കെ ദാമോദരന്‍റെ ഓര്‍മകളില്‍ കേരളം

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ, മാർക്സിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായിരുന്ന കെ ദാമോദരന്റെ നാൽപത്തി ഏഴാം ചരമ വാർഷികദിനമാണ് ജൂലൈ മൂന്ന്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ മലയാളത്തിൽ ആദ്യമായി പരിഭാഷപ്പെടുത്തിയത് കെ ദാമോദരനാണ്. കെ ദാമോദരൻ കേരളത്തിലെ മാർക്സിസ്റ്റ് ചിന്തകരിൽ പ്രധാനിയും വൈവിദ്ധ്യമാർന്ന ഒട്ടേറെ കൃതികളുടെ രചയിതാവുമായിരുന്നു.

കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ച നാൽവർ സംഘത്തിൽ ഒരാളായിരുന്നു അദ്ദേഹം. 1937 ലാണ് കോഴിക്കോട്ടെ പാളയത്തുള്ള ഒരു പച്ചക്കറി പീടികയുടെ മുകളിൽ വളരെ രഹസ്യമായി പി കൃഷ്ണപിള്ള, ഇ.എം.എസ്. നമ്പൂതിരിപ്പാട്, കെ ദാമോദരൻ, എൻ.സി. ശേഖർ, എസ്.വി. ഘാട്ടെ എന്നിവർ ചേർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളം ഘടകം രൂപീകരിക്കുന്നത്. അതിനും രണ്ട് വർഷങ്ങൾക്ക് മുമ്പേ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്നു പാർട്ടി അംഗമായിരുന്നു. 1938 ൽ പൊന്നാനിയിൽ നടന്ന ബീഡി തൊഴിലാളികളുടെ സമരത്തിന്റെ നായകൻ കെ ദാമോദരൻ ആയിരുന്നു. കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വിത്തിട്ട വർഗ്ഗ സമരങ്ങളിൽ ഒന്നായിരുന്നു അത്.

പാട്ടബാക്കി, രക്തപാനം തുടങ്ങിയ നാടകങ്ങളിലൂടെ കേരളത്തിലെ നവോത്ഥാനാന്തര രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് സർഗാത്മകതയുടെ പോരാട്ടവീര്യം നൽകാനും അദ്ദേഹത്തിന് കഴിഞ്ഞു.കേരളത്തിലെ ആദ്യ രാഷ്ട്രീയ-സാമൂഹ്യ നാടകമായിട്ടാണ് പാട്ടബാക്കിയെവിലയിരുത്തപ്പെടുന്നത്. നിരവധി ചെറുകഥകളും രചിച്ചിട്ടുണ്ട്. നിരവധി വിഷയങ്ങളിലായി നാൽപ്പതിലേറെ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ തിരൂർ വില്ലേജിൽ പൊറൂർ ദേശത്ത് കിഴക്കിനിയേടത്ത് തുപ്പൻ നമ്പൂതിരിയുടേയും കീഴേടത്ത് നാരായണി അമ്മയുടേയും മകനായാണ് ദാമോദരൻ ജനിച്ചത്. സ്കൂൾ പഠനം തിരൂരങ്ങാടി മാട്ടായി പ്രൈമറി സ്കൂൾ തിരൂർ സർക്കാർ സ്കൂൾ എന്നിവിടങ്ങളിലും, കോളേജ് പഠനം കോഴിക്കോട്ടെ സാമൂതിരി കോളേജിലുമായിരുന്നു. വിദ്യാർത്ഥി പ്രസ്ഥാങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും സ്വാതന്ത്ര്യസമര പോരാട്ടത്തിൽ പങ്കുകൊള്ളുകയും ചെയ്തു. നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കുകൊണ്ടതിന് 1931 ൽ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും 23 മാസം കഠിനതടവ് അനുഭവിക്കുകയുമുണ്ടായി.

കേരളം കണ്ട എക്കാലത്തെയും എക്കാലത്തെയും മികച്ച പ്രാസംഗികനായിരുന്ന കെ ദാമോദരൻ ഇംഗ്ലീഷ്, റഷ്യൻ, ഫ്രഞ്ച്, ഹിന്ദി, സംസ്കൃതം, തെലുങ്ക്, തമിഴ് തുടങ്ങി അനേകം ഭാഷകളിൽ പണ്ഡിതനായിരുന്നു.അന്തരിച്ച ചലച്ചിത്ര-ഡോക്യുമെന്ററി സംവിധായകനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന കെ.പി. ശശി ദാമോദരന്റെ മകനാണ്.കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം സമഗ്രമായി പഠിക്കുന്നതിനായി ഐസിഎച്ച്ആർ ഫെലോഷിപ്പിൽ ജെഎൻയുവിൽ ഗവേഷണത്തിൽ മുഴുകിയിരിക്കെ 1976 ജൂലൈ 3 നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

also read; തലസ്ഥാന വിവാദം; ഹൈബി ഈഡന് കെ സുധാകരന്റെ പിന്തുണ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News