മറുനാടൻ മലയാളി പോലുള്ള മാധ്യമങ്ങളിൽ നിന്നും പൗരൻമാരെ സംരക്ഷിക്കാനുള്ള ബാധ്യത നിയമത്തിനുണ്ട്: അശോകൻ ചരുവിൽ

മറുനാടൻ മലയാളി പോലുള്ള മാധ്യമങ്ങളിൽ നിന്നും പൗരൻമാരെ സംരക്ഷിക്കാനുള്ള ബാധ്യത നിയമത്തിനുണ്ടെന്ന് എഴുത്തുകാരൻ അശോകൻ ചരുവിൽ. മാധ്യമസ്വാതന്ത്ര്യവും പൗരൻ്റെ ജീവിതവും എന്ന പേരിൽ പങ്കുവെച്ചഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

മാധ്യമസ്വാതന്ത്ര്യവും
പൗരൻ്റെ ജീവിതവും.

“മറുനാടൻ മലയാളി” പത്രാധിപർ ഷാജൻ സ്കറിയക്കും “ഏഷ്യാനെറ്റ്” റിപ്പോർട്ടർ അഖില നന്ദകുമാറിനുമെതിരെ ചില വ്യക്തികൾ നൽകിയ പരാതിയിൽ കേസ് എടുത്തത് മാധ്യമസ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്തി ചില സുഹൃത്തുക്കൾ വ്യാഖ്യാനിക്കുന്നുണ്ട്.

മാധ്യമസ്വാതന്ത്ര്യം പരമപ്രധാനമാണ്. അതിൻ്റെ അഭാവത്തിൽ രാജ്യത്തിനെന്തു സംഭവിക്കും എന്ന് ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥക്കാലം തെളിയിച്ചിട്ടുള്ളതാണ്. മാധ്യമങ്ങളെ വിലക്കു വാങ്ങിക്കൊണ്ടാണ് മോദിയും അദാനിയും ഇന്ന് മാധ്യമസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നത്.

ഭരണവർഗ്ഗവും സർക്കാരുകളുമാണ് എന്നും മാധ്യമസ്വാതന്ത്യത്തെ തടസ്സപ്പെടുത്തിയിട്ടുള്ളത്. മറുനാടനും ഏഷ്യാനെറ്റും നേരിടുന്ന കേസുകൾ ഏതെങ്കിലും അധികാരകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടതല്ല. അധികാരത്തിനു പുറത്തുള്ള വ്യക്തികളാണ് അവർക്കെതിരെ കേസു കൊടുത്തിരിക്കുന്നത്. അത്തരം കേസുകളെ മാധ്യമസ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്തുന്നത് ഉചിതമല്ല.

മാധ്യമങ്ങൾ സ്ഥാപനങ്ങൾ കൂടിയാണ്. കോടിക്കണക്കിനു രൂപ മുതൽ മുടക്കി നടത്തുന്ന പ്രവർത്തനമാണ്. ഏഷ്യാനെറ്റ് പോലുള്ള സ്ഥാപനങ്ങൾക്ക് രാജ്യം ഭരിക്കുന്ന രാഷ്ട്രീയപാർടിയുമായി അടുത്ത ബന്ധമുണ്ട്. ഇന്നത്തെ കാലത്ത് മൂലധനമാധ്യമങ്ങൾ അധികാരവ്യവസ്ഥ കൂടിയാണ്. ഹിന്ദുത്വവും അവരുടെ ഭരണവുമായി സന്ധി ചെയ്യുക വഴി ഒരുവക “മാധ്യമഭീകരത” തന്നെ രാജ്യത്തുണ്ടായിരിക്കുന്നു. ജനങ്ങൾ എങ്ങനെ ചിന്തിക്കണമെന്ന് അവർ തീരുമാനിക്കുന്നു. “മാധ്യമവിരോധം” സമ്പാദിച്ച വ്യക്തിയെ അയാളുടെ രാഷ്ടീയ / മത / സാമൂഹ്യ സംഘടനകൾ തന്നെ തള്ളിക്കളയുന്ന കാലമാണ്.

അത്തരം മാധ്യമസ്ഥാപനങ്ങൾ ഒരു വ്യക്തിയെ ആക്രമിക്കാൻ ശ്രമിച്ചാൽ അയാൾ നിസ്സഹായനായിപ്പോകും. തകർന്നു പോകും. ആത്മരക്ഷാർത്ഥം പോലീസിനേയും സർക്കാരിനേയും ആശ്രയിക്കുകയല്ലാതെ അയാൾക്ക് വേറെ അവലംബമില്ല. പൗരൻ്റെ ജീവിതത്തെ സംരക്ഷിക്കാനും നിയമത്തിന് ബാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News