ആശുപത്രിയിൽ കയറി യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി മഹേഷ് എത്തിയത് കൊലപ്പെടുത്തണമെന്ന ഉദേശത്തോടെയെന്ന് എഫ് ഐ ആർ. ലിജിയുടെ കഴുത്തിലും വയറിലും കുത്തി. പ്രതിയെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും.
അങ്കമാലി മൂക്കന്നൂർ എംഎജിജെ ആശുപത്രിയിലാണ് കൊലപാതകം നടന്നത്. സംഭവത്തിൽ നീളത്തിലുള്ള സ്റ്റീൽ കത്തി കയ്യിൽ കരുതിയാണ് മഹേഷ് ആശുപത്രിയിലെത്തിയതെന്നു പൊലീസ് പറഞ്ഞു. സോഡിയം കുറയുന്നതുമായി ബന്ധപ്പെട്ടു ലിജിയുടെ അമ്മ ലില്ലി ഒരാഴ്ചയായി ആശുപത്രിയിലെ രണ്ടാം നിലയിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ALSO READ: മണ്ണിടിച്ചിലും പ്രളയവും,വരനും വധുവും രണ്ടിടത്ത്; ഒടുവിൽ വീഡിയോ കോളിലൂടെ വിവാഹം
അമ്മ തീവ്രപരിചരണവിഭാഗത്തിലായതിനാൽ ഇവർക്കായി എടുത്തിരുന്ന നാലാം നിലയിലെ മുറിയിൽ ആരും ഉണ്ടായിരുന്നില്ല. മഹേഷും ലിജിയും തമ്മിൽ ഏറെ നാളത്തെ പരിചയമുണ്ട്. ഹയർസെക്കൻഡറിക്ക് ഒരുമിച്ചു പഠിച്ചപ്പോൾ മുതലുള്ള പരിചയമാണ്. ഒരുമാസം മുൻപു നടന്ന പഴയ സഹപാഠികളുടെ ഒത്തുചേരലില്‍ ഇവർ കണ്ടിരുന്നു. മഹേഷ് മുറിയിലെത്തി ലിജിയുമായി സംസാരിക്കുന്നതിനിടെ വാക്കുതർക്കമായി.
മഹേഷ് ആക്രമിക്കുമെന്നു തോന്നിയതിനാലാണു ലിജി മുറിക്കു പുറത്തേക്കിറങ്ങിയത്. മുറിയിൽ നിന്നു പുറത്തിറങ്ങി വരാന്തയിലൂടെ കുറച്ചു നീങ്ങിയപ്പോഴേക്കും കയ്യിൽ കരുതിയിരുന്ന കത്തികൊണ്ടു മഹേഷ് കുത്തി. ലിജിക്കു കുത്തേറ്റതിനെ തുടർന്ന് ഒട്ടേറെ ആളുകൾ ഓടിക്കൂടി. കൊലപാതകം നടത്തിയ മഹേഷ് കുറച്ചുനേരം കൂടി പരിസരത്ത് തങ്ങിയ ശേഷം കത്തി തുടച്ച് ആശുപത്രിയുടെ താഴത്തെ നിലയിൽ സന്ദർശകർ ഇരിക്കുന്ന ഭാഗത്തെത്തി ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ കസേരയിലിരുന്നു. ഇതിനിടെ ആശുപത്രി ജീവനക്കാർ ആശുപത്രിയുടെ മുൻവശത്തെ പ്രവേശനകവാടം അടച്ചു. തുടർന്നാണു പൊലീസെത്തി മഹേഷിനെ പിടികൂടിയത്. കയ്യിലെ കത്തി മഹേഷ് പൊലീസിനു കൈമാറുകയും ചെയ്തു.
ALSO READ: റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ തട്ടി റോഡിൽ വീണ പെൺകുട്ടിയുടെ കയ്യിലൂടെ ബസ് കയറിയിറങ്ങി
മഹേഷ് രാവിലെ മുതൽ ആശുപത്രി പരിസരത്തുള്ളതായി ആശുപത്രിയിലെ സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. താഴെ ഫാർമസിയുടെ സമീപമുള്ള കസേരയിലിരുന്ന് മഹേഷ് ഫോൺ ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. ലിജിയെ കൊലപ്പെടുത്തണമെന്നു ലക്ഷ്യമിട്ടാണു കത്തി കയ്യിൽ കരുതിയത്. ആലുവ ഡിവൈഎസ്പി എ പ്രസാദ്, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി വി.എസ്. നവാസ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here