നഗ്നത കാണാവുന്ന കണ്ണടകള്‍; ലക്ഷങ്ങളുടെ തട്ടിപ്പ്; മലയാളികള്‍ ഉള്‍പ്പെടെ നാലംഗസംഘം പിടിയില്‍

നഗ്നത കാണാവുന്ന കണ്ണടകള്‍ വില്‍പനയ്ക്ക് എന്ന പേരില്‍ തട്ടിപ്പ് നടത്തിയ സംഘം പിടിയില്‍. മലയാളികള്‍ ഉള്‍പ്പെടെ നാലംഗസംഘമാണ് ചെന്നൈയില്‍ പിടിയിലായത്. ഇതിന്റെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പാണ് സംഘം നടത്തിയത്. കോയമ്പേടുള്ള ലോഡ്ജില്‍ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. തൃശൂര്‍ സ്വദേശിയായ ദുബൈദ്, വൈക്കം സ്വദേശിയായ ജിത്തു, മലപ്പുറം സ്വദേശിയായ ഇര്‍ഷാദ്, ബംഗളൂരു സ്വദേശിയായ സൂര്യ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

നാലംഗ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ആറ് ലക്ഷം രൂപ കവര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടി ചെന്നൈ സ്വദേശിയായ യുവാവ് കോയമ്പേട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് പ്രതികള്‍ താമസിക്കുന്ന കോയമ്പേട് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ലോഡ്ജില്‍ പൊലീസ് പരിശോധന നടത്തി. ഇവരില്‍ നിന്ന് തോക്കുകള്‍, കൈവിലങ്ങ്, നാണയങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. വിശദമായ ചോദ്യം ചെയ്യലില്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു.

നഗ്നത കാണാന്‍ സാധിക്കുന്ന എക്‌സറേ കണ്ണടകള്‍ വില്‍പനയ്ക്കുണ്ടെന്ന തരത്തില്‍ പ്രതികള്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്യം നല്‍കിയിരുന്നു. ഒരു കോടി രൂപ വിലവരുന്ന കണ്ണട ആറ് ലക്ഷം രൂപയ്ക്ക് നല്‍കാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. താല്‍പര്യമുള്ളവരെ തങ്ങള്‍ താമസിക്കുന്ന ലോഡ്ജിലേക്ക് ഇവര്‍ വിളിച്ചുവരുത്തും. പരീക്ഷിക്കാനായി ഒരു കണ്ണട നല്‍കുകയും ചെയ്യും. കണ്ണട വെച്ചാലും പ്രതീക്ഷിക്കുന്ന പോലെയുള്ള മാറ്റം കാണാതെ വരുമ്പോള്‍ ശരിയാക്കി തരാം എന്ന് പറഞ്ഞ് സംഘം കണ്ണട തിരികെ വാങ്ങും. തുടര്‍ന്ന് നിലത്തിട്ട് പൊട്ടിക്കും. കണ്ണടയുടെ തുകയായി ഒരു കോടി രൂപ ആവശ്യപ്പെടും. നല്‍കിയില്ലെങ്കില്‍ പൊലീസില്‍ പറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും.

ഇവരുടെ സംഘത്തില്‍പ്പെട്ട രണ്ട് പേര്‍ പൊലീസ് വേഷത്തില്‍ തോക്കുമായി പുറത്തു കാത്തുനില്‍ക്കുന്നുണ്ടാകും. ഇവര്‍ വിളിക്കുന്ന പക്ഷം വ്യാജ പൊലീസ് വേഷധാരികള്‍ അകത്തുവന്ന് ഭീഷണിപ്പെടുത്തും. നഗ്നത കാണാന്‍ കണ്ണട വാങ്ങാന്‍ എത്തിയവര്‍ എന്ന് പറഞ്ഞ് തട്ടിപ്പിനിരയായവരെ ഇവര്‍ പരിഹസിക്കും. പലരും പണം നല്‍കി രക്ഷപ്പെടുകയാണ് പതിവ്. മാനക്കേട് ഭയന്ന് ആരും പരാതിപ്പെടില്ല എന്ന ധൈര്യത്തിലാണ് സംഘം തട്ടിപ്പ് തുടര്‍ന്നത്. ഇങ്ങനെ തട്ടിപ്പ് നടത്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം സംഘം പിടിയിലാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News