ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ കുടിയേറ്റക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരിയിൽ വന്‍ തീപിടിത്തം. 1000 വീടുകള്‍ കത്തിനശിച്ചു. മനിലയിലെ ടോണ്ടോയിലെ ഇസ്ലാ പുട്ടിംഗ് ബാറ്റോ എന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് തീപിടിത്തമുണ്ടായത്. ഇന്നലെ രാവിലെയോടാണ് തീ പടർന്നത്.
ഞായറാഴ്ച രാവിലെ എട്ട് മണിയോടെ ഒരു വീടിൻ്റെ രണ്ടാം നിലയിൽ നിന്നാണ് തീപിടുത്തമുണ്ടായതെന്ന് കരുതുന്നതായി മനില ഫയർ ഫോഴ്സ് അധികൃതർ പറഞ്ഞു. എട്ട് മണിക്കൂറോളം തീ ആളിപ്പടർന്നെങ്കിലും ആളപായത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. എന്നാൽ ആറ് പേര്‍ മരിച്ചതായി പ്രാദേശിക റിപ്പോര്‍ട്ടുകളുണ്ട്.
തീ നിയന്ത്രണ വിധേയമാക്കുന്നതിന് അഗ്‌നിശമന സേനയെ സഹായിക്കാന്‍ ഫിലിപ്പീൻസ് വ്യോമസേന രണ്ട് വിമാനങ്ങളും ഫയര്‍ ബോട്ടുകളും വിന്യസിച്ചു. മനില മേഖലയിലെ മുഴുവന്‍ ഫയര്‍ എഞ്ചിനുകളും തീ അണയ്ക്കാന്‍ എത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കി. തീരദേശ മേഖലയിലുണ്ടായ ശക്തമായ കാറ്റും തീ അതിവേഗം പടരാന്‍ കാരണമായി. ഏകദേശം രണ്ടായിരത്തോളം കുടുംബങ്ങളെയാണ് തീപിടുത്തം ബാധിച്ചത്. തീ ആളിപ്പടര്‍ന്നതോടെ ഇടുങ്ങിയ വഴികളിലൂടെ പുറത്തേക്ക് ഓടാന്‍ ജനങ്ങള്‍ ബുദ്ധിമുട്ടി. കനത്ത പുക ആകാശത്തേക്ക് ഉയരുന്ന ദൃശ്യങ്ങളും രക്ഷാപ്രവർത്തനത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.
അവിടെയുള്ള മിക്ക വീടുകളും ലൈറ്റ് മെറ്റീരിയലുകൾ കൊണ്ട് നിർമ്മിച്ചതിനാൽ ആ പ്രദേശം തീപിടുത്തത്തിന് സാധ്യതയുള്ളതായിരുന്നവെന്ന് അഗ്നിശമന സേനാംഗമായ ജിനെല്ലി ന്യൂനെസ് എഎഫ്‌പിയോട് പറഞ്ഞു.തീപിടിത്തത്തിൻ്റെ കൃത്യമായ കാരണം അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഓഗസ്റ്റിലും മനിലയിൽ വൻ തീപിടിത്തമുണ്ടായി നിരവധി പേർ മരിച്ചിരുന്നു. മനിലയിലെ ചൈനടൗണിൽ അഞ്ച് നിലകളുള്ള അപ്പാർട്ട്മെൻ്റ് കത്തിനശിച്ച് 11 പേരാണ് അന്ന് മരിച്ചത്.
WATCH: Firefighters respond to a fifth alarm fire that broke out at a residential area in Isla Puting Bato in Tondo, Manila, on Sunday, Nov. 24. | 🎥: Manila DRRM Office/Facebook pic.twitter.com/8wZXtOREqs
— Inquirer (@inquirerdotnet) November 24, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here