ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ വേണ്ടിവന്നാല്‍ വെടിവെയ്ക്കുമെന്ന് കേരള മുന്‍ വിജിലന്‍സ് ഡിജിപിയും വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനുമായ നിര്‍മല്‍ ചന്ദ്ര അസ്താന. ജന്തര്‍ മന്തറിലെ പ്രതിഷേധത്തിനിടെ ബജ്റംഗ് പൂനിയ, വെടിവെയ്ക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചുവെന്ന വാര്‍ത്ത പങ്കുവെച്ചായിരുന്നു അസ്താനയുടെ ട്വീറ്റ്.
ആവശ്യമെങ്കില്‍ വെടിവെയ്ക്കുമെന്നും എന്നാലത് നിങ്ങള്‍ പറയുമ്പോഴല്ലെന്നും അസ്താന ട്വീറ്റ് ചെയ്തു. ഒരു ചാക്ക് മാലിന്യം പോലെ തങ്ങള്‍ നിങ്ങളെ വലിച്ചെറിഞ്ഞു. സെക്ഷന്‍ 129 പൊലീസിന് വെടിവെയ്പ്പിനുള്ള അനുമതി നല്‍കുന്നുണ്ട്. സാഹചര്യം ആവശ്യപ്പെടുകയാണെങ്കില്‍ അത് ഉപയോഗിക്കും. എന്നാലത് അറിയണമെങ്കില്‍ വിദ്യാഭ്യാസം ആവശ്യമാണ്. നമുക്ക് വീണ്ടും പോസ്റ്റ്മോര്‍ട്ടം ടേബിലില്‍ കാണാം എന്നും അസ്താന ട്വീറ്റ് ചെയ്തു.
ഈ ട്വീറ്റ് പങ്കുവെച്ചായിരുന്നു ബജ്റംഗ് പൂനിയയുടെ മറുപടി. ഈ ഐ.പി.എസ്. ഓഫീസര്‍ തങ്ങളെ വെടിവെക്കുമെന്ന് പറയുന്നുവെന്നും തങ്ങള്‍ നിങ്ങള്‍ക്ക് മുന്നിലുണ്ടെന്നും പൂനിയ പറഞ്ഞു. എവിടെ വരണമെന്ന് പറയൂ. നിങ്ങളുടെ വെടിയുണ്ടകള്‍ തങ്ങള്‍ നെഞ്ചില്‍ സ്വീകരിക്കാം. അതുമാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഇനി അതുകൂടി ചെയ്യൂ എന്നും പൂനിയ കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here