വയനാട് ആനപ്പാറ എസ്റ്റേറ്റിലെ കടുവ ഭീതി; അമ്മക്കടുവയേയും 3 കുഞ്ഞുങ്ങളെയും കാത്ത് വനംവകുപ്പിൻ്റെ ഓപ്പറേഷൻ റോയൽ സ്ട്രൈപ്സ്

വയനാട്‌ ചുണ്ടേൽ ആനപ്പാറ എസ്റ്റേറ്റിൽ കണ്ടെത്തിയ അമ്മക്കടുവക്കും മൂന്ന് കുട്ടികൾക്കുമായി വനം വകുപ്പിൻ്റെ ഓപ്പറേഷൻ റോയൽ സ്ട്രൈപ്സ്‌. ചെറിയകൂടിന്‌ പുറമേ വലിയ കൂടും ഒരുക്കിയാണ്‌ കടുവക്കായി കെണിയൊരുക്കിയിരിക്കുന്നത്‌. കുട്ടികളുള്ളതിനാൽ ഒരുമിച്ച്‌ പിടികൂടാനേ സാധിക്കൂ എന്ന വെല്ലുവിളി മറികടക്കാൻ വനം വകുപ്പ്‌ ആദ്യമായാണ്‌ ഇത്തരമൊരു ശ്രമം നടത്തുന്നത്‌. 2023 ഡിസംബറിൽ താമരശ്ശേരി ചുരത്തിൽ ആദ്യം കണ്ട കടുവയും കുഞ്ഞുങ്ങളുമാണ്‌ ഇപ്പോൾ ചുണ്ടേൽ ടൗണിനോട്‌ ചേർന്ന ആനപ്പാറ എസ്റ്റേറ്റിലുള്ളത്‌. തോട്ടം തൊഴിലാളികളെയുൾപ്പെടെ ഭീതിയിലാക്കി കടുവ മൂന്ന് വളർത്തുമൃഗങ്ങളെ ഇതിനിടെ ആക്രമിച്ച്‌ കൊലപ്പെടുത്തുകയും ചെയ്തു. ഇതോടെ കടുവയെ പിടികൂടാൻ വനം വകുപ്പ്‌ ശ്രമങ്ങളാരംഭിക്കുകയായിരുന്നു. വനംവകുപ്പ്‌ സ്ഥാപിച്ച ക്യാമറകളിൽ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞതോടെ കൂട്‌ സ്ഥാപിച്ചു. മൂന്ന് കുട്ടികളുൾപ്പെടുന്ന കടുവകളെ പിടികൂടുന്നതിന്‌ കർശന നിയമ പരിമിതികളുള്ളതിനാലാണ്‌ പ്രത്യേക പദ്ധതി തന്നെ വനം വകുപ്പ്‌ തയ്യാറാക്കിയിരിക്കുന്നത്‌.

ALSO READ: ‘എന്നെ കള്ളനെന്നു വിളിച്ചു’ പൊലീസിനോട് പരാതിയുമായി യുവാവ്; നീതി ലഭ്യമാക്കണമെന്ന് നെറ്റിസൺസ്: വൈറലായി വീഡിയോ

മൈസൂരുവിൽ നിന്നെത്തിച്ച 32 അടി നീളവും 10 അടി വീതം വീതിയും ഉയരവുമുള്ള ഭീമൻ കൂടും സാധാരണ കൂടും സ്ഥാപിച്ചാണ്‌ കടുവക്കായുള്ള പ്രത്യേക കെണി ഒരുക്കിയിരിക്കുന്നത്.  ഇന്ത്യയിൽ തന്നെ അപൂർവ്വമാണ്‌ ഇത്തരമൊരു ശ്രമമെന്ന്  സൗത്ത്‌ വയനാട്‌ ഡിഎഫ്‌ഒ അജിത്‌ കെ. രാമൻ പറഞ്ഞു.  ആദ്യം അമ്മക്കടുവയല്ല കൂട്ടിലാവുന്നതെങ്കിൽ ഈ ശ്രമം സങ്കീർണ്ണമാവാനും സാധ്യതയുണ്ട്‌. ഉത്തരമേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എസ്. ദീപക്കിനാണ് ഓപ്പറേഷൻ ചുമതല. ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സക്കറിയ ഉൾപ്പെടെയുള്ള വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത്‌ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News