വിദേശത്ത് ജോലി ചെയ്യുന്നവരുടെ നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിൽ ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ്. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിൽ അറിയിക്കണമെന്നും പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
വിദേശത്ത് ജോലി ചെയ്യുന്നവരുടെ നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിൽ ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ നമുക്ക് ജാഗ്രത പാലിക്കാം.
നിങ്ങൾക്കുള്ള കൊറിയർ കസ്റ്റംസ് പിടിച്ചെടുത്തിരിക്കുന്നു എന്ന ഓട്ടോമാറ്റിക് റെക്കോർഡ് വോയിസ് സന്ദേശം മൊബൈലിൽ ലഭിക്കുന്നതാണ് ആദ്യപടി. കൂടുതൽ അറിയുന്നതിനായി 9 അമർത്തുവാനും ഈ സന്ദേശത്തിൽ ആവശ്യപ്പെടുന്നു.
ഇത് അമർത്തുന്നതോടെ കോൾ തട്ടിപ്പുകാർക്ക് കണക്ട് ആവുന്നു. നിങ്ങളുടെ പേരിൽ ഒരു കൊറിയർ ഉണ്ടെന്നും അതിൽ പണം, ലഹരിവസ്തുക്കൾ എന്നിവ ഉണ്ടെന്നും അതിന് തീവ്രവാദബന്ധം ഉണ്ടെന്നും അവർ അറിയിക്കും. ഈ കോൾ കസ്റ്റംസിന് കൈമാറുന്നു എന്ന് പറഞ്ഞ് കോൾ മറ്റൊരാളിന് കൈമാറുന്നു. തീവ്രവാദബന്ധം ഉൾപ്പെടെയുള്ള കാര്യങ്ങൾ പറഞ്ഞ് അയാൾ വീണ്ടും നിങ്ങളെ ഭീഷണിപ്പെടുത്തുന്നു.
പറഞ്ഞ കാര്യങ്ങൾ വിശ്വസിപ്പിക്കുന്നതിനായി കസ്റ്റംസ് ഓഫീസർ എന്ന് തെളിയിക്കുന്ന വ്യാജ ഐഡി കാർഡ്, പരാതിയുമായി ബന്ധപ്പെട്ട വ്യാജരേഖകൾ എന്നിവ അവർ നിങ്ങൾക്ക് അയച്ചുതരും.
കസ്റ്റംസ് ഓഫീസറുടെ ഐഡി കാർഡ് വിവരങ്ങൾ വെബ്സൈറ്റിൽ പരിശോധിച്ചാൽ ഇത്തരത്തിൽ ഒരു ഓഫീസർ ഉണ്ടെന്ന് വ്യക്തമാകുന്നു. ഇതോടെ നിങ്ങൾ സ്വന്തം സമ്പാദ്യ വിവരങ്ങൾ വ്യാജ കസ്റ്റംസ് ഓഫീസർക്ക് കൈമാറുന്നു. നിങ്ങൾ സമ്പാദിച്ച തുക നിയമപരമായി ഉള്ളതാണെങ്കിൽ സമ്പാദ്യത്തിന്റെ 80 % ഡെപ്പോസിറ്റ് ആയി നൽകണമെന്നും നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച ശേഷം സമ്പാദ്യം നിയമപരമാണെങ്കിൽ തിരിച്ചുനൽകും എന്നും നിങ്ങളെ പറഞ്ഞുവിശ്വസിപ്പിക്കുന്നു.
Also Read: ഇഡി അറസ്റ്റ്; ദില്ലി ഹൈക്കോടതിക്കെതിരെ കെജ്‌രിവാൾ സുപ്രീം കോടതിയിൽ
ഇതു വിശ്വസിച്ച് ഇവർ നൽകുന്ന അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നവർ തട്ടിപ്പിന് ഇരയാകുന്നു.
ഇത്തരം തട്ടിപ്പിൽ വീണുപോകാതിരിക്കാൻ ജാഗ്രത പാലിക്കുക.
ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrimegov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.
#keralapolice
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here