മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദ്ദേശപ്രകാരം പൊലീസ് സേനയിലെ ഗുരുതര ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്ന നടപടി തുടരുന്നു. നടപടിയുടെ ഭാഗമായി തിരുവനന്തപുരം അയിരൂർ മുൻ എസ്എച്ച്ഒ യെ സർവ്വീസിൽ നിന്ന് പിരിച്ചുവിടും. ആർ. ജയസനിലിനെതിരെയാണ് പിരിച്ചുവിടൽ നടപടിയെടുക്കുന്നത്. പിരിച്ചുവിടുന്നതിന് മുന്നോടിയായി പൊലീസ് മേധാവി അനിൽ കാന്ത് ഇയാൾക്ക് കാരണം കണിക്കൽ നോട്ടീസ് നൽകി. ഏഴ് ദിവസത്തിനകം മറുപടി നൽകണം എന്നും ഡിജിപി ആവശ്യപ്പെട്ടു.പോക്സോ കേസ് പ്രതിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ സസ്പെൻഷനിലായിരുന്നു ജയസനിൽ.
പോക്സോ കേസിൽ പ്രതിയായ യുവാവിനെ തൻ്റെ ക്വാർട്ടേഴ്സിൽ വിളിച്ചു വരുത്തി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ആളാണ് അയിരൂർ സിഐയായിരുന്ന ജയസനിൽ. കേസിൽ നിന്ന് രക്ഷിക്കാമെന്നു പറഞ്ഞ് പോക്സോ കേസിലെ പ്രതിയിൽ നിന്നും ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങാനും ഇയാള്‍ ശ്രമിച്ചിരുന്നു. റിസോർട്ട് ഉടമയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ സസ്പെൻഷനായതിന് പിന്നാലെയാണ് ജയസലിനെതിരെ പ്രകൃതിവിരുദ്ധ പീഡന പരാതിയും പുറത്തുവരുന്നത്.
ബലാത്സംഗം, പോക്സോ, മോഷണം, കൈക്കൂലി തുടങ്ങിയ ഗുരുതര ക്രിമിനല്‍ കേസുകളിലുള്‍പ്പെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടാൻ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് മേധാവി അനിൽ കാന്തിന് കർശന നിർദ്ദേശം നൽകിയതിൻ്റെ തുടർ നടപടികളുടെ ഭാഗമായിട്ടാണ് പിരിച്ചുവിടൽ. നേരത്തെ പീഡനക്കേസിൽ പ്രതികളായവരും സേനയുടെ അന്തസിന് കളങ്കമുണ്ടാക്കിയവരുമായ 4 ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പിരിച്ചുവിട്ടിരുന്നു
15 തവണ വകുപ്പുതല നടപടി നേരിട്ട ബേപ്പൂര്‍ കോസ്റ്റല്‍ സിഐ ആയിരുന്നു പി.ആര്‍ സുനുവിനെ പിരിച്ച് വിട്ടതതോടെയാണ് പൊലീസ് സേനയിലെ ശുദ്ധീകരണം ആരംഭിച്ചത്. കേരള പൊലീസ് ആക്ട് 86 പ്രകാരം പൊലീസ് സേനയില്‍ നിന്നും പിരിച്ചുവിടുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് സുനു. സംസ്ഥാന പൊലീസ് സേനയിലെ സിവില്‍ പൊലീസ് വിഭാഗത്തിലെ ക്രിമിനലുകള്‍ക്കെതിരെ പിരിച്ച് വിടല്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന വകുപ്പാണ് കെപി ആക്ട് 86.
എസ്ഐമാര്‍ക്കെതിരെ ജില്ല പൊലീസ് മേധാവിമാര്‍ക്കും സിഐമാര്‍ക്കെതിരെ ഡിഐജിമാര്‍ക്കും ഐജിക്കും എഡിജിപിമാര്‍ക്കും ഡിവൈഎസ്പിമാര്‍ക്കെതിരെ സര്‍ക്കാറിനും പിരിച്ചുവിടല്‍ നടപടി സ്വീകരിക്കാമെന്ന് പൊലീസ് നിയമത്തിലെ എണ്‍പത്തിയാറാം വകുപ്പ് ശുപാര്‍ശ ചെയ്യുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിയെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഉയര്‍ന്ന തസ്തികകളിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയാകും ആദ്യം നടപടിയുണ്ടാകുക. പിന്നാലെ നടപടി താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കാനാണ് നീക്കം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here