ട്രേഡിങിന്റെ പേരില്‍ സംസ്ഥാനത്ത് വീണ്ടും തട്ടിപ്പ്, ഇരട്ടി ലാഭം കിട്ടുമെന്ന് കേട്ടതോടെ യുവതി നല്‍കിയത് 57 ലക്ഷം രൂപ; സംഭവത്തില്‍ 4 പേര്‍ പൊലീസ് പിടിയില്‍

വാട്‌സാപ്പില്‍ ട്രേഡിങ് ടിപ്പ്‌സ് നല്‍കാം എന്ന മെസേജ് കണ്ട് പ്രതികരിച്ച യുവതിയ്ക്ക് നഷ്ടമായത് 57 ലക്ഷം രൂപ. തൃശൂര്‍ ഒല്ലൂര്‍ സ്വദേശിയായ യുവതിയില്‍ നിന്നാണ് നിക്ഷേപ തട്ടിപ്പിലൂടെ അരക്കോടിയിലധികം രൂപ ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ വഴി തട്ടിപ്പുകാര്‍ സ്വന്തമാക്കിയത്. സംഭവത്തില്‍ മലപ്പുറം എടരിക്കോട് ചിതലപ്പാറ സ്വദേശി എടക്കണ്ടന്‍ വീട്ടില്‍ അബ്ദുറഹ്‌മാന്‍ (25), എടക്കോട് പുതുപറമ്പ് സ്വദേശി കാട്ടികുളങ്ങര വീട്ടില്‍ സാദിഖ് അലി (32), കുറ്റിപ്പുറം സ്വദേശി തടത്തില്‍ വീട്ടില്‍ ജിത്തു കൃഷ്ണന്‍ (24), കാട്ടിപ്പറത്തി കഞ്ഞിപ്പുര സ്വദേശി ചെറുവത്തൂര്‍ വീട്ടില്‍ രോഷന്‍ റഷീദ് (26) എന്നിവരെ തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റു ചെയ്തു.

ALSO READ: കൊൽക്കത്തയിലെ വനിതാ ഡോക്‌ടറുടെ കൊലപാതകം; ഐഎംഎ ആഹ്വാനം ചെയ്ത ഡോക്ടർമാരുടെ പണിമുടക്ക് തുടങ്ങി

വാട്‌സാപ്പിലൂടെ ‘ഗോള്‍ഡ്മാന്‍ സച്ച്‌സ്’ എന്ന തങ്ങളുടെ കമ്പനിയെ പരിചയപ്പെടുത്തി നിക്ഷേപങ്ങള്‍ക്ക് ട്രേഡിങ് വഴി ഇരട്ടി ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചായിരുന്നു യുവാക്കളുടെ തട്ടിപ്പ്. യുവതിയുടെ വാട്‌സാപ്പ് നമ്പറിലേക്ക് തങ്ങള്‍ കമ്പനിയുടെ ഉന്നത സ്ഥാനത്തുള്ളവരാണെന്നും ലാഭ വിഹിതം കൂടുതല്‍ ലഭിക്കുന്നത് ഏതു വിധേനയാണെന്നും ബോധ്യപ്പെടുത്തിക്കൊണ്ട് പ്രതികള്‍ മെസേജ് അയച്ചു. തുടര്‍ന്ന് കമ്പനിയുടേത് എന്ന പേരില്‍ ഒരു വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് യുവതിയെ ചേര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിയുടെ വിശ്വാസം നേടിയെടുക്കുന്നതിനായി കമ്പനിയുടെ ട്രേഡിങ് ടിപ്‌സ് വഴി ലാഭം നേടിയ ആളുകളുടെ വിവരങ്ങളും അവരുടെ ലാഭവിഹിതവും ഗ്രൂപ്പിലൂടെ പങ്കുവെച്ചു. ഇതുകണ്ട് വിശ്വസിച്ച യുവതി പല ഘട്ടങ്ങളിലായി 57 ലക്ഷത്തിലധികം രൂപ കമ്പനിയില്‍ നിക്ഷേപിക്കുകയായിരുന്നു. ഇതോടെ യുവതിയുടെ കൂടുതല്‍ വിശ്വാസം നേടിയെടുക്കുന്നതിനായി പ്രതികള്‍ ഒരു തുക ട്രേഡിങ് ലാഭ വിഹിതമെന്ന പേരില്‍ കമ്പനിയുടെ അക്കൗണ്ടില്‍ നിന്നും അയച്ചു കൊടുക്കുകയും ചെയ്തു. 57,09,620 രൂപയാണ് കമ്പനിയില്‍ യുവതി നിക്ഷേപിച്ചിരുന്നത്. ഇതില്‍ നിന്നും കമ്പനി തിരികെ നല്‍കിയ ലാഭവിഹിതം കുറച്ച് 55,80,620 രൂപ തട്ടിപ്പില്‍ യുവതിയ്ക്ക് നഷ്ടമായി.

ALSO READ: ബാര്‍ ഹോട്ടലിലെ അക്കൗണ്ടില്‍ തിരിമറി നടത്തി ജീവനക്കാര്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍, പിടികൂടി പൊലീസ്

കമ്പനിയില്‍ നിന്നും തുടര്‍ന്നുള്ള ട്രേഡിങിന്  പ്രതികരണമൊന്നും ലഭിക്കാതായതോടെയാണ് യുവതിയ്ക്ക് ചതി പറ്റിയ കാര്യം മനസ്സിലായത്. ഉടന്‍ യുവതി സൈബര്‍ ക്രൈം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാല് പ്രതികളും വലയിലാകുന്നത്. അന്വേഷണ സംഘത്തില്‍ ഇന്‍സ്പെക്ടര്‍ സുധീഷ് കുമാര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ കെ. ശ്രീഹരി, കെ. ജയന്‍, അസി. സബ് ഇന്‍സ്പെക്ടര്‍മാരായ വിനു പി. കുര്യാക്കോസ്, എ. ശുഭ, സിവില്‍ പൊലീസ് ഓഫിസര്‍മാരായ വി.ബി. അനൂപ്, അഖില്‍കൃഷ്ണ, ചന്ദ്രപ്രകാശ്, ഒ.ആര്‍. അഖില്‍, കെ. അനീഷ്, വിനോദ്ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News