സംസ്ഥാനത്ത് 18 വയസിന് താഴെയുള്ള എല്ലാ ഭിന്നശേഷി കുട്ടികള്‍ക്കും സൗജന്യ സമഗ്ര ദന്തചികിത്സ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാതരത്തിലുള്ള മൈനറും മേജറുമായിട്ടുള്ള ഓറല്‍ സര്‍ജറി പ്രൊസീജിയറുകള്‍, ഓര്‍ത്തോഗ്നാത്തിക് സര്‍ജറി, കോസ്മറ്റിക് സര്‍ജറി, മോണ സംബന്ധമായ പ്രശ്നങ്ങള്‍, ദന്തക്രമീകരണം, പല്ല് നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പല്ല് വയ്ക്കല്‍ തുടങ്ങിയ എല്ലാം സൗജന്യമായി ചെയ്തുകൊടുക്കുമെന്നും മന്ത്രി പറഞ്ഞു. ലോക വദനാരോഗ്യ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മാജിക് പ്ലാനറ്റില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
നമ്മുടെ ശരീരത്തിലെ മറ്റ് രോഗങ്ങളുമായി കൂടി ദന്താരോഗ്യം ബന്ധപ്പെട്ടിരിക്കുന്നു. പ്രമേഹം രക്തസമ്മര്‍ദം, പക്ഷാഘാതം തുടങ്ങിയ വിവിധ രോഗങ്ങള്‍ ദന്താരോഗ്യവുമായി ബന്ധപ്പെട്ടതാണ്. ദേശീയ ആരോഗ്യ പരിപാടിക്ക് കീഴില്‍ ആരോഗ്യത്തിനും വദന സംരക്ഷണത്തിനും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കേരളം നടത്തുന്നത്. മാര്‍ച്ച് 20 മുതല്‍ 27 വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വദനാരോഗ്യ വാരാചരണം സംസ്ഥാന സര്‍ക്കാര്‍ നടത്തുകയാണ്.
കേരളത്തെ ലോകത്തിനു മുന്നില്‍ ആരോഗ്യ രംഗത്തെ ഹബ്ബാക്കി മാറ്റുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് തുടര്‍ന്നുവരുന്നത്. ഇതിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള നൂതന സാങ്കേതിക വിദ്യകളില്‍ അധിഷ്ഠിതമായ അടിസ്ഥാന സൗകര്യങ്ങള്‍ സംസ്ഥാന വ്യാപകമായി ആരോഗ്യമേഖലയില്‍ നടപ്പിലാക്കുകയാണ്. ഭിന്ന ശേഷി വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ വദനാരോഗ്യ പദ്ധതി ആദ്യമായി ഡോ. ഗോപിനാഥ് മുതുകാട് നേതൃത്വം നല്‍കുന്ന മാജിക് പ്ലാനെറ്റില്‍ തുടങ്ങുന്നു എന്നുള്ളത് ഏറെ സന്തോഷകരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, ദന്തല്‍ വിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. സൈമണ്‍ മോറിസണ്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ആശ വിജയന്‍, ഡെന്റല്‍ ഡിസ്ട്രിക്ട് നോഡല്‍ ഓഫീസര്‍ ഡോ. ഷാനവാസ്, മാജിക് പ്ലാനറ്റ് ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ ജനറല്‍ മാനേജര്‍ ബിജു രാജ് എന്നിവര്‍ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here