കോൺഗ്രസ് എം പി പ്രിയങ്ക ഗാന്ധിക്കെതിരെ ലൈംഗിക അധിക്ഷേപ പരാമർശവുമായി ബിജെപി മുൻ എംപിയും സ്ഥാനാർത്ഥിയുമായ രമേശ് ബിധുരി. താൻ വിജയിച്ചാൽ റോഡുകൾ പ്രിയങ്ക ഗാന്ധിയുടെ കവിളുകൾ പോലെ മനോഹരമാക്കുമെന്നായിരുന്നു ബിധുരിയുടെ വിവാദ പരാമർശം. ബിജെപിയുടെ സ്ത്രീ വിരുദ്ധതയാണ് ബിധുരിയുടെ വാക്കുകളിലൂടെ പുറത്തുവന്നതെന്ന് കോൺഗ്രസ് പ്രതികരിച്ചു.
വരാനിരിക്കുന്ന ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ കൽക്കാജി മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി രമേശ് ബിധുരിയുടെ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. ദില്ലിയിൽ നടന്ന പ്രചാരണ റാലിക്കിടെ കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിക്കെതിരെയായിരുന്നു ബിജെപി സ്ഥാനാർഥിയുടെ ലൈംഗിക അധിക്ഷേപം. കൽക്കാജി മണ്ഡലത്തിൽ നിന്നും വിജയിച്ചാൽ റോഡുകൾ പ്രിയങ്ക ഗാന്ധിയുടെ കവിളുകൾ പോലെ മനോഹരമാക്കുമെന്നായിരുന്നു ബിധുരിയുടെ വിവാദ പരാമർശം.
സ്ത്രീവിരുദ്ധ പാർട്ടിയാണ് ബിജെപി എന്നും ഒരു ജനപ്രതിനിധിയിൽ നിന്ന് ഇത്തരത്തിലുള്ള വാക്കുകൾ ഉണ്ടാകുന്നത് ലജ്ജാകരമാണെന്നും കോൺഗ്രസ് പ്രതികരിച്ചു. ഇത് ബിജെപിയുടെ യഥാർത്ഥ മുഖം വ്യക്തമാക്കുന്നതാണ്.അയാളുടെ വൃത്തികെട്ട മനോനിലയാണ് വാക്കുകളിൽ തെളിഞ്ഞതെന്നും കോൺഗ്രസ് വിമർശിച്ചു. സ്ത്രീ വിരുദ്ധപ്രസ്താവനയിൽ ബിധുരി മാപ്പു പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ബിധുരിക്കെതിരെ ആം ആദ്മി പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗും രംഗത്ത് വന്നു. ഇങ്ങനെയാണ് ബിജെപി സ്ത്രീകളെ ആദരിക്കുന്നത്, ഇത്തരം നേതാക്കളുടെ കീഴിൽ ദില്ലിയിലെ സ്ത്രീകൾ സുരക്ഷിതരാണോ എന്നും സഞ്ജയ് സിംഗ് എക്സിൽ കുറിച്ചു.
also read: അരവിന്ദ് കെജ്‌രിവാൾ ദുരന്തമാണെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
അതേസമയം തന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്ന് ബിധുരി മാധ്യമങ്ങളോട് പ്രതികരിച്ചു. മുമ്പൊരിക്കൽ ബീഹാറിലെ റോഡുകൾ ഹേമാ മാലിനിയുടെ കവിളുകൾ പോലെയാക്കുമെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞിട്ടുണ്ടെന്നും ഇന്ന് കോൺഗ്രസ് പ്രസ്താവനയിൽ വേദനിക്കുന്നുണ്ടെങ്കിൽ ഹേമാ മാലിനിയുടെ കാര്യമോ, അവർ സ്ത്രീ അല്ലേയെന്നുമായിരുന്നു ബിധുരിയുടെ മറുപടി. മാത്രമല്ല പ്രിയങ്കയെക്കാൾ ഒരു പടി മുന്നിലാണ് ഹേമമാലിനിയെന്നും ബിധുരി അവകാശപ്പെട്ടു.കൽക്കാജിയിൽ ദില്ലി മുഖ്യമന്ത്രി അതിഷിയാണ് ബിധുരിയെ നേരിടുന്നത്. ത്രികോണ മത്സരത്തിൽ കോൺഗ്രസിന്റെ അൽക ലാംപയും രംഗത്തുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here