ഇമ്മാനുവല്‍ മാക്രോണ്‍ ചൈനയില്‍ ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തി

ഉക്രെയ്ന്‍ അധിനിവേശത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ബുധനാഴ്ച ചൈനയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് വ്യാഴ്യാഴ്ചയാണ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയത്. വലിയ ചുവപ്പ് പരവതാനി അലങ്കരിച്ച ഹാളില്‍ ഇരുരാജ്യങ്ങളുടെയും പതാകയും ദേശീയഗാനവും മുഴങ്ങിയ പശ്ചാത്തലത്തിലായിരുന്നു ഇമ്മാനുവല്‍ മാക്രോണുമായുള്ള ഷി ജിന്‍പിങ്ങിന്റെ കൂടിക്കാഴ്ച.

ഉക്രെയ്ന്‍ വിഷയം ഇരു നേതാക്കള്‍ക്കുമിടയില്‍ ചര്‍ച്ചയാകുമെന്ന് നേരത്തെ ബെയ്ജിംഗില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ മാക്രോണ്‍ പരോക്ഷമായി സൂചിപ്പിച്ചിരുന്നു. സംഘര്‍ഷത്തില്‍ സമാധാനത്തിലേക്കുള്ള ഒരു പാത കണ്ടെത്തുന്നതില്‍ ബെയ്ജിങ്ങിന് പ്രധാനപങ്ക് വഹിക്കാനാവുമെന്ന് മാക്രോണ്‍ വ്യക്തമാക്കിയിരുന്നു. ഉക്രെയ്‌നും റഷ്യയ്ക്കുമിടയില്‍ സമാധാന പദ്ധതി മുന്നോട്ടുവച്ച ചൈനീസ് നിലപാടിനെ മാക്രോണ്‍ സ്വാഗതം ചെയ്യുകയും ചെയ്തു. ‘ഒരു പ്രമേയത്തിന് പ്രതിജ്ഞാബദ്ധരാകാനുള്ള ചൈനയുടെ സന്നദ്ധതയെ സ്വാഗതം ചെയ്യുന്നു’ എന്നായിരുന്നു മാക്രാണ്‍ പറഞ്ഞത്.

നേരത്തെ ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങുമായും മാക്രോണ്‍ കൂടിക്കാഴ്ച നടത്തി. ഈ പ്രശ്‌ന സമയത്ത് ചൈനയും ഫ്രാന്‍സും തമ്മിലുള്ള സംഭാഷണത്തിന്റെ പ്രാധാന്യം ചര്‍ച്ചയില്‍ മാക്രോണ്‍ ചൂണ്ടിക്കാണിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഒരു പൊതുവിശകലനം പങ്കിടാനും ഒരു പൊതുപാത നിര്‍മ്മിക്കാനുമുള്ള കഴിവ് അത്യന്താപേക്ഷിതമാണെന്നും മാക്രോണ്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

ഉക്രെയ്ന്‍ വിഷയത്തില്‍ ഔദ്യോഗികമായി നിക്ഷ്പക്ഷ നിലപാടാണ് ചൈന സ്വീകരിക്കുന്നത്. പക്ഷെ റഷ്യയുടെ ഉക്രയ്ന്‍ അധിനിവേശത്തെ ഷി ജിന്‍പിങ്ങ് ഒരിക്കലും പരസ്യമായി അപലപിച്ചിട്ടില്ല. അടുത്തിടെ റഷ്യ സന്ദര്‍ശിച്ച ഷി റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ഉക്രെയ്ന്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡമിര്‍ സെലെന്‍സ്‌കിയുമായി ഷി ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News