നിറകണ്ണുകളോടെ കണ്ടു നിന്നവർ, ഡോക്ടർ വന്ദനയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

തിരുവനന്തപുരം മെഡിക്കൽ കോളേജിലും കൊല്ലം അസീസിയ മെഡിക്കൽ കോളേജിലുമായി ആയിരങ്ങളാണ് വന്ദനയെ ഒരു നോക്കുകാണാൻ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ , ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉൾപ്പെടെയുള്ളവർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി വന്ദനയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു. വന്ദനയുടെ സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ നടക്കും.

രാവിലെ 7.25 നാണ് ഡോക്ടർ വന്ദന ദാസിനെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജീവൻ രക്ഷിക്കാനായി പരിപൂർണ്ണ ശ്രമം നടത്തിയെങ്കിലും 8.25 ന് മരണം സംഭവിച്ചു. മന്ത്രിമാരായ വീണ ജോർജ്, വിഎൻ വാസവൻ ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ എത്തി തുടർനടപടികൾ വേഗത്തിലാക്കി. ഇൻക്വസ്റ്റ്‌ നടപടി പൂർത്തിയാക്കിയ ഉടൻ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും വന്ദനയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ സ്വകാര്യ ആശുപത്രിയിൽ എത്തി. വന്ദനയുടെ മാതാപിതാക്കളെയും ഇരുവരും ആശ്വസിപ്പിച്ചു. സ്പീക്കർ എഎൻ ഷംസീറും ആശുപത്രിയിൽ എത്തി അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്ന് പന്ത്രണ്ടരയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി ഡോക്ടർമാർ , ഹൗസ് സർജന്മാർ, ആശുപത്രി ജീവനക്കാർ എന്നിവർക്കായി മോർച്ചറിക്ക് മുന്നിൽ പൊതുദർശനം.

മൂന്ന് പത്തോടെ ആംബുലൻസിൽ തിരുവനന്തപുരത്ത് നിന്നും നേരെ വന്ദനയുടെ കൊല്ലത്തെ സ്വന്തം ക്യാമ്പസിലേക്ക് . നാലരയോടെ അസീസിയ മെഡിക്കൽ കോളേജിൽ എത്തിയ ചേതനയറ്റ വന്ദനയെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരങ്ങളാണ് അവിടെയ്ക്ക് ഒഴുകിയെത്തിയത്. 5.20 ഓടെ കൊല്ലത്തെ പൊതുദർശനം പൂർത്തിയാക്കി ക്യാമ്പസ് വന്ദനയ്ക്ക് കണ്ണീരിൽ കുതിർന്ന യാത്ര നൽകി. നാളെ ഉച്ച വരെ കടുത്തുരുത്തിയിലെ മൊട്ടുച്ചിറയിലെ വീട്ടിൽ പൊതുദർശനം തുടർന്ന് രണ്ടുമണിക്ക് വന്ദനയുടെ സംസ്കാരം നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News