ആദ്യമായി ഓണ്‍ലൈനില്‍ KEAM പ്രവേശന പരീക്ഷ; ജൂണ്‍ 5ന് തുടക്കം

സംസ്ഥാനത്ത് ഈ വര്‍ഷം മുതല്‍ KEAM എഞ്ചിനീയറിംഗ്, ഫാര്‍മസി പ്രവേശനപരീക്ഷകള്‍ ഓണ്‍ലൈനായി നടത്തും. 2024 ജൂണ്‍ അഞ്ചു മുതല്‍ ഒന്‍പതു വരെ വിവിധ കേന്ദ്രങ്ങളിലായി പരീക്ഷ നടക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 130 സര്‍ക്കാര്‍/സ്വാശ്രയ/ സ്ഥാപനങ്ങളിലെ 198 പരീക്ഷാ കേന്ദ്രങ്ങളിലും, ദില്ലിയിലെ രണ്ട് പരീക്ഷാകേന്ദ്രങ്ങളിലും, മുംബൈ, ദുബായ് എന്നിവിടങ്ങളിലെ ഓരോ കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടക്കുക. 1,13,447 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതും. സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് ആണ് ഓണ്‍ലൈന്‍ പരീക്ഷയ്ക്കായുള്ള സോഫ്റ്റ്വെയര്‍ വികസിപ്പിച്ചത്.

സംസ്ഥാനത്ത് ആദ്യമായാണ് ഇത്ര വിപുലമായ രീതിയില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നത്. പരീക്ഷയ്ക്കായി തയ്യാറാക്കിയ സോഫ്റ്റ്വെയറും അനുബന്ധ ഉപകരണങ്ങളുടെ പ്രവര്‍ത്തനവും വിലയിരുത്താന്‍ മെയ് 24ന് മോക്ക് ടെസ്റ്റും 25ന് ട്രയല്‍ പരീക്ഷയും പൂര്‍ത്തിയാക്കി. ഏതെങ്കിലും സാഹചര്യത്തില്‍ ഒരു പ്രത്യേക പരീക്ഷാ കേന്ദ്രത്തിലെയോ ഏതെങ്കിലും ദിവസത്തെയോ പരീക്ഷ മാറ്റിവയ്ക്കേണ്ടി വന്നാല്‍ ആ പരീക്ഷ ജൂണ്‍ 10ന് നടത്തുന്ന രീതിയില്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ALSO READ:‘നിങ്ങൾക്ക് ചൂണ്ടയിടാൻ പറ്റിയ സമയമാണ്, മീനച്ചിലാറ്റിൽ നല്ല മീൻ കിട്ടും’; ടി വീണക്കെതിരായ വ്യാജ ആരോപണത്തില്‍ ഷോണ്‍ ജോര്‍ജിനെതിരെ കെ അനില്‍കുമാര്‍

ഒരു ദിവസം പരമാവധി 18,993 പേര്‍ക്ക് പരീക്ഷ എഴുതാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒരു പരീക്ഷാ കേന്ദ്രത്തില്‍ ഒരേ സമയം പരമാവധി 126 കുട്ടികള്‍ക്ക് വരെ പരീക്ഷ എഴുതാം. എല്ലാ കേന്ദ്രങ്ങളിലും കരുതല്‍ കമ്പ്യൂട്ടറുകളും ഒരുക്കിയിട്ടുണ്ട്. പ്രവേശന പരീക്ഷാ കമ്മീഷണറേറ്റില്‍ പരീക്ഷ നടത്തിപ്പിനായി പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. ജില്ലാ തലങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. നോഡല്‍ ഓഫീസര്‍ക്കായിരിക്കും ജില്ലകളിലെ മേല്‍നോട്ട ചുമതല. 130 കേന്ദ്രങ്ങളിലും പ്രത്യേക കോര്‍ഡിനേറ്റര്‍മാരും നിരീക്ഷകരും ഉണ്ടായിരിക്കും. പരീക്ഷാ കേന്ദ്രങ്ങളിലെ സെര്‍വറുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ചുമതല ബന്ധപ്പെട്ട ചീഫ് സൂപ്രണ്ടിനായിരിക്കും. ദുബായ് കേന്ദ്രത്തില്‍ ജൂണ്‍ 6നും മുംബൈ, ഡല്‍ഹി ഉള്‍പ്പെടെയുള്ള മറ്റു കേന്ദ്രങ്ങളിലെല്ലാം ജൂണ്‍ അഞ്ചിനു തന്നെയും പരീക്ഷ തുടങ്ങും. ബി ഫാം പ്രവേശനത്തിനുള്ള പ്രത്യേക പരീക്ഷ ജൂണ്‍ 6 ന് ഉച്ചക്ക് ശേഷം 3.30 മുതല്‍ 5 മണി വരെ നടക്കും.

സാങ്കേതിക കാരണത്താല്‍ ഏതെങ്കിലും കേന്ദ്രത്തില്‍ പരീക്ഷ തുടങ്ങാന്‍ വൈകിയാല്‍ പരീക്ഷാ സമയം അതനുസരിച്ച് പുനഃക്രമീകരിക്കുന്നതാണ്. മഴയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും യുപിഎസ് ബാക്ക്-അപ്പും ജനറേറ്ററും സജ്ജീകരിച്ചിട്ടുണ്ട്.

ALSO READ:സംസ്ഥാനത്ത് മഴ ശക്തം; ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News