നാടകീയ അറസ്റ്റിനു പിന്നാലെ ഇമ്രാൻഖാനെ കോടതിയിൽ ഹാജരാക്കി പൊലീസ്. ഇസ്ലാമാബാദ് ഹൈക്കോടതി സമുച്ചയത്തിനകത്ത് നിന്ന് അൽ ഖാദിർ അഴിമതിക്കേസിലായിരുന്നു ഇമ്രാൻഖാനെ അറസ്റ്റ് ചെയ്തത്. ഇന്ന് വൈകിട്ട് ഇസ്ലാമാബാദിൽ തയ്യാറാക്കിയ താൽക്കാലിക കോടതിയിലാണ് ഇമ്രാനെ ഹാജരാക്കിയത്. നാഷണൽ അക്കൗണ്ടബിലിറ്റി ബോർഡിൻറെ 14 ദിവസത്തെ കസ്റ്റഡി ആവശ്യത്തിന്മേൽ വിധി പറയാൻ മാറ്റിയിരിക്കുകയാണ് കോടതി. കഴിഞ്ഞ ഓഗസ്റ്റിൽ ഇമ്രാനെതിരെ ഫയൽ ചെയ്ത തോഷഖാന കേസിലും കോടതി കുറ്റം ചുമത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങൾ, കുറഞ്ഞ വിലയ്ക്ക് വിറ്റ് നേട്ടം ഉണ്ടാക്കി എന്നതാണ് തോഷഖാന കേസ്. ഇമ്രാൻഖാനെ പാർപ്പിച്ചിരിക്കുന്ന പ്രദേശത്തും ചുറ്റിലും കനത്ത പൊലീസ് സന്നാഹമാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. കോടതിയിൽ ഹാജരാക്കുന്നതിന് തൊട്ട് മുമ്പ് വരെ ഇമ്രാനെ കാണാൻ അഭിഭാഷകർക്കും പിടിഐ നേതാക്കൾക്കും അവസരം നൽകിയില്ലെന്നും ആരോപണം ഉയർന്നിരുന്നു.
ഇമ്രാന്റെ നാടകീയ അറസ്റ്റിന്മേൽ പാകിസ്ഥാനിലാകെ പടർന്ന പ്രതിഷേധം സമരക്കാരും സൈന്യവും തമ്മിലുള്ള സംഘർഷമായി തുടരുകയാണ്. ക്വെറ്റ, ലാഹോർ, റാവൽപിണ്ടി, കറാച്ചി, പെഷവാർ എന്നിവിടങ്ങളിലാണ് പ്രക്ഷോഭം രൂക്ഷം. ഇതുവരെ രണ്ട് പേരെങ്കിലും കൊല്ലപ്പെട്ട സംഘർഷത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. പ്രതിഷേധങ്ങൾക്ക് തടയിടാൻ പഞ്ചാബ് പ്രവിശ്യയിൽ മാത്രം ആയിരത്തിലധികം പേരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. സംഘർഷബാധിത പ്രദേശങ്ങളിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധങ്ങൾക്കിടെ 130 പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റതായും 25 പൊലീസ് വാഹനങ്ങൾക്ക് തീവെച്ചതായും 14 സർക്കാർ കെട്ടിടങ്ങൾ നശിപ്പിച്ചതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇമ്രാൻ്റെ അറസ്റ്റ് വിപണിയിലും പ്രതിഫലിച്ചിട്ടുണ്ട് എന്നാണ് സൂചന. പാകിസ്ഥാനി രൂപയുടെ മൂല്യം 1.3% ഇടിഞ്ഞ് ഡോളറിന് 288 എന്ന നിലയിലേക്ക് താഴ്ന്നു. മൊബൈല്‍-ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ട പാകിസ്ഥാനിൽ സമൂഹമാധ്യമങ്ങൾക്കും നിയന്ത്രണം തുടരുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here