ഹിമാചല്‍ പ്രദേശില്‍ ആദ്യമായി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി. മാസത്തിന്റെ ആദ്യ ദിവസം സര്‍ക്കാര്‍ ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടില്‍ ശമ്പളം എത്തിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശമ്പളം വൈകുന്നത് രണ്ട് ലക്ഷത്തിലധികം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ശമ്പളം വൈകുന്നുണ്ടെങ്കിലും, എപ്പോള്‍ ശമ്പളം വിതരണം ചെയ്യുമെന്നതിനെക്കുറിച്ച് സര്‍ക്കാരില്‍ നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ ജീവനക്കാര്‍ പറയുന്നത്. അതേസമയം സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിക്ക് കാരണം മുന്‍ ബിജെപി സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു കുറ്റപ്പെടുത്തി.
സംസ്ഥാന നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍, മുന്‍ ബിജെപി സര്‍ക്കാര്‍ സൗജന്യമായി കുറേ കാര്യങ്ങള്‍ ചെയ്തതാണ് സാമ്പത്തിക കുഴപ്പത്തിന് കാരണമെന്ന് സുഖു കുറ്റപ്പെടുത്തി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഉടന്‍ ശരിയാകുമെന്ന് അദ്ദേഹം സഭയ്ക്ക് ഉറപ്പ് നല്‍കി.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി തന്റെ സര്‍ക്കാര്‍ വിവിധ നവീകരണ നടപടികള്‍ സ്വീകരിക്കുന്നതായി സുഖ്വീന്ദര്‍ സിംഗ് സുഖു പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
2027-ഓടെ ഹിമാചല്‍ പ്രദേശിനെ സാമ്പത്തികമായി ഉയര്‍ത്താനും
2032-ഓടെ രാജ്യത്തെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാക്കാനുമാണ് എന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഊന്നല്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് സാമ്പത്തിക കുഴപ്പങ്ങളൊന്നുമില്ലെന്നും ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കുടിശ്ശിക കിട്ടുന്നുണ്ടെന്നും 75 വയസ്സിന് മുകളിലുള്ള 28,000 പെന്‍ഷന്‍കാരുടെ കുടിശ്ശിക അനുവദിച്ചുവെന്നും സര്‍ക്കാര്‍ വിവിധ നവീകരണ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി നേതാക്കളോട് അവരുടെ വസ്തുതകള്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ട സുഖു, രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി, ഡ്രോണുകള്‍ വഴിയുള്ള ചാരപ്പണി, മദ്യവില്‍പ്പന ശാലകള്‍ ലേലം ചെയ്തതിലെ ക്രമക്കേട് തുടങ്ങിയ ആരോപണങ്ങള്‍ തെറ്റാണെന്നും പറഞ്ഞു.
ആരോഗ്യ-വിദ്യാഭ്യാസ മേഖലകള്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും മുന്‍ സര്‍ക്കാര്‍ യുക്തിരഹിതമായാണ് സബ്സിഡികള്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതിയുടെയും വെള്ളത്തിന്റെയും ബില്ലുകള്‍ അടയ്ക്കാന്‍ കഴിവുള്ളവര്‍ സബ്സിഡി എടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here