മുൻ പ്രധാനമന്ത്രി മിഷേല്‍ ബാര്‍ണിയര്‍ പുറത്തായതിനെ തുടർന്ന് ഫ്രാൻസിൽ ഒരാഴ്ചയോളം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഒടുവിൽ വിരാമം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പുതിയ പ്രധാനമന്ത്രിയായി ഡെമോക്രാറ്റിക് മൂവ്മെന്‍റിന്‍റെ (മോഡെം) അധ്യക്ഷൻ ഫ്രാൻസ്വാ ബായ്റുവിനെ നാമ നിർദ്ദേശം ചെയ്തു. 73 കാരനായ ഫ്രാൻസ്വാ ബായ്റുവിന് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുണ്ട്. ഫ്രഞ്ച് രാഷ്ട്രീയത്തിലെ “മൂന്നാമൻ” എന്നാണ് ബായ്റു അറിയപ്പെടുന്നത്.
സാമൂഹികവും പാരിസ്ഥിതികവും സാങ്കേതികവുമായ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രോജക്റ്റുകൾക്ക് നേതൃത്വം നൽകുന്ന ഫ്രഞ്ച് സർക്കാറിന്‍റെ ആസൂത്രണ കമ്മീഷന്‍റെ തലവനാണ് നിലവിൽ അദ്ദേഹം. 1986 മുതൽ 2012 വരെ പൈറനീസ്-അറ്റ്‌ലാന്റിക്കിൽനിന്നുള്ള പാർലമെന്റംഗമായിരുന്ന ബായ്റു 1993 മുതൽ 97 വരെ വിദ്യാഭ്യാസ മന്ത്രിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
ALSO READ; അവിശ്വാസം പാസായി; നിലംപതിച്ച് ഫ്രഞ്ച് സർക്കാർ; നാണക്കേടിന്‍റെ റെക്കോഡിട്ട് ബാർണിയർക്ക് പടിയിറക്കം
ഡിസംബർ അഞ്ചിനാണ് ബജറ്റ് ബിൽ പാസാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് പ്രതിപക്ഷം നൽകിയ അവിശ്വാസം പാസായി മിഷേല്‍ ബാര്‍ണിയര്‍ നിലം പതിക്കുന്നത്. 3 മാസം മുമ്പാണ് ബാർണിയർ ഫ്രാൻസിന്‍റെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ഏറ്റവും കുറഞ്ഞകാലം ഫ്രാൻസിന്‍റെ പ്രധാനമന്ത്രിയായ ആൾ എന്ന റെക്കോഡോടെ ബാർണിയർ പുറത്താകുന്നത്.
62 വർഷങ്ങൾക്ക് ശേഷമാണ് ഫ്രാൻസിൽ ഒരു മന്ത്രി സഭ അവിശ്വാസത്തിലൂടെ പുറത്താക്കുന്നത്. 1962 ലാണ് ഇതിനു മുമ്പ് അവിശ്വാസ പ്രമേയം പാസായിട്ടുള്ളത്. 332 എംപിമാരാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. ബായ്റു പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കും വരെ ബാര്‍ണിയര്‍ കാവല്‍ പ്രധാനമന്ത്രിയായി തുടരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here