മുംബൈ: മുൻ ദക്ഷിണാഫ്രിക്കൻ പേസ് ഇതിഹാസം മോണെ മോർക്കലിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ബൗളിംഗ് പരിശീലകനായി നിയമിച്ചു. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറി ജയ് ഷാ അറിയിച്ചതാണ് ഇക്കാര്യം. ഐ പിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനൊപ്പം രണ്ട് സീസണുകളിൽ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനൊപ്പം മോണെ മോർക്കൽ പ്രവർത്തിച്ചിട്ടുണ്ട്.
അടുത്ത മാസം ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയാണ് മോർക്കലിൻ്റെ ഇന്ത്യൻ ടീമുമായുള്ള ആദ്യ മത്സരം. പാകിസ്ഥാനൊപ്പം പ്രവർത്തിച്ചതിന് ശേഷം ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിൻ്റെ ബൗളിംഗ് പരിശീലകനായി മോർക്കൽ തിരിച്ചെത്തുകയാണ്.
ഗംഭീറിന്‍റെ താൽപര്യപ്രകാരമാണ് മോർക്കൽ ഇന്ത്യൻ ടീമിനൊപ്പം ചേരുന്നത്. നേരത്തെ മുഖ്യ പരിശീലകനായുള്ള അഭിമുഖത്തിനിടെ മോർക്കലിനെ തന്‍റെ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന താൽപര്യം ഗംഭീർ ബിസിസിഐയുമായി പങ്കുവെച്ചിരുന്നു.
കരിയറിൽ മികച്ച പ്രകടനമാണ് മോർക്കൽ ദക്ഷിണാഫ്രിക്കയ്ക്കായി കാഴ്ചവെച്ചത്. വേഗതകൊണ്ടും ഉയരംകൊണ്ടും എതിരാളികൾക്ക് വെല്ലുവിളി സൃഷ്ടിച്ച താരമാണ് മോർക്കൽ. 2006 മുതൽ 2018 വരെ ദക്ഷിണാഫ്രിക്കയുടെ കരുത്തുറ്റ ബോളറായിരുന്നു മോർക്കൽ.
86 ടെസ്റ്റുകളിലും 117 ഏകദിനങ്ങളിലും 44 ടി20കളിലും ദക്ഷിണാഫ്രിക്കയ്ക്കായി മോർക്കൽ കളിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ 300ലധികം വിക്കറ്റുകൾ നേടിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here