ശബരിമല സന്നിധാനത്ത് മൂര്‍ഖന്‍ പാമ്പ്; ആദ്യം കണ്ടത് ജീവനക്കാര്‍, ഒടുവില്‍ പിടികൂടി

ശബരിമല സന്നിധാനത്ത് നിന്ന് വലിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. സന്നിധാനം ദേവസ്വം മെസ്സിന് സമീപത്തു നിന്നാണ് മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയത്. വെള്ളി വൈകിട്ട് 4നാണ് പാമ്പിനെ പിടികൂടിയത്. താല്‍ക്കാലിക ജീവനക്കാര്‍ ആദ്യം പാമ്പിനെ കാണുകയും തുടര്‍ന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ജീവനക്കാര് പാമ്പിനെ പിടികൂടുകയുമായിരുന്നു.

അതേസമയം മണ്ഡലകാലം ആരംഭിച്ച് 14 ദിവസം പിന്നിടുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഭക്തജനത്തിരക്ക് വര്‍ധിച്ചിട്ടും സുഗമമായ ദര്‍ശനം ഉറപ്പാക്കാനായത് നേട്ടമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത് പറഞ്ഞു. ഇരുപത്തിലധികമുള്ള വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും സംയുക്തപ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഇതിന് കാരണം. മുഖ്യമന്ത്രിയും മന്ത്രിമാരും നല്‍കിയ പിന്തുണയും നിര്‍ണായകമായെന്ന് അദ്ദേഹം പറഞ്ഞു. സന്നിധാനം കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോര്‍ഡ് അംഗങ്ങളായ അഡ്വ. എ അജികുമാര്‍, ജി സുന്ദരേശന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. പത്ത് ലക്ഷത്തിലധികം ഭക്തരാണ് സീസണ്‍ ആരംഭിച്ചതിനു ശേഷം ശബരിമലയിലെത്തിയത്. ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത് വ്യാഴാഴ്ചയായിരുന്നു. 87999 പേരാണ് ഈ ദിവസം ദര്‍ശനത്തിനെത്തിയത്.

കഴിഞ്ഞ മണ്ഡലകാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആദ്യത്തെ 12 ദിവസത്തെ കണക്കുകള്‍ അനുസരിച്ച് 15 കോടി 89 ലക്ഷത്തി 12575രൂപയുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 630114111 രൂപയാണ് ആകെ വരുമാനം. അപ്പം, അരവണ വില്‍പ്പനയിലും വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ മണ്ഡലകാലത്ത് 12-ാം ദിവസം വരെ അപ്പം വില്പന വഴി ലഭിച്ചത് 31399245 രൂപയും ഈ തീര്‍ത്ഥാടന കാലത്ത് അപ്പം വില്പനവരവ് 35328555 രൂപയുമാണ്. അപ്പം വില്പനയില്‍ 3929310 രൂപയുടെ അധിക വരുമാനമാണ് കഴിഞ്ഞ വര്‍ഷത്തെ (12-ാം ദിവസം വരെ) അപേക്ഷിച്ച് ഇത്തവണ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് (12-ാം ദിവസം വരെ) അരവണ വില്പനയിലൂടെ ലഭിച്ചത് 194051790 രൂപയാണ് . ഇത്തവണ 289386310 രൂപയാണ് അരവണ വില്പനയിലൂടെ ലഭിച്ചത്. അരവണ വില്പനയിലൂടെ 95334520 രൂപയുടെ അധിക വരുമാനമാണ് കഴിഞ്ഞ മണ്ഡലകാലത്തെ (12-ാം ദിവസം വരെ) അപേക്ഷിച്ച് ഇത്തവണ ഉണ്ടായിരിക്കുന്നത്.

Also Read : http://ലണ്ടനില്‍ നിന്ന് കേരളം കാണാന്‍ വിന്റേജ് കാറുകളില്‍ എത്തിയത് 51 പേര്‍; മനോഹര റോഡിലൂടെയുള്ള യാത്രാ വീഡിയോ പങ്കുവെച്ച് മന്ത്രി റിയാസ്

പമ്പനദിയിലെ തുണി ഉപേക്ഷിക്കല്‍ , മാളികപ്പുറത്തെ തേങ്ങഉരുട്ടല്‍ തുടങ്ങിയവ ശബരിമല ആചാരങ്ങളുടെ ഭാഗമല്ലെന്ന് തന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഭക്തജനങ്ങള്‍ക്കിടയില്‍ പരമാവധി ബോധവത്കരണം നടത്തുന്നതിനാണ് ബോര്‍ഡിന്റെ ശ്രമം. മാളികപ്പുറത്തടക്കം ഉദ്യോഗസ്ഥരെ നിയോഗിച്ച് കാര്യങ്ങള്‍ നിയന്ത്രിക്കും. കേരളത്തിനകത്തും പുറത്തുമുള്ള ഗുരുസ്വാമിമാര്‍ക്ക് ഇത് സംബന്ധിച്ച് വിവരങ്ങള്‍ നല്‍കും.

വിര്‍ച്വല്‍ ക്യു വിജയകരമായാണ് നടപ്പാക്കുന്നത്. സ്‌പോട്ട് ബുക്കിങ്ങില്‍ പരമാവധി ഭക്തരെ കടത്തിവിടുന്നതിനായി പമ്പയില്‍ മാത്രം എട്ട് കൗണ്ടറുകളാണ് ആരംഭിച്ചിട്ടുള്ളത്. ഭക്തര്‍ തങ്ങളുടെ ആധാര്‍ കാര്‍ഡ് മാത്രം കയ്യില്‍ കരുതിയാല്‍ മതിയാകുമെന്നും പ്രസിഡന്റ് പറഞ്ഞു.

പതിനെട്ടാം പടിയില്‍ പോലീസിന്റെ ഡ്യൂട്ടി സമയം കുറച്ചതും സന്നിധാനത്തെ ക്രമീകരണങ്ങളും ഭക്തര്‍ക്ക് ഏറ്റവും സുഗമമായ ദര്‍ശനമാണ് ഉറപ്പാക്കുന്നത്.പോലീസിന്റെ ഭാഗത്ത് നിന്നുള്ള സഹായം വിലപ്പെട്ടതാണെന്നും പ്രസിഡന്റ് പറഞ്ഞു. പമ്പയിലും സന്നിധാനത്തും ചരിതത്തിലാദ്യമായി ജര്‍മ്മന്‍ ഹാങ്ങര്‍ ഒരുക്കി ഭക്തര്‍ക്ക് തണലൊരുക്കുന്നുണ്ട്.

ആഗോളഅയ്യപ്പ സംഗമം ഡിസംബര്‍ അവസാന വാരം നടത്താന്‍ ബോര്‍ഡ് ആലോചിക്കുന്നുണ്ടെന്നും ആചാരങ്ങള്‍ സംബന്ധിച്ച് പ്രചാരണം സംഗമത്തിന്റെ പ്രധാന ലക്ഷങ്ങളിലൊന്നണെന്നും പ്രസിഡന്റ് കൂട്ടിചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News