ഒരു ജോലിക്ക് 20 ലക്ഷം അങ്ങോട്ട് കൊടുക്കണം; സോമാറ്റോ പരസ്യത്തിനുപിന്നാലെ സിഇഒയെ ന്യായീകരിച്ച് മുൻ ജീവനക്കാരൻ

ഇരുപത് ലക്ഷം രൂപ അങ്ങോട്ട് നല്‍കി നേടേണ്ട സൊമാറ്റോയിലെ ഒരു ജോലി വലിയ രീതിയിൽ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ ഈ വലിയ തുകയ്ക്ക് പിന്നിലെ കാരണങ്ങൾ വ്യക്തമാക്കിയുള്ള ഒരു മുൻ ജീവനക്കാരന്റെ കുറിപ്പാണിപ്പോൾ വൈറലായിരിക്കുന്നത്. ജോലി ലഭിച്ച് ഒരു വർഷത്തേക്ക് ശമ്പളമില്ലാതെ പണിയെടുക്കണമെന്ന ചീഫ് ഓഫ് സ്റ്റാഫ് തസ്തികയിലേക്ക് ആളെ തേടുന്നു എന്നതായിരുന്നു ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയിൽ നിന്നുള്ള അറിയിപ്പ്. കമ്പനിയുടെ സഹ സ്ഥാപകൻ ദീപിന്ദര്‍ ഗോയലാണ് ഇത്തരമൊരു തസ്തികയുടെ വിവരങ്ങള്‍ എക്സിലൂടെ പങ്കുവെച്ചത്. ഇങ്ങനെയൊരു വാർത്ത ഉദ്യോഗാര്‍ഥികളിൽ ഉണ്ടാക്കിയ ആശയക്കുഴപ്പവും ചെറുതൊന്നുമായിരുന്നില്ല.

സോഷ്യൽ മീഡിയയിൽ തന്നെ ചർച്ചയായ ഈ പോസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ഇതോടെ സൊമാറ്റോയുടെ മുന്‍ ജീവനക്കാരാനായ അര്‍ണവ് ഗുപ്തയും എക്സിലൂടെ പ്രതികരണമറിയിക്കുകയായിരുന്നു. ‘ദീപിന്ദര്‍ ഗോയലിനോടൊപ്പം ഒരു വര്‍ഷം ജോലി ചെയ്യാന്‍ അവസരം ലഭിക്കുന്ന ആള്‍ക്കുവേണ്ടി’, എന്നതായിരുന്നു അര്‍ണവ് ഗുപ്തയുടെ പോസ്റ്റ്. ‘മാനേജ്മെന്റ് കണ്‍സള്‍ട്ടിങ്ങിലോ സ്ട്രാറ്റജിയിലോ കരിയര്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ ഈ ജോലി 20 ലക്ഷത്തിനും മുകളിലാണ്’. ഇതാണ് മുൻ ജീവനക്കാരൻ കൂടിയായ അർണവ് ഗുപ്തയുടെ അഭിപ്രായം

ഇതിനെന്തിനാണ് പണം നൽകുന്നതെന്ന ചോദ്യത്തിന്, ഈ ചോദ്യം ഉന്നയിക്കുന്നുണ്ടെങ്കില്‍ ഇത് നിങ്ങള്‍ക്ക് പറഞ്ഞിട്ടുള്ള പണിയല്ലെന്നായിരുന്നു അർണവ് ഗുപ്ത പറഞ്ഞത്. കാരണം ഐഐഎമ്മിലുള്‍പ്പടെ എംബിഎ ചെയ്യാന്‍ ഇതിലുമേറെ പണമാകുമെന്നുമായിരുന്നു അര്‍ണവിന്റെ വിശദീകരണം. എന്നാല്‍ ദിവസങ്ങള്‍ക്കു മുമ്പ് ഇയാള്‍ പെയ്ഡ് ഇന്റേണ്‍ഷിപ്പിനെ വിമര്‍ശിക്കുന്ന തരത്തിൽ പങ്കുവെച്ചിട്ടുള്ള സ്‌ക്രീന്‍ഷോട്ട് ചിലർ കമന്റിൽ പങ്കുവെച്ചിട്ടുണ്ട്.

സൊമാറ്റോയുടെ ലാഭരഹിത സംരംഭമാണ് ഫീഡിങ് ഇന്ത്യ. ഇതിനുവേണ്ടിയാണ് 20 ലക്ഷം രൂപ വിനിയോഗിക്കുന്നത്. സൊമാറ്റോയുടെ കണ്‍സ്യൂമര്‍ ആപ് എഞ്ചിനീയറിങ് ഹെഡായാണ് അര്‍ണവ് ഗുപ്ത പ്രവര്‍ത്തിച്ചിരുന്നത്. പാരമ്പര്യ സ്വത്തുള്ളവര്‍ക്കും വലിയ തുക കൈവശമുള്ളവര്‍ക്കും മാത്രമാണ് ഇത്തരത്തിലൊരു ജോലിക്കായി ശ്രമിക്കാന്‍ സാധിക്കുകയെന്നും വിമര്‍ശനമുണ്ട്.

എംബിഎ ചെയ്യാനാണെങ്കില്‍ 20 ലക്ഷം ബാങ്ക് ലോണ്‍ എടുക്കാമെന്നും എന്നാല്‍ സൊമാറ്റോയില്‍ ജോലിചെയ്യണമെന്ന് ആവശ്യവുമായി ലോണിന് അപേക്ഷിക്കാന്‍ ആകില്ലെന്നും പരിഹാസങ്ങള്‍ ഉയര്‍ന്നിരുന്നു. പണം നല്‍കാന്‍ തയ്യാറായവര്‍ക്കല്ല കമ്പനി – ജോലി നല്‍കുകയെന്നും അപേക്ഷകളില്‍ അര്‍ഹിക്കുന്നവര്‍ക്കായിരിക്കും ജോലി നല്‍കുകയെന്നും ദിപീന്ദര്‍ ഗോയല്‍ വ്യക്തമാക്കിയിരുന്നു. നവംബര്‍ 21 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന തിയതി. 18,000 അപേക്ഷള്‍ ലഭിച്ചതായി ദീപിന്ദര്‍ അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News