കേരള ഹൈക്കോടതിയില്‍ ഇന്ന് പുതിയ അഞ്ച് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്യും

Highcourt

കേരള ഹൈക്കോടതിയില്‍ ഇന്ന് പുതിയ അഞ്ച് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. അഞ്ച് ജഡ്ജിമാരെ പുതിയതായി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ഇതോടെ ഹൈക്കോടതിയില്‍ ജഡ്ജിമാരുടെ എണ്ണം 45 ആയി ഉയരും.

സത്യപ്രതിജ്ഞ ചടങ്ങില്‍ ചീഫ് ജസ്റ്റിസ് പുതിയ ജഡ്ജിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്ത 5 പേരെ നിയമിച്ച് രാഷ്ട്രപതി നേരത്തെ വിജ്ഞാപനം ഇറക്കിയിരുന്നു.

ഇന്ന് രാവിലെ പത്ത് മണിക്ക് പുതിയ ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. പി കൃഷ്ണകുമാര്‍, കെ വി ജയകുമാര്‍, എസ് മുരളീകൃഷ്ണ, ജോബിന്‍ സെബാസ്റ്റ്യന്‍, പി വി ബാലകൃഷ്ണന്‍ എന്നിവരെയാണ് നിയമിച്ചത്.

Also Read : ടാറ്റ ട്രസ്റ്റിൽ മാറ്റങ്ങൾ; ചെലവ് ചുരുക്കൽ ഉൾപ്പടെ അടിമുടി അഴിച്ചുപണിയുണ്ടായേക്കും

എറണാകുളം എന്‍ഐഎ/ സിബിഐ സ്‌പെഷ്യല്‍ കോടതി ജഡ്ജിയായിക്കെ കനകമല തീവ്രവാദ കേസ്, സുബാനി ഹാജ ഐഎസ്ഐഎസ് കേസ്, നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസ് തുടങ്ങിയ സുപ്രധാന കേസുകളില്‍ കൃഷ്ണകുമാര്‍ വിധി പ്രസ്താവിച്ചിട്ടുണ്ട്.

ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാറായ കെ വി ജയകുമാര്‍ തൃശൂര്‍ സ്വദേശിയാണ്. കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജിയാണ് എസ് മുരളികൃഷ്ണ, ഹൈക്കോടതിയിലെ ജില്ലാ ജുഡീഷ്യറി രജിസ്ട്രാറാണ് ജോബിന്‍ സെബാസ്റ്റ്യന്‍.

നിലവില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയും പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാനും ആണ് പി വി ബാലകൃഷ്ണന്‍.

കൃഷ്‌ണകുമാറിന്‌ നിയമനം 
ലഭിച്ചത്‌ ഒരുവർഷത്തിനുശേഷം

നിലവിൽ ഹൈക്കോടതി രജിസ്ട്രാറായ പി കൃഷ്ണകുമാറിനെ 2013 ഒക്‌ടോബറിലാണ്‌ ഹൈക്കോടതി ജഡ്‌ജിയായി കൊളീജിയം ശുപാർശചെയ്‌തത്‌. കേന്ദ്ര സർക്കാർ അംഗീകരിച്ചതാകട്ടെ 2014 ഒക്‌ടോബറിലും. രജിസ്ട്രാർ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്‌. ജില്ലാ ജഡ്ജിയായി 2012 ഒക്‌ടോബറിൽ ഒന്നാം റാങ്കോടെ നേരിട്ട് തെരഞ്ഞെടുക്കപ്പെട്ട കൃഷ്‌ണകുമാർ കൊല്ലത്തും തിരുവനന്തപുരത്തും അഡീഷണൽ ജില്ലാ ജഡ്ജിയായും പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായും പ്രവർത്തിച്ചു. തദ്ദേശ സ്വയംഭരണ ട്രിബ്യൂണൽ ജഡ്ജിയായും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാനുമായി. ആലപ്പുഴ വണ്ടാനം പുത്തൻവീട്ടിൽ പരേതനായ ജി പരമേശ്വര പണിക്കരുടെയും ഇന്ദിര പണിക്കരുടെയും മകനാണ്. ഭാര്യ: അഡ്വ. ശാലിനി. മക്കൾ: കെ ആകാശ്, നിരഞ്ജൻ, നീലാഞ്ജന.

Also Read : അമേരിക്കക്കാര്‍ ചോദിക്കുന്നു, തൊഴിലെവിടെ; രാജ്യത്ത് മൂന്ന് വര്‍ഷത്തെ താഴ്ന്ന നിലയില്‍ തൊഴിലവസരങ്ങള്‍

കെ വി ജയകുമാർ

നിലവിൽ ഹൈക്കോടതിയിൽ വിജിലൻസ് രജിസ്‌ട്രാർ. 2012ൽ ജില്ലാ ജഡ്ജിയായി. തലശേരി, പാലക്കാട് എന്നിവിടങ്ങളിൽ അഡീഷണൽ ജില്ലാ ജഡ്ജിയായും കോഴിക്കോട് വിജിലൻസ് ജഡ്ജിയായും തലശേരി, കൊല്ലം പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തൃശൂർ കണിമംഗലം മാളിയേക്കലിൽ പരേതനായ ഹരിദാസ് കർത്തായുടെയും കെ വി ഭാഗീരഥി തമ്പായിയുടെയും മകനാണ്. ഭാര്യ: വിദ്യ കൃഷ്ണൻ. മക്കൾ: അമൃത, സ്നേഹ.

എസ് മുരളീകൃഷ്ണ

നിലവിൽ കോഴിക്കോട് ജില്ലാ ജഡ്ജി. കോഴിക്കോട്, പാലക്കാട് അഡീഷണൽ ജില്ലാ ജഡ്ജിയായും മഞ്ചേരി പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായും സേവനമനുഷ്ഠിച്ചു. കാഞ്ഞങ്ങാട് നവചേതന വീട്ടിൽ പരേതനായ ഗംഗാധര ഭട്ടിന്റെയും ഉഷ ഭട്ടിന്റെയും മകനാണ്. ഭാര്യ: അർച്ചന. മക്കൾ: അക്ഷരി, അവനീഷ്. സഹോദരി: എസ്‌ ഭാരതി ആലപ്പുഴ അഡീഷണൽ ജില്ലാ ജഡ്ജിയാണ്.

ജോബിൻ സെബാസ്റ്റ്യൻ

ഹൈക്കോടതിയിൽ രജിസ്ട്രാറാണ്‌ (ഡിസ്ട്രിക്ട് ജുഡീഷ്യറി). 2014ൽ നേരിട്ട് ജില്ലാ ജഡ്ജിയായി. തിരുവനന്തപുരം, മാവേലിക്കര അഡീഷണൽ ജില്ലാ ജഡ്ജിയായും മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജിയായും തലശേരി, ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായും പ്രവർത്തിച്ചു. പാലാ നീലൂർ മംഗലത്തിൽ എം ഡി സെബാസ്‌റ്റ്യന്റെയും ഗ്രേസിയുടെയും മകനാണ്. ഭാര്യ: ഡാലിയ. മക്കൾ: തെരേസ, എലിസബത്ത്, ജോസഫ്.

പി വി ബാലകൃഷ്ണൻ

നിലവിൽ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയും ശ്രീപത്മനാഭസ്വാമി ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാനുമാണ്‌. നേരിട്ട് ജില്ലാ ജഡ്ജിയായി.
തിരുവനന്തപുരത്തും കോഴിക്കോടും മാവേലിക്കരയിലും അഡീഷണൽ ജില്ലാ ജഡ്ജിയായും കാസർകോട് പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായും പ്രവർത്തിച്ചു. തൃശൂർ പാവറട്ടി സ്വദേശി. റിട്ട. ജില്ലാ ജഡ്ജി വരദരാജ അയ്യരുടെയും പാപ്പയുടെയും മകനാണ്. ഭാര്യ: ഐശ്വര്യ. മക്കൾ: ഗായത്രി, തരുൺ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News