ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വരുമ്പോള്‍ സ്വര്‍ണം കടത്തുമെന്ന് കൂട്ടുകാരനോട് വീമ്പടിച്ചു. തുടര്‍ന്ന് ഗള്‍ഫില്‍ നിന്നുമെത്തിയ യുവാവിനെ ആദ്യകാല സുഹൃത്തും നാലംഗ സംഘവും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവരാന്‍ ശ്രമിച്ച സംഭവത്തില്‍ 5 പേര്‍ പൊലീസ് പിടിയില്‍. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഹനീഫ, രാഹുല്‍, ഖലീഫ, അന്‍സല്‍, ജിജില്‍ എന്നിവരെ വിമാനത്താവളത്തിന്റെ പരിസരത്തുവെച്ച് പൊലീസ് പിടികൂടി. കുവൈറ്റില്‍ നിന്നും കരിപ്പൂരിലെത്തിയ പന്നിയൂര്‍കുളം സ്വദേശി അമലിനെയാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോകാനായി ശ്രമിച്ചത്. അമലിന്റെ ആദ്യകാല സുഹൃത്താണ് രാഹുല്‍. ഇയാള്‍ ആ പരിചയം ഉപയോഗിച്ച് വിമാനത്താവളത്തിലെത്തിയ അമലിനെ സൗഹൃദം നടിച്ച് കാറില്‍ ബലമായി കയറ്റിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്താവള പരിസരത്തുള്ള പൊലീസിന്റെ കണ്ണില്‍ സംഭവം പെടുകയായിരുന്നു.
യുവാക്കളുടെ പെരുമാറ്റം കണ്ട് സംശയം തോന്നിയ പൊലീസ് വിഷയത്തില്‍ ഇടപെട്ടതോടെ അമലിനെ തട്ടിക്കൊണ്ടു പോകാനുള്ള സംഘത്തിന്റെ നീക്കം പാളുകയായിരുന്നു. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്ത പൊലീസ് സംഘത്തിന്റെ ലക്ഷ്യം സ്വര്‍ണക്കവര്‍ച്ചയാണെന്ന് മനസ്സിലാക്കി. നേരത്തെ, അമല്‍ രാഹുലിനോട് ഗള്‍ഫില്‍ നിന്നും വരുമ്പോള്‍ സ്വര്‍ണം കടത്തുമെന്ന് പറഞ്ഞ കാര്യം രാഹുല്‍ അയാളുടെ സുഹൃത്തുക്കളായ മറ്റ് നാലു പേരോട് കൂടി പറയുകയായിരുന്നു. തുടര്‍ന്നാണ് സംഘം സ്വര്‍ണം കവര്‍ച്ച ചെയ്യാന്‍ പദ്ധതിയിട്ടത്. എന്നാല്‍ പൊലീസ് നടത്തിയ പരിശോധനയില്‍ അമലിന്റെ പക്കല്‍ നിന്ന് സ്വര്‍ണം കണ്ടെത്താന്‍ കഴിഞ്ഞില്ല. പിടിയിലായ രാഹുലിന്റെ പേരില്‍ രണ്ട് വാഹനമോഷണ കേസുകളുണ്ട്. ജിജില്‍ ലഹരി കടത്ത് കേസിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here