ഫ്രഞ്ച് പ്രധാനമന്ത്രി മിഷേല്‍ ബാര്‍ണിയര്‍ക്കു നേരേ പ്രതിപക്ഷപാര്‍ട്ടികള്‍ ബുധനാഴ്ച കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ബാർണിയറെ അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താക്കിയതിന് പിന്നാലെ സർക്കാറും വീണു. 3 മാസം മുമ്പാണ് ബാർണിയർ ഫ്രാൻസിന്‍റെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ഏറ്റവും കുറഞ്ഞകാലം ഫ്രാൻസിന്‍റെ പ്രധാനമന്ത്രിയായ ആൾ എന്ന റെക്കോഡോടെ ബാർണിയർ പുറത്താകുന്നത്.
ബജറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം നൽകിയത്. പാർലമെന്‍ററി വോട്ടെടുപ്പില്ലാതെ ബജറ്റ് നടപടികൾ നടപ്പിലാക്കാനായി ബാർണിയർ പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ചതോടെയാണ് തീവ്ര ഇടതു-വലതു-വലതു പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചു ചേർന്ന് പ്രമേയം പാസാക്കിയത്. 62 വർഷങ്ങൾക്ക് ശേഷമാണ് ഒരു മന്ത്രി സഭ അവിശ്വാസത്തിലൂടെ പുറത്താക്കുന്നത്. 1962 ലാണ് ഇതിനു മുമ്പ് അവിശ്വാസ പ്രമേയം പാസായിട്ടുള്ളത്.
ALSO READ;മരിക്കുന്നവർ കൂടുതലും കൗമാരക്കാർ; കോംഗോയിൽ അജ്ഞാതരോഗം പടരുന്നു, 143 മരണം
332 എംപിമാരാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ അടുത്ത സര്‍ക്കാരിനെ നിയമിക്കുംവരെ ബാര്‍ണിയര്‍ കാവല്‍ പ്രധാനമന്ത്രിയായി തുടരും. സംഭവത്തോട് പ്രതികരിച്ച ഫ്രഞ്ച് തീവ്ര വലതുപക്ഷ നേതാവ് മരീൻ ലെ പെൻ, പ്രസിഡൻ്റ് മാക്രോൺ രാജിക്ക് ആവശ്യപ്പെട്ടിട്ടില്ലെന്നും അതിനാൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. ഈ വിഷയത്തിൽ മാക്രോണിന് മാത്രമേ അവസാന വാക്ക് ഉള്ളൂവെന്നും അവർ കൂട്ടിച്ചേർത്തു.
യൂറോപ്യൻ യൂണിയൻ്റെ മുൻ ബ്രെക്‌സിറ്റ് നെഗോഷ്യേറ്റർ കൂടിയായ ബാർണിയറെ, പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ നേരിട്ട് ഇടപെട്ടാണ് പ്രധാനമന്ത്രിയായി നിയമിച്ചത്. ജൂലൈയിൽ നടന്ന തെരഞ്ഞെടുപ്പിനെത്തുടർന്ന് ഒരു തൂക്കുസഭ ഉണ്ടാകുന്ന സാഹചര്യം വന്നപ്പോഴായിരുന്നു ഈ നടപടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here