ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മുന്‍ രഞ്ജി താരം അറസ്റ്റില്‍. മുഖ്യമന്ത്രിയുടെ പേരില്‍ ഇലക്ട്രോണിക്സ് കമ്പനിയില്‍നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ആന്ധ്ര രഞ്ജി ക്രിക്കറ്റ് ടീം അംഗമായിരുന്ന നാഗരാജു ബുദുമുരു(28) അറസ്റ്റിലാവുന്നത്.2014 മുതല്‍ 2016 വരെ ആന്ധ്ര രഞ്ജി ക്രിക്കറ്റ് ടീം അംഗമായിരുന്നു ഇയാള്‍.
മുഖ്യമന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റാണെന്ന വ്യാജേനെയാണ് നാഗരാജു തട്ടിപ്പ് നടത്തിയത്. റിക്കി ഭൂയി എന്ന ക്രിക്കറ്റ് താരത്തെ സ്പോണ്‍സര്‍ ചെയ്യണമെന്നായിരുന്നു ഇയാള്‍ കമ്പനി അധികൃതരോട് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നത്. ഇതിനായി വ്യാജ തിരിച്ചറിയല്‍ രേഖകളും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുമായി ബന്ധപ്പെട്ട രേഖകളും ഇ-മെയില്‍ വഴി അയച്ചുനല്‍കി. തുടര്‍ന്ന് കമ്പനി അധികൃതര്‍ സ്പോണ്‍സര്‍ഷിപ്പിന്റെ ഭാഗമായി നാഗരാജു നല്‍കിയ അക്കൗണ്ടിലേക്ക് 12 ലക്ഷം രൂപയാണ് അയച്ചത്. പണം അയച്ചുനല്‍കിയ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സൈബര്‍ക്രൈം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് ഏഴരലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പണം നല്‍കിയിട്ടും ക്രിക്കറ്റ് ബോര്‍ഡില്‍നിന്നോ മറ്റുള്ളവരില്‍നിന്നോ പ്രതികരണം ലഭിക്കാതിരുന്നതോടെയാണ് കമ്പനി പൊലീസില്‍ പരാതി നല്‍കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here