അഞ്ച് പതിറ്റാണ്ടിനുശേഷം ബംഗാൾ തീരത്ത് നങ്കൂരമിട്ട് പാകിസ്ഥാൻ ചരക്കുകപ്പൽ

pakistani cargo ship

അൻപത് വർഷങ്ങൾക്ക്ശേഷം വീണ്ടും നേരിട്ടുള്ള സമുദ്രബന്ധം ആരംഭിച്ച് പാകിസ്താനും ബം​ഗ്ലാദേശും. കഴിഞ്ഞ ആഴ്ചയാണ് പാകിസ്താനിൽനിന്നുള്ള ചരക്ക് കപ്പൽ ബം​ഗ്ലാദേശിലെ ചിറ്റ​ഗോങ് തുറമുഖത്ത് നങ്കൂരമിട്ടത്. യുവാൻ സിയാങ് ഫാ സാൻ എന്ന, പാനമയുടെ പതാകവെച്ച 182 മീറ്റർ നീളമുള്ള കപ്പലാണ് പാകിസ്താനിൽനിന്ന് ചിറ്റ​ഗോങിൽ എത്തിയത്.

നവംബർ 11-ന് ചിറ്റ​ഗോങിൽനിന്ന് തിരികെ പുറപ്പെടുന്നതിനുമുൻപ് ചരക്ക് ഇറക്കിയെന്ന് അന്താരാഷ്ട്ര വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാകിസ്താൻ, യുഎഇ എന്നിവിടങ്ങളിൽനിന്നുള്ള വസ്ത്രവ്യാപാര അസംസ്കൃത വസ്തുക്കളും ഭക്ഷ്യവസ്തുക്കളുമായാണ് പാകിസ്ഥാൻ കപ്പൽ ബംഗ്ലാദേശിലേക്ക് എത്തിയത്.

മുമ്പ്, ഫീഡർ വെസലുകൾ വഴിയായിരുന്നു പാകിസ്താനിൽനിന്നുള്ള സാധനങ്ങൾ ബം​ഗ്ലാദേശിലേക്ക് കൊണ്ടുവന്നിരുന്നത്. ശ്രീലങ്ക, മലേഷ്യ, സിങ്കപ്പുർ എന്നിവിടങ്ങളിൽ ചരക്ക് എത്തിച്ച ശേഷം ഫീഡർ വെസലുകളിലേക്ക് മാറ്റുന്നതാണ് പതിവ്.

സെപ്റ്റംബറിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല ഭരണകൂടം ബം​ഗ്ലാദേശിൽ അധികാരത്തിൽ വന്നതിനുശേഷമാണ് പാക് ഉൽപന്നങ്ങളുടെ ഇറക്കുമതിയിലുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ചത്. പാകിസ്താനുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലേക്ക് കൂടിയുള്ള ചുവടുവെപ്പായാണ് ഇപ്പോൾ നേരിട്ട് സമു​ദ്രബന്ധം പുനരാരംഭിച്ചതിനെ കണക്കാക്കുന്നത്.

1971-ലെ ബം​ഗ്ലാദേശ് വിമോചന യുദ്ധത്തിനുശേഷം മോശമായ ബന്ധം ഇരുരാജ്യങ്ങളും പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. ഇന്ത്യൻ സുരക്ഷാ കേന്ദ്രങ്ങളും ഇതോടെ ജാ​ഗ്രതയിലാണ്.

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വർധിപ്പിക്കുന്നതിന് നേരിട്ടുള്ള ഷിപ്പിങ് റൂട്ട് പ്രധാന ചുവടുവെപ്പാണെന്ന ധാക്കയിലെ പാക് പ്രതിനിധി സയിദ് അഹമ്മദ് മറൂഫിന്റെ പോസ്റ്റിനു ശേഷം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാണ് നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News