ശരീര വളർച്ചകൂട്ടുന്നതിനായി അമ്മ കഴിഞ്ഞ നാലുവർഷമായി പെൺകുട്ടിയ്ക്ക് ഹോർമോൺ ഗുളിക നൽകിവന്ന സംഭവത്തിൽ വഴിത്തിരിവ്. സിനിമയിൽ അഭിനയിപ്പിക്കുന്നതിനു വേണ്ടിയാണ് അമ്മ വർഷങ്ങളായി പെൺകുട്ടിക്ക് ശരീര വളർച്ചയ്ക്കുള്ള ഗുളികകൾ നൽകിവന്നിരുന്നത്. സംഭവത്തിൽ പെൺകുട്ടിയെ ആന്ധ്രാപ്രദേശിലെ ബാലാവകാശ കമ്മീഷൻ ഇടപെട്ട് മോചിപ്പിച്ചു. ആന്ധ്രാപ്രദേശിലെ വിജയനഗരം സ്വദേശിയായ പതിനാറുകാരിയെയാണ് അമ്മയുടെ ചൂഷണത്തിൽനിന്ന് ബാലാവകാശ കമ്മീഷൻ മോചിപ്പിച്ചത്. പെൺകുട്ടി വ്യാഴാഴ്ച ചെൽഡ് ലൈനിൽ വിളിച്ച് പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ഇടപെട്ടത്.
‘ശരീരവളർച്ച കൂട്ടുന്നതിനായി ചില ഗുളികകൾ കൂടുതൽ അളവിൽ അമ്മ നൽകിവന്നു. ആ ഗുളികകൾ കഴിക്കുമ്പോഴൊക്കെ ഞാൻ അബോധാവസ്ഥയിലാവുകയും അടുത്ത ദിവസം എന്റെ ശരീരം വീർത്തുവരികയും ചെയ്തു. ഇത് വളരെ വേദന നിറഞ്ഞതും എന്റെ പഠനത്തെ ബാധിക്കുന്നതുമാണ്.’– പെൺകുട്ടി പറഞ്ഞു. ഗുളിക കഴിക്കാൻ വിസമ്മതിച്ചാൽ അമ്മ തന്നെ ഉപദ്രിവിക്കുമെന്നും ചിലപ്പോഴൊക്കെ ഷോക്കടിപ്പിക്കുമെന്നു വരെ ഭീഷണിപ്പെടുത്താറുണ്ടെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.
സിനിമയിൽ അവസരം കിട്ടുന്നതിനായി വീട്ടിലെത്തുന്ന നിർമാതാക്കളോടും സംവിധായകരോടും അടുത്തിടപഴകാൻ അമ്മ ആവശ്യപ്പെട്ടതായും പെൺകുട്ടി അറിയിച്ചു. മാതാപിതാക്കൾ വിവാഹമോചനം നേടിയ ശേഷം അമ്മയ്ക്കൊപ്പമായിരുന്നു പെൺകുട്ടിയുടെ താമസം. ഇതിനിടെ ഇവർ മറ്റൊരാളെ വിവാഹം കഴിച്ചിരുന്നെങ്കിലും കുറച്ചു വർഷം മുൻപ് ഇയാൾ മരിച്ചു.
വെള്ളിയാഴ്ചയാണ് സംസ്ഥാന ബാലാവകാശ കമ്മീഷൻ പെൺകുട്ടിയുടെ വീട്ടിലെത്തി അവളെ കൊണ്ടുപോയത്. വ്യാഴാഴ്ചയാണ് പെൺകുട്ടി ബാലാവകാശ കമ്മീഷനിൽ വിളിച്ച് പരാതി നൽകിയതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ കേസാലി അപ്പാറാവും അറിയിച്ചു. ആദ്യം 112ൽ വിളിച്ച് പെൺകുട്ടി സഹായം തേടിയെങ്കിലും അവർ പ്രതികരിച്ചില്ല. പിന്നീടാണ് ചൈൽഡ്‌ലൈൻ നമ്പറായ 1098ൽ വിളിച്ച് പെൺകുട്ടി സഹായം അഭ്യർഥിച്ചതെന്നും അപ്പാറാവും അറിയിച്ചു. ബാലാവകാശ കമ്മീഷൻ പൊലീസിനെയും വിവരം ധരിപ്പിച്ചതോടെ കേസെടുത്തതായി പൊലീസും അറിയിച്ചു.
Also Read: ബസ്സിൽ അപമര്യാദയായി പെരുമാറി; യുവാവിനെ പൊതിരെ തല്ലി യുവതി; മാപ്പ് പറഞ്ഞിട്ടും അടി നിർത്തിയില്ല
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here