ഹോട്ടലുടമ സിദ്ദിഖിനെ കോഴിക്കോട് വെച്ച് കൊലപ്പെടുത്തിയത് ഹണി ട്രാപ്പിൽ കുടുക്കിയെന്ന് കുറ്റപത്രം. കൊലയ്‌ക്ക് ശേഷം പ്രതികൾ കാറും ഒന്നരലക്ഷം രൂപയും തട്ടിയെടുത്തു. മൂവായിരം പേജുള്ള കുറ്റപത്രം നടക്കാവ് പൊലീസ്, കോഴിക്കോട് കോടതിയിൽ സമർപ്പിച്ചു.
ഹോട്ടൽ ഉടമ തിരൂർ സ്വദേശി സിദ്ദീഖിനെ കൊന്ന് വെട്ടിനുറുക്കി അട്ടപ്പാടി ചുരത്തിൽ തള്ളിയത് ഹണി ട്രാപ്പിൽ പെടുത്തിയെന്നാണ് കുറ്റപത്രം പറയുന്നത്. മുഹമ്മദ് ഷിബിലി, ഫർഹാന എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു ഇവരുടെ ലക്ഷ്യം. കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള ഡി കാസ ഇൻ ലോഡ്ജിൽ രണ്ട് മുറികൾ എടുത്തത് കൊല്ലപ്പെട്ട സിദ്ദീഖാണ്. പ്രതികളായ ഷിബിലിയും ഫർഹാനയും ഇവിടേക്ക് എത്തി. മൂന്നാം പ്രതി ആഷിഖിനെ വിളിച്ച് വരുത്തിയ ശേഷമായിരുന്നു കൊലപാതകം. കഷ്ണങ്ങളാക്കിയ മൃതദേഹം 2 ട്രോളി ബാഗിലാക്കിയാണ് അട്ടപ്പാടി ചുരത്തിൽ തള്ളിയത്.
also read; തിരുവനന്തപുരം പാലോട് 12.5 കിലോ കഞ്ചാവ് പിടികൂടി
ബാഗ് കാറിൽ കയറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. സിദ്ദീഖിന്റെ കാർ തട്ടിയെടുത്ത പ്രതികൾ എടിഎം കാർഡ് വഴി ഒരു ലക്ഷത്തിലധികം രൂപയും സിദ്ദീഖിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പിൻവലിച്ചു. കൊലപാതകം, ഗൂഡാലോചന, തടങ്കലിൽ വെക്കൽ, പണവും വാഹനവും തട്ടിയെടുക്കൽ തുടങ്ങിയ കുറ്റങ്ങൾ പ്രതികൾക്ക് മേൽ ചുമത്തി. കൊലയ്ക്ക് ശേഷം ചെന്നൈയിൽ വച്ചാണ് ഷിബിലിയും ഫർഹാനയും പിടിയിലായത്. സിദ്ദീഖിനെ കാണാനില്ലെന്ന മകന്റെ പരാതിയിൽ തിരൂർ പൊലീസാണ് അന്വേഷണം തുടങ്ങിയത്. പിന്നീട് കൃത്യംനടന്നത് എരഞ്ഞിപ്പാലത്തായതിനാൽ നടക്കാവ് പൊലീസിന് കൈമാറി. കൊലപാതകം നടന്ന് 84 ദിവസത്തിന് ശേഷമാണ് നടക്കാവ് പൊലീസ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലിൽ കുറ്റപത്രം സമർപ്പിച്ചത്.
also read; സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഇകഴ്ത്തി കാട്ടുകയെന്നതാണ് പ്രതിപക്ഷ ലക്ഷ്യം; മുഖ്യമന്ത്രി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here