പെരിയാറിൽ മൽസ്യങ്ങൾ ചത്ത് പൊങ്ങിയ സംഭവം; ഫിഷറീസ് സർവകലാശാല വിദഗ്ധരുടെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊന്തിയ സംഭവത്തില്‍ ഫിഷറീസ് സര്‍വ്വകലാശാല വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിക്കും. വെള്ളത്തിൻ്റെ ശാസ്ത്രീയ പരിശോധനാ ഫലവും ഉടൻ ലഭിക്കും. അതേ സമയം മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച ഫാക്ടറികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഏലൂർ നഗരസഭ വ്യക്തമാക്കി. ഫിഷറീസ് മന്ത്രി സജി ചെറിയാൻ്റെ നിർദേശ പ്രകാരമായിരുന്നു ഫിഷറീസ് സർവ്വകലാശാല വിദഗ്ധ സംഘം പെരിയാറിലെ മത്സ്യക്കുരുതിയെക്കുറിച്ച് അന്വേഷണം നടത്തിയത്.

Also Read: തദ്ദേശ വാർഡുകളുടെ എണ്ണം വർധിപ്പിക്കാനുള്ള കരട് ബിൽ അംഗീകരിച്ചു: മന്ത്രിസഭായോഗ തീരുമാനങ്ങൾ

അക്വാകള്‍ച്ചര്‍ വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ.ബിനു വര്‍ഗ്ഗീസ് ചെയര്‍മാനായും ഡോ.കെ ദിനേശ് കണ്‍വീനറുമായുള്ള 7 അംഗ സമിതി കഴിഞ്ഞ ദിവസം സംഭവസ്ഥലം നേരിട്ട് സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു. സമിതി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കാനാണ് സർക്കാർ തീരുമാനം. രാസമാലിന്യം കലർന്നുവെന്ന് സംശയിക്കുന്ന വെള്ളത്തിൻ്റെ ശാസ്ത്രീയ പരിശോധനാ ഫലവും ഉടൻ ലഭിക്കും. അതേ സമയം ഫോർട്ട് കൊച്ചി സബ്ബ് കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുൾപ്പെട്ട സംഘവും അന്വേഷണം നടത്തുന്നുണ്ട്. സബ് കളക്ടറുടെ റിപ്പോർട്ട് ശനിയാഴ്ച കളക്ടർക്ക് കൈമാറും. കഴിഞ്ഞ ദിവസം പാതാളം റെഗുലേറ്റർ കം ബ്രിഡ്ജ് സന്ദർശിച്ച സംഘം മത്സ്യകർഷകരുമായും പരിസ്ഥിതി പ്രവർത്തകരുമായും മലിനീകരണ നിയന്ത്രണ ബോർഡ് പ്രതിനിധികളുമായും സംസാരിക്കുന്നുണ്ട്. മത്സ്യക്കുരുതിയുടെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണനയെന്നും സബ്കളക്ടർ കെ മീര വ്യക്തമാക്കിയിരുന്നു.

Also Read: അമേരിക്കയിൽ മനുഷ്യരിൽ പക്ഷിപ്പനി വീണ്ടും സ്ഥിരീകരിച്ചു

സബ് കളക്ടറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുകയും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നമുൾപ്പടെയുള്ള തീരുമാനങ്ങളിലേയ്ക്ക് സർക്കാർ കടക്കും. ഇതിനിടെ, മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച ഫാക്ടറികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഏലൂർ നഗരസഭ വ്യക്തമാക്കി. മുനിസിപ്പൽ ആക്ട് 340 എ വകുപ്പ് പ്രകാരം ജലസ്രോതസ്സുകൾ മലിനമാക്കുന്നത് ഗുരുതര കുറ്റമാണെന്ന് നഗരസഭ ചൂണ്ടിക്കാട്ടി. അത്തരത്തിൽ നിയമലംഘനം നടത്തിയ ഫാക്ടറികളുടെ പട്ടിക ഉടൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഏലൂർ നഗരസഭ, മലിനീകരണ നിയന്ത്രണ ബോർഡിന് നോട്ടീസ് അയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News