കൊച്ചി: പൊന്നുരുന്നിലെ അങ്കണവാടിയിൽ ഉണ്ടായ ഭക്ഷ്യവിഷബാധയിൽ പോലീസ് ഇന്ന് പ്രാഥമിക അന്വേഷണം തുടങ്ങും. കുടിവെള്ളത്തിൽ നിന്ന് രോഗബാധയുണ്ടായതിൽ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന ഉണ്ടോ എന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിവിഷൻ കൗൺസിലർ പോലീസിന് പരാതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് പാലാരിവട്ടം പോലീസ് പ്രാഥമികാന്വേഷണം തുടങ്ങുന്നത്.
വ്യാഴാഴ്ച്ച രാത്രിയിലാണ് കൊച്ചി കോര്‍പ്പറേഷന്‍ 48ാം ഡിവിഷനില്‍ പൊന്നുരുന്നി ഈസ്റ്റിലെ 48ാം നമ്പര്‍ അങ്കണവാടിയിലെ കുട്ടികള്‍ക്ക് വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടത്.12 കുട്ടികള്‍ക്കും ഇവരില്‍ ചിലരുടെ രക്ഷിതാക്കള്‍ക്കുമാണ് ശാരീരിക അസ്വസ്ഥതയുണ്ടായത്.
Also Read: കൊച്ചി തമ്മനത്ത് കുടിവെള്ള പൈപ്പിന്റെ തകരാര്‍ പരിഹരിച്ചു; പമ്പിങ് പുനരാരംഭിച്ചു
പ്രാഥമിക ചികിത്സയ്ക്കുശേഷം ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് കുട്ടികളെല്ലാം ആശുപത്രി വിടുകയും ചെയ്തിരുന്നു.
കുടിവെള്ളത്തില്‍ നിന്നാകാം രോഗബാധയുണ്ടായതെന്ന സംശയത്തെത്തുടര്‍ന്ന് ആരോഗ്യവിഭാഗമെത്തി പരിശോധന നടത്തുകയും കുടിവെള്ള സാമ്പിള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ നിരവധി വര്‍ഷമായി ഇത്തരം പ്രശ്നങ്ങളൊന്നുമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടിയിലെ ടാങ്കിലെ വെള്ളം പെട്ടന്നൊരു ദിവസം മലിനമായതിനു പിന്നില്‍ ചില സംശയങ്ങളുണ്ടെന്നാണ് ഡിവിഷന്‍ കൗണ്‍സിലര്‍ ദിപിന്‍ പറയുന്നത്. രോഗബാധയ്ക്കിടയാക്കുന്ന തരത്തില്‍ കുടിവെള്ളം മലിനമായതിനു പിന്നില്‍ ഗൂഢാലോചനയുണ്ടൊയെന്ന് അന്വേഷിക്കണമെന്നാണ് കൗണ്‍സിലറുടെ ആവശ്യം.
ഇക്കാര്യം ചൂണ്ടിക്കാട്ടി പാലാരിവട്ടം പോലീസിന് കൗണ്‍സിലര്‍ പരാതി നല്‍കിയിരുന്നു. ഇതെത്തുടര്‍ന്ന് പ്രാഥമികാന്വേഷണമാരംഭിക്കാനാണ് പോലീസിന്‍റെ തീരുമാനം. കൗണ്‍സിലറുടെ മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികളും ഉടന്‍ ഉണ്ടാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here