതികളിലൂടെ മാത്രമേ വിഴിഞ്ഞം തുറമുഖത്തിന്റെ പുർണ പ്രയോജനം രാജ്യത്ത്‌ ഉപയുക്തമാകൂ. ഇതിന്‌ സർക്കാർ മേഖലയിൽ വലിയ നിക്ഷേപം ആവശ്യമാണെന്നും മന്ത്രി കെ എൻ ബാലഗോപാൽ ചൂണ്ടിക്കാട്ടി.
അടുത്ത സാമ്പത്തിക വർഷം കേരളത്തിന്റെ കടമെടുപ്പ്‌ പരിധി 3.5 ശതമാനമാക്കി ഉയർത്തണം. ഈ വർധന ഉപാധിരഹിതമാക്കണം. ഊർജ മേഖലയിലെ പരിഷ്‌കരണങ്ങൾക്കായി അനുവദിച്ച അര ശമാനം അധിക വായ്‌പാനുമതി അടുത്ത സാമ്പത്തിക വർഷവും തുടരണം.

Also read: സപ്ലൈകോ ക്രിസ്തുമസ് – ന്യു ഇയര്‍ ഫെയര്‍ സംസ്ഥാനതല ഉദ്ഘാടനം നാളെ

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ സംസ്ഥാന വിഹിതം ഉറപ്പാക്കുന്നതിന്‌ മിക്ക സംസ്ഥാനങ്ങൾക്കും കടമെടുക്കേണ്ട സ്ഥിതിയാണുള്ളത്‌. ഇങ്ങനെ സംസ്ഥാനങ്ങൾ എടുക്കുന്ന വായ്‌പയെ കടമടുപ്പ്‌ പരിധിയിൽനിന്ന്‌ ഒഴിവാക്കണം. സർക്കാർ സ്ഥാപനങ്ങളും കമ്പനികളും സംസ്ഥാന സർക്കാരിന്റെ ഉറപ്പിൽ എടുക്കുന്ന വായ്‌പകളെ സംസ്ഥാനത്തിന്റെ കടമെടുപ്പ്‌ പരിധിയിൽ ഉൾപ്പെടുത്തുന്ന കേന്ദ്ര നിലപാട്‌ തിരുത്തണം.
ദേശീയപാതാ വികസനത്തിന്‌ ഭുമി ഏറ്റെടുക്കുന്നതിന്‌ 25 ശതമാനം ചെലവ്‌ വഹിക്കണമെന്ന കേന്ദ്ര നിബന്ധന പാലിക്കാനായി കിഫ്‌ബി വായ്‌പ എടുത്തുനൽകിയ തുക സംസ്ഥാനത്തിന്റെ വായ്‌പാ പരിധിയിൽനിന്ന്‌ വെട്ടിക്കുറച്ചു. ഇത്‌ പരിഹരിക്കാൻ ഈ വർഷം 6,000 കോടി രൂപ അധികമായി വായ്‌പ എടുക്കാൻ അനുവദിക്കണം.

മുലധനച്ചെലവ്‌ ഉറപ്പാക്കാനായി കേന്ദ്ര സർക്കാർ നൽകുന്ന കാപ്പെക്‌സ്‌ വായ്‌പ അനുവദിക്കുന്നതിന്‌ ബ്രാൻഡിങ്‌ വ്യവസ്ഥകൾ അടിച്ചേൽപ്പിക്കുന്ന രീതി പുന:പരിശോധിക്കണം. കേന്ദ്ര സർക്കാരിന്റെ വെഹിക്കിൾ സ്‌ക്രാപ്പിങ്‌ പോളിസിയുടെ സംസ്ഥാന സർക്കാരിന്റെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള വാഹനങ്ങളിൽ 15 വർഷ കാലാവധി പൂർത്തിയാക്കിയവയ്‌ക്ക്‌ പകരം വാഹനങ്ങൾ ഉറപ്പാക്കാൻ 800 കോടി രൂപയുടെ പ്രത്യേക പാക്കേജ്‌ അനുവദിക്കണം.

പ്രവാസ കേരളീയരുടെയും, മടങ്ങിയെത്തുന്ന പ്രവാസികളുടെയും ക്ഷേമ പ്രവർത്തനങ്ങൾക്കായി പ്രവർത്തിക്കുന്ന കേരള നോൺ-റെസിഡന്റ്‌ കേരളൈറ്റ്‌സ്‌ വെൽഫെയർ ബോർഡിന്റെ പ്രവർത്തനങ്ങൾ ശാക്തീകരിക്കുന്നതിനായി 300 കോടി രൂപ കേന്ദ്ര ബജറ്റിൽ വകയിരുത്തണം. മുതിർന്ന ജനവിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന്‌ കേരളം തയ്യാറാക്കിയിട്ടുള്ള പദ്ധതിക്ക്‌ കേന്ദ്ര ബജറ്റിൽ 3,940 കോടി രൂപ ലഭ്യമാക്കണം.

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ ശാശ്വത പരിഹാരത്തിനായി മുന്നോട്ടുവയ്‌ക്കുന്ന പദ്ധതിക്ക്‌ 4,500 കോടി രൂപ ഇത്തവണ കേന്ദ്ര ബജറ്റിൽ കേരളത്തിനായി നീക്കിവയ്‌ക്കണം. കേരളത്തിന്റെ തീരദേശ ശോഷണ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാൻ 11,650 കോടി രൂപയുടെ സമഗ്ര പദ്ധതി ആവശ്യമാണ്‌. ഇതിലേക്ക്‌ അടുത്ത സാമ്പത്തിക വർഷം കേന്ദ്ര ബജറ്റിൽ 2329 കോടി രുപ വകയിരുത്തണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികൾക്ക്‌ സുരക്ഷിത വീട്‌ ഉറപ്പാക്കുന്ന പുനർഗേഹം പുനധിവാസ പദ്ധതിക്കായി 186 കോടി രൂപകൂടി ആവശ്യമാണെന്നത്‌ ധനമന്ത്രി ചൂണ്ടിക്കാട്ടി. മത്സ്യബന്ധന തുറമുഖങ്ങളുടെ നവീകരണത്തിന്‌ 500 കോടി ലഭ്യമാക്കണം. തിരുവനന്തപുരം ആർസിസിയുടെ വികസനത്തിന്‌ 1293 കോടി രൂപയുടെ പദ്ധതിക്ക്‌ അംഗീകാരം ഉറപ്പാക്കണം.
മനുഷ്യ-മൃഗ സംഘർഷം അതീവഗുരുതര പ്രശ്‌നമായി മാറുന്ന സാഹചര്യത്തിൽ പരിഹാര പദ്ധതികൾക്കായി 1000 കോടി രൂപ അനുവദിക്കണം.
റബറിന്‌ താങ്ങുവില ഉറപ്പാക്കാൻ 1000 കോടി രൂപയുടെ വില സ്ഥിരതാ ഫണ്ട്‌ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിക്കണം. തേയില, കാപ്പി, സുഗന്ധ വ്യജ്ഞനങ്ങൾ തുടങ്ങിയവയുടെ തോട്ടം നവീകരണത്തിനും, വില സ്ഥിരത ഉറപ്പാക്കാനും കയറ്റുമതി സാധ്യതകൾ വികസിപ്പിക്കുന്നതിനും പ്രത്യേക പക്കേജ്‌ ഉൾപ്പെടുത്തണം.

നെല്ല്‌ സംഭരണവുമായി ബന്ധപ്പെട്ട സപ്ലൈകോ ബാധ്യത തീർക്കാനും സംഭരണ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും 2000 കോടി രൂപ അനുവദിക്കണം. നെല്ല്‌ സംഭരണവുമായി ബന്ധപ്പെട്ട കേന്ദ്രാവിഷ്‌കൃത പദ്ധതിയിലെ കേന്ദ്ര വിഹിതം 60 ശതമാനത്തിൽനിന്ന്‌ 75 ശതമാനമായി ഉയർത്തണം.

ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട പിഎം-ഉഷ പദ്ധതിയിൽ കേരളം സമർപ്പിച്ച 2117 കോടി രൂപയുടെ പദ്ധതി നിർദേശങ്ങൾക്ക്‌ അംഗീകാരം ഉറപ്പാക്കണം.

നിർദ്ദിഷ്ട സിൽവർലൈൻ പദ്ധതി, റാപ്പിഡ്‌ ട്രാൻസിറ്റ്‌ പദ്ധതികൾ, അങ്കമാലി-ശബരി, നിലമ്പുർ-നഞ്ചൻകോട്‌, തലശേരി-മൈസുരു റെയിൽപാതകൾ നിർദ്ദേശങ്ങൾക്ക്‌ അർഹമായ പരിഗണന ബജറ്റിൽ ഉണ്ടാകണം.

കശുവണ്ടി, കയർ, കൈത്തറി ഉൾപ്പെടെ പരമ്പരാഗത വ്യവസായങ്ങളുടെ നവീകരണം, ആശ, അങ്കണവാടി ഉൾപ്പെടെ സ്‌കീം തൊഴിലാളികളുടെ ഹോണറേറിയം, സാമൂഹ്യസുരക്ഷാ പെൻഷനിൽ കേന്ദ്ര വിഹിതം, സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ പാചകച്ചെലവ്‌, തൊഴിലുറപ്പ്‌ തൊഴിലാളികളുടെ കൂലി, പാവപ്പെട്ടവർക്കുള്ള ഭവന പദ്ധതികളുടെ കേന്ദ്ര വിഹിതം തുടങ്ങിയവ വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. എയിംസ്‌ അടക്കമുള്ള മറ്റ്‌ ആവശ്യങ്ങൾ ഇത്തവണയെങ്കിലും പരിഗണിക്കണമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രിയോട്‌ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News