അഞ്ചുവര്‍ഷം കൊണ്ട് കര്‍ണ്ണാടകയിലെ അഞ്ച് ബിജെപി മന്ത്രിമാരുടെ സ്വത്തില്‍ വന്‍വര്‍ദ്ധന

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ കര്‍ണ്ണാടകയിലെ ബിജെപി മന്ത്രിമാരുടെ സ്ഥാവര ജംഗമ ആസ്തിയില്‍ വന്‍ വര്‍ദ്ധനവ്. കര്‍ണ്ണാടകയിലെ അഞ്ച് ബിജെപി മന്ത്രിമാരുടെയും ഭാര്യമാരുടെയും ആസ്തിയിലാണ് 2018നെ അപേക്ഷിച്ച് വന്‍വര്‍ദ്ധന ഉണ്ടായിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് ഇത് സംബന്ധിച്ച് വിവരങ്ങളുള്ളത്.

മെഡിക്കല്‍ വിദ്യാഭ്യാസ-ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ സുധാകര്‍, വൈദ്യുതി മന്ത്രി വി സുനില്‍ കുമാര്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി സിസി പാട്ടീല്‍, സഹകരണ സഹമന്ത്രി എസ്ടി സോമശേഖര്‍, എന്നിവരുടെയും പങ്കാളികളുടെയും സ്ഥാവര ജംഗമ വസ്്തുക്കളിലാണ് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്.

2019ല്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാനായി ബിജെപി പക്ഷത്തേക്ക് കൂറുമാറിയ കെ സുധാകറിന്റെ ആസ്തിയിലാണ് വന്‍വര്‍ദ്ധന ഉണ്ടായിക്കുന്നത്. കെ സുധാകറിന്റെ ജംഗമ സ്വത്ത് 1.11 കോടിയില്‍ നിന്നും 2.79 കോടിയായാണ് വര്‍ദ്ധിച്ചിരിക്കുന്നത്. എന്നാല്‍ സുധാകറിന്റെ ഭാര്യ ഡോ പ്രീതി ജിഎയുടെ സ്ഥാവര സ്വത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 1.17 കോടി രൂപയുടെ സ്വത്ത് 16.1 കോടി രൂപയായാണ് വര്‍ദ്ധിച്ചിരിക്കുന്നത്. 2022 സെപ്തംബറില്‍ വാങ്ങിയ 14.92 കോടി വിലമതിക്കുന്ന വീട് ഉള്‍പ്പെടെയാണ് ഈ വര്‍ദ്ധനവ്.

മറ്റൊരു വിമതനായ സോമശേഖറിന്റെ ജംഗമ ആസ്തിയിലും വര്‍ദ്ധന ഉണ്ടായി. 2018ലെ 67.83 ലക്ഷത്തില്‍ നിന്നും സോമശേഖറിന്റെ ആസ്തി 5.46 കോടി രൂപയായി വര്‍ദ്ധിച്ചു. വൈദ്യുതി മന്ത്രി സുനില്‍ കുമാറിന്റെ ജംഗമ ആസ്തി 53.27 ലക്ഷത്തില്‍ നിന്നും 1.59 കോടിയായാണ് വര്‍ദ്ധിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി സിസി പാട്ടീലിന്റെ ജംഗമ ആസ്തി 94.36 ലക്ഷത്തില്‍ നിന്നും 3.28 കോടിയായി വര്‍ദ്ധിച്ചു. പാട്ടീലിന്റെ സ്ഥാവര ആസ്തിയിലും വര്‍ദ്ധനവുണ്ട്. 4.47 കോടിയില്‍ നിന്നും 7.2 കോടിയായാണ് സ്ഥാവര ആസ്തി വര്‍ദ്ധിച്ചിരിക്കുന്നത്. വ്യവസായ മന്ത്രി മുരുകേഷ് നിരാനിയുടെ ജംഗമ ആസ്തി 16 കോടിയില്‍ നിന്നും 27.22 കോടിയായി വര്‍ദ്ധിച്ചു, സ്ഥാവര സ്വത്ത് 4.58 കോടിയില്‍ നിന്നും 8.6 കോടിയായാണ് വര്‍ദ്ധിച്ചത്. ഭാര്യ കമല നിരാനിയുടെ ജംഗമ ആസ്തിയിലും വര്‍ദ്ധനവുണ്ടായി.11.35 കോടിയില്‍ നിന്നും 38.35 കോടിയായാണ് വര്‍ദ്ധിച്ചിരിക്കുന്നത്.

കര്‍ണ്ണാടകയില്‍ ബൊമ്മെ സര്‍ക്കാരിന്റെ അഴിമതി തെരഞ്ഞെടുപ്പ് വിഷയമായിരിക്കുന്ന സാഹചര്യത്തിലാണ് ബിജെപി മന്ത്രിമാരുടെ സ്വത്തില്‍ ഉണ്ടായിരിക്കുന്ന വര്‍ദ്ധനവ് ചര്‍ച്ചയാകുന്നത്. ഭാരത് ജോഡോ യാത്രയോട് അനുബന്ധിച്ച് രാഹുല്‍ ഗാന്ധി ബിജെപി സര്‍ക്കാരിനെ 40% കമ്മീഷന്‍ സര്‍ക്കാര്‍ എന്ന് വിമര്‍ശിച്ചിരുന്നു. ബിജെപിയുടെ ഭരണത്തിന് കീഴില്‍ എന്ത് നടക്കണമെങ്കിലും 40% കമ്മീഷന്‍ എന്നതായിരുന്നു ഈ പ്രചരണത്തിന്റെ അടിസ്ഥാനം. ‘പെടിഎമ്മി’ന് പകരം ‘പെസിഎം’ എന്നൊരു ക്യാമ്പയിന്‍ ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ഏറ്റെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News