പ്രളയസാഹചര്യം രൂക്ഷമായ ദില്ലിയ്ക്ക് പുറമെ വെള്ളപ്പൊക്ക മുന്നറിയിപ്പിൽ അസം.
17 ജില്ലകളിലാണ് മുന്നറിപ്പ് നൽകിയിട്ടുള്ളത്.10,000 പേരെ മാറ്റിപ്പാർപ്പിച്ചു.സിക്കിമിലും വടക്കൻ ബംഗാളിലും മുന്നറിയിപ്പ് നൽകിയിരിക്കുകയാണിപ്പോൾ.
അതേസമയം, യമുന നദിയിലെ ജലനിരപ്പ് താഴ്ന്നതിനാൽ ദില്ലിയിൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ല. നദിയുടെ ജലനിരപ്പ് 208 മീറ്ററിൽ താഴെയാണ് എത്തിയിരിക്കുന്നത്. ഹത്നി കുണ്ട് ഡാമിൽ നിന്നും ഒഴുക്കുന്ന വെള്ള ത്തിന്റെ അളവ് കുറഞ്ഞതാണ് ജലനിരപ്പ് താഴാൻ കാരണം. ഐടിഒ അടക്കമുള്ള സ്ഥലങ്ങളിൽ നിന്നും വെള്ളം ഇറങ്ങി തുടങ്ങി. വെള്ളക്കെട്ട് ഒഴിവാക്കാൻ സൈന്യത്തിന്റെ സേവനവും ഉപയോഗപെടുത്തുന്നുണ്ട്. എന്നാൽ ജലനിരപ്പ് താഴ്ന്നുവെങ്കിലും സംസ്ഥാനത്തെ മഴ വിട്ടുനിന്നിട്ടില്ല. കനത്ത മഴ കണക്കിലെടുത്ത് ഇന്ന് ദില്ലിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതേസമയം, പ്രളയബാധിത ഹിമാചൽ പ്രദേശിന്റെ ദുരന്ത നിവാരണത്തിന് കേന്ദ്ര സഹായം അനുവദിച്ചു.180 കോടി രൂപയാണ് കേന്ദ്ര വിഹിതമായി അനുവദിച്ചത്. സഹായം മുൻകൂറായി അനുവദിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച അംഗീകാരം നൽകി.
ജനങ്ങൾക്ക് ദുരിതാശ്വാസ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിനെ സഹായിക്കാൻ ഫണ്ട് അനുവദിച്ചെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ഹിമാചൽ പ്രദേശിന് ഇടക്കാലാശ്വാസമായി 2023-24 ലെ എസ്ഡിആർഎഫിന്റെ കേന്ദ്ര വിഹിതമായ 180.40 കോടി രൂപയുടെ രണ്ട് ഗഡു മുൻകൂർ റിലീസ് ചെയ്യും. ഇതിന് ആഭ്യന്തര മന്ത്രി അനുമതി നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.
ഹിമാചൽ പ്രദേശിലെ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവ മൂലമുണ്ടായ സാഹചര്യം നേരിടാൻ, നേരിടാൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും കേന്ദ്രം നൽകി. കൂടാതെ സാമ്പത്തിക സഹായവും കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് നൽകിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) 11 ടീമുകളും രക്ഷാപ്രവർത്തനത്തിനായി ബോട്ടുകളും മറ്റ് ആവശ്യമായ ഉപകരണങ്ങളും സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. സഹായത്തിനായി വിവിധ ആർമി ഏവിയേഷൻ ടീമുകളും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
Also Read: ജാഗ്രതയോടെ ദില്ലി; യമുനാ നദിയിൽ ജലനിരപ്പ് കുറയുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here