‘പോസ്റ്റ്‌മോര്‍ട്ടം ടേബിളിലെ മരവിച്ച ശരീരങ്ങള്‍’; എ.ഐ ക്യാമറകളെ സ്വാഗതം ചെയ്ത് തൃശൂര്‍ മെഡിക്കല്‍ കോളേജ് ഫോറന്‍സിക് മേധാവി

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളെ സ്വാഗതം ചെയ്ത് തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ഉന്മേഷ്. ഒരു മാസം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടക്കുന്ന 200 ഓളം വരുന്ന പോസ്റ്റ്‌മോര്‍ട്ടങ്ങളില്‍ പകുതിയോളം റോഡപകടങ്ങളില്‍ മരണമടഞ്ഞവരുടേതാണെന്ന് ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ ഭൂരിഭാഗവും യുവാക്കളാണ്. തങ്ങളുടെ ജോലി ഭാരം കുറയുക എന്നതു മാത്രമല്ല. എ.ഐ ക്യാമറകള്‍ വന്നതോടെ ഇടയ്‌ക്കൊക്കെ താന്‍ വരുത്തുന്ന നിയമലംഘനങ്ങള്‍ക്കും അറുതിവരുമെന്നും ഡോ. ഉന്മേഷ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു മാസത്തില്‍ ഏകദേശം 200-ലധികം പോസ്റ്റുമോര്‍ട്ടങ്ങള്‍ നടക്കുന്ന തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗത്തിന്റെ മേധാവി എന്ന നിലയിലും, ഈ എണ്ണത്തില്‍ പകുതിയോളം വിവിധ റോഡപകടങ്ങളില്‍ മരണമടഞ്ഞവരുടെ കൂടിയാണെന്ന യാഥാര്‍ഥ്യത്തെപ്പറ്റി നല്ല ബോധ്യമുള്ളതുമായ ഒരാള്‍ എന്ന നിലയിലും, ഇതില്‍ ഭൂരിഭാഗവും യുവാക്കള്‍ ആണെന്ന സത്യം അറിയുന്നതിനാലും, സര്‍ക്കാരിന്റെ ഏറ്റവും പുതിയ (വൈകിയ) സംരംഭമായ എ.ഐ ക്യാമറകളെ തുറന്ന മനസ്സോടെ സ്വാഗതം ചെയ്യാനേ എനിക്ക് കഴിയൂ…
ഞങ്ങളുടെ ജോലിഭാരം കുറയുന്നത് മാത്രമല്ല അതിന്റെ കാരണം, പറയുമ്പോള്‍ ഞാനും ഒരു സ്ഥിരം യാത്രികന്‍ ആണ്. സ്വാഭാവികമായും നിയമലംഘനങ്ങള്‍ അപൂര്‍വമായി സംഭവിച്ചുപോകാറുമുണ്ട്. പ്രത്യേകിച്ചും ഓവര്‍സ്പീഡ്/മൊബൈല്‍ ഉപയോഗം എന്നീ കാര്യങ്ങളില്‍… മാനുഷികമായ അപര്യാപ്തതകള്‍ എല്ലാവരിലും ഉണ്ടാകുമല്ലോ.

പലപ്പോഴും 4 ലൈന്‍ ട്രാഫിക്കില്‍ തിരക്കില്ലാത്ത സമയങ്ങളില്‍ ആണ് മേല്‍പ്പറഞ്ഞ ലംഘനങ്ങള്‍ ഉണ്ടാകാറുള്ളത്. എന്നാല്‍, ഓരോതവണയും കൃത്യമായി പിഴ അടയ്ക്കാറുമുണ്ടെന്ന് എനിക്ക് ഉറപ്പിച്ചു പറയാനും കഴിയും; അതൊരു ക്രെഡിറ്റ് അല്ലെങ്കില്‍ പോലും.അതേസമയം, 30 വര്‍ഷങ്ങളായുള്ള ഡ്രൈവിങ്ങില്‍ ഞാനായിട്ട് മറ്റൊരാള്‍ക്ക് അപകടം ഉണ്ടാക്കിയിട്ടില്ലെന്നതും എനിക്ക് അഭിമാനമുള്ള ഒരു കാര്യമാണ്.പക്ഷേ, എന്നും ഞങ്ങളുടെ ടേബിളില്‍ കാണുന്ന കേസുകളുടെ ചരിത്രം ചികയുമ്പോള്‍ മനസ്സിലാക്കാറുള്ള ചില വിവരങ്ങള്‍ കേട്ട് നിശബ്ദനായി നിന്നുപോയിട്ടുമുണ്ട്. ചില കൊച്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ആ തണുത്തുമരവിച്ച പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ കിടക്കേണ്ടതിനുപകരം അയാള്‍ അന്നും കോളേജിലോ ഓഫീസിലോ സ്വന്തം കാര്യങ്ങളില്‍ വ്യാപൃതനായിരുന്നേനേ. വീട്ടില്‍ മാതാപിതാക്കളോ, പങ്കാളിയോ അല്ലെങ്കില്‍ കുട്ടികളോ അയാളെപ്പറ്റി ഓര്‍ത്തു വിഷമിക്കാതിരുന്നേനേ.

വെറും അശ്രദ്ധയാണ് പകുതിയിലധികം റോഡപകടങ്ങളുടെയും മൂലകാരണം എന്നതാണ് പരമാര്‍ത്ഥം. ബൈക്കിന്റെ ഹാന്റിലില്‍ തൂങ്ങിയാടുന്ന ഹെല്‍മെറ്റ് തലയില്‍ വെച്ചിരുന്നെങ്കില്‍, തലയില്‍ ഒരു അലങ്കാരം പോലെ സ്ഥാപിച്ചിട്ടുള്ള ഹെല്‍മെറ്റിന്റെ സ്ട്രാപ്പ് കൃത്യമായി ഉറപ്പിച്ചിരുന്നെങ്കില്‍, ഇടതുവശം മുന്‍സീറ്റില്‍ അലസമായി ഇരിക്കുമ്പോള്‍ ആ സീറ്റ്‌ബെല്‍റ്റ് കൂടി ഇട്ടിരുന്നെങ്കില്‍, മുന്‍പില്‍ റോഡിലെ ട്രാഫിക് സിഗ്‌നലിലെ ഓറഞ്ചുനിറത്തോട് (മഞ്ഞ) അല്പംകൂടി ബഹുമാനം കാണിച്ചിരുന്നെങ്കില്‍, ബൈക്കോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉറപ്പിക്കേണ്ട സ്ഥലം തോളിനുപകരം പോക്കറ്റ് ആണെന്ന തിരിച്ചറിവ് ഉണ്ടായിരുന്നെങ്കില്‍, ഈ ജീവനുകള്‍ പൊലിയില്ലായിരുന്നു. അതുപോലെ സീബ്രാലൈന്‍ കാല്‍നടക്കാരുടെ അവകാശമാണെന്ന തിരിച്ചറിവ് ഉണ്ടായിരുന്നെങ്കില്‍, ഗതാഗത കുരുക്കുകള്‍ ഉള്ളപ്പോള്‍ അല്പം കൂടി ക്ഷമകാണിക്കാനും, വരിതെറ്റിച്ചു കൊണ്ട് പോകുന്നതല്ല മാന്യത എന്ന് തിരിച്ചറിയാനുമുള്ള കുറഞ്ഞ ബോധമെങ്കിലും സ്വന്തമായിരുന്നെങ്കില്‍, ട്രാഫിക് സൈനുകള്‍ വെറുതെ ഭംഗിക്ക് വെച്ചിട്ടുള്ള ജോമെട്രിക് കോലങ്ങള്‍ അല്ല എന്ന ബോധ്യമുണ്ടായിരുന്നെങ്കില്‍, നാട്ടിലെ പൊതുനിരത്തുകള്‍ക്ക് മറ്റുള്ളവര്‍ കൂടി അവകാശികള്‍ ആണെന്ന സത്യം എന്നെങ്കിലും മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍, ഒരുനല്ല ഗതാഗത സംസ്‌കാരം നമുക്ക് സ്വന്തമായേനേ.

നേരത്തെ വരേണ്ടിയിരുന്ന ഇത്തരം മാര്‍ഗനിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും ഇപ്പോഴെങ്കിലും സാധ്യമായതില്‍ സന്തോഷിക്കുന്ന ഒരാളാണ് ഞാന്‍. എന്തായാലും പ്രാരംഭഘട്ടമായി ഒരുമാസത്തെ ട്രാഫിക് ബോധവല്‍ക്കരണം കൊടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നല്ലതുതന്നെ.
സിനിമാ തീയറ്റര്‍, ഷോപ്പിംഗ് മാളുകള്‍, ടെലിവിഷന്‍, പത്ര-മാധ്യമങ്ങള്‍ എന്നിവകൂടി ഉപയോഗിച്ചുള്ള ഒരു ഊര്‍ജ്ജിതമായ ബോധവല്‍ക്കരണം തന്നെ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയാണ് വേണ്ടത്. ഒപ്പം ഒരു നല്ല ഗതാഗത-സംസ്‌കാരം വളര്‍ത്തിയെടുക്കാനും ശീലിക്കാനും നമ്മളും തയ്യാറാവണം….

ഡോ. ഉന്മേഷ് എ.കെ
ഫോറന്‍സിക് മേധാവി & പോലീസ് സര്‍ജന്‍
തൃശൂര്‍ മെഡിക്കല്‍ കോളേജ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here