തെളിവുകളൊന്നും ലഭിച്ചില്ല, കൊലപാതകക്കേസിലുണ്ടായത് സിനിമയെ വെല്ലും ട്വിസ്റ്റ്; അന്വേഷണത്തിന് സഹായിച്ചത് ഈച്ച

മധ്യപ്രദേശിൽ കൊലപാതക കേസ് തെളിയിക്കാന്‍ പോലീസിനെ സഹായിച്ചത് ഈച്ച. മധ്യപ്രദേശിലെ ജബല്‍പുരിലാണ് സംഭവമുണ്ടായത്. മനോജ് ഠാക്കൂര്‍ എന്ന 26-കാരന്റെ കൊലപാതകം തെളിയിക്കാനാണ് പോലീസിനെ ഈച്ച സഹായിച്ചത്.

വ്യാഴാഴ്ച രാത്രി യാണ് കൊലപാതകത്തിനാസ്പദമായ സംഭവവികാസങ്ങൾ നടക്കുന്നത്. 19-കാരനായ മരുമകന്‍ ധരം സിങ്ങിനൊപ്പം മദ്യപിക്കാന്‍ പോയതായിരുന്നു മനോജ് ഠാക്കൂർ. പിന്നീട് ഇയാളെ കാണാതാകുകയായിരുന്നു. പിറ്റേന്ന് കുടുംബം പൊലീസിൽ പരാതി നല്‍കുകയും, മണിക്കൂറുകളോളം തിരച്ചില്‍ നടത്തുകയും ചെയ്തു. വൈകീട്ടോടെ ഇയാളുടെ മൃതദേഹം കണ്ടെത്തി.

Also Read; ദീപാവലി ആഘോഷിക്കാൻ ബന്ധുവീട്ടിലെത്തി; ചെന്നൈയിൽ 16-കാരി കൂട്ടബലാത്സംഗത്തിനിരയായി, നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ

അവസാനമായി മനോജിനൊപ്പമുണ്ടായിരുന്ന ധരം സിങ്ങിനെയായിരുന്നു പൊലീസിന് സംശയം. ഇയാളെ ചോദ്യം ചെയ്‌തെങ്കിലും പൊലീസിന് നൽകിയ മറുപടികൾ വിശ്വസനീയമായിരുന്നു. കൊലയ്ക്ക് പിന്നിലെ കാരണം പറയാനോ സിസിടിവി ദൃശ്യവും ദൃക്‌സാക്ഷികളും ഉള്‍പ്പെടുയുള്ള തെളിവുകള്‍ കണ്ടെത്താനോ പൊലീസിന് കഴിഞ്ഞില്ല.

അന്വേഷണത്തില്‍ പുരോഗതി ഒന്നും ഉണ്ടായില്ലെങ്കിലും ധരം സിങ്ങിനെ തന്നെയായിരുന്നു പൊലീസിന് സംശയം. അതോടെ ഇയാളെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചു. ഇതിനിടെ സിനിമകളെ വെല്ലുന്ന ട്വിസ്റ്റുണ്ടായി.

ചോദ്യം ചെയ്യലിനിടെ ധരം സിങ്ങിനെ മാത്രം ചുറ്റി ഒരു ഈച്ച പറക്കുന്നത് അന്വേഷണോദ്യോഗസ്ഥനായ അഭിഷേക് പയാസിയുടെ ശ്രദ്ധയില്‍ പെട്ടു. ഈച്ച മറ്റാരുടെയും സമീപം പോകുന്നുമില്ല. തുടര്‍ന്ന് ധരം സിങ്ങിനോട് ധരിച്ച ഷര്‍ട്ട് ഊരി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടു. ഉടന്‍ തന്നെ ഷര്‍ട്ട് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.

Also Read; ഒൻപതുവയസുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയ ബന്ധുവിനെ കുട്ടിയുടെ അച്ഛൻ അടിച്ചുകൊന്നു

പരിശോധനാഫലം വന്നതോടെയാണ് കേസില്‍ നിര്‍ണായകമായ തെളിവ് ലഭിച്ചത്. നഗ്നനേത്രങ്ങളാല്‍ കാണാന്‍ കഴിയാത്ത രക്തക്കറ ഷര്‍ട്ടില്‍ ഉണ്ടായിരുന്നു എന്നതാണ് പരിശോധനാഫലം. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിനൊടുവില്‍ ധരം സിങ് കുറ്റം സമ്മതിച്ചു. ഭക്ഷണം കഴിച്ചതിന്റെ പണം നല്‍കുന്നത് സംബന്ധിച്ച് ഇവർ തമ്മിൽ തർക്കമുണ്ടാവുകയും, ഇത് കൊലപാതകത്തിലേക്ക് എത്തിയെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration