അരനൂറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ അധ്യായത്തിന് അന്ത്യംകുറിച്ച് ഉമ്മന്‍ചാണ്ടി വിടവാങ്ങി. പുതുപ്പള്ളി സെന്‍റ് ജോര്‍ജ് വലിയ പള്ളിയിലെ പ്രത്യേക കല്ലറയില്‍ ഇനി കുഞ്ഞൂഞ്ഞ് വിശ്രമിക്കും. പതിനായിരക്കണക്കിന് ജനങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ സ്വീകരിച്ചാണ് അദ്ദേഹം വിടവാങ്ങിയത്. സംസ്കാര ചടങ്ങിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിച്ചു. കർദിനാൾ മാർ ആലഞ്ചേരിയും ഒപ്പമുണ്ടായിരുന്നു.
ALSO READ: ചലച്ചിത്ര നടൻ വിനായകനെതിരെ കേസ്
തറവാട്ടു വീട്ടിലും നിർമാണത്തിലിരിക്കുന്ന പുതിയ വീട്ടിലും പൊതുദർശനവും പ്രാർഥനയും കഴിഞ്ഞശേഷമാണ് പള്ളിയിലേക്കുള്ള വിലാപ യാത്ര ആരംഭിച്ചത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ ഉള്ളവർ വിലാപ യാത്രയിൽ പങ്കെടുത്തു.
ചൊവ്വാഴ്ച പുലര്‍ച്ചെ 4.25 ന് ബെംഗളൂരുവിലെ ചിന്മയ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. വിയോഗ വാര്‍ത്ത അറിഞ്ഞതു മുതല്‍ കോട്ടയത്തെ വീട്ടിലും തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിലും ആയിരങ്ങളെത്തി. ഉച്ച കഴിഞ്ഞ് മൃതദേഹം തിരുവനന്തപുരം വിമാന താവളത്തിലെത്തിയത് മുതല്‍ കണ്ടത് ജനസാഗരം. തിരുവനന്തപുരത്തെ ദര്‍ബാര്‍ ഹാളിലും, സെന്‍റ് ജോര്‍ജ് കത്തീഡ്രലിലും ഡിസിസി ഓഫീസിലേക്കും ജനങ്ങള്‍ ഇരച്ചെത്തി.
പിറ്റേന്ന് രാവിലെ ആരംഭിച്ച കോട്ടയത്തേക്കുള്ള വിലപായാത്രയിലുടനീളം കരഞ്ഞും നിലവിളിച്ചും മുദ്രവാക്യം വീളിച്ചും പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും അദ്ദേഹത്തെ വളഞ്ഞു. താന്‍ പ്രണയിച്ച ആള്‍ക്കൂട്ടം അവസാന യാത്രയിലും കുഞ്ഞൂഞ്ഞിനൊപ്പം ഉണ്ടായിരുന്നു. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽനിന്ന് ആരംഭിച്ച യാത്ര 28 മണിക്കൂർ പിന്നിട്ടാണ് തിരുനക്കരയിൽ എത്തിയത്.
മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങളും, മന്ത്രിമാർ, രാഷ്ട്രീയ രംഗത്തെ മറ്റു പ്രമുഖരടക്കം പതിനായിരക്കണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ്, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here