ഇന്ത്യൻ ബഹിരാകാശ സ്വപ്ന പദ്ധതിയായ ഗഗൻയാൻ യാഥാർത്ഥ്യത്തിലേക്ക്. പദ്ധതിയുടെ ടെസ്റ്റ് ഫ്ളൈറ്റ്
ജൂലൈയിൽ നടക്കും. പദ്ധതി സങ്കീർണമായതിനാൽ നാല് അധിക പരീക്ഷണംകൂടി വേണ്ടി വരുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് കൈരളി ന്യൂസിനോട് പറഞ്ഞു. ഐ.എസ്.ആർ.ഒയുടെ സുപ്രധാന പദ്ധതിയായ ചന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണവും ജൂലൈയിൽ നടക്കും.
കൊച്ചിയിൽ കേരള മാനേജ്മെന്റ് അസോസിയേഷന്റെ മാനേജ്മെന്റ് ലീഡർഷിപ് പുരസ്‌കാരം ഗവർണറിൽ നിന്ന് ഏറ്റുവാങ്ങാൻ എത്തിയപ്പോഴാണ് ഗഗൻയാൻ പദ്ധതിയുടെ നിർണായക മുന്നേറ്റത്തെകുറിച്ച് ഐ.എസ്. ആർ.ഒ ചെയർമാൻ വ്യക്തമാക്കിയത്. മനുഷ്യരെ വഹിച്ചുള്ള ബഹിരാകാശ ദൗത്യമായ ഗഗന്‍യാനിന് നാവികസേനയുമായി ചേര്‍ന്ന് ഐ.എസ്.ആർ.ഒ പരിശീലനം ആരംഭിച്ചിരുന്നു. ബഹിരാകാശത്തുനിന്ന് ഭൗമാന്തരീക്ഷത്തില്‍ തിരിച്ചെത്തിയ ശേഷം കടലില്‍ വീഴുന്ന ക്രൂ മൊഡ്യൂള്‍ വീണ്ടെടുക്കുന്ന പരിശീലനത്തിന് അപ്പുറം സങ്കീർണമായ നാല് അധികപരീക്ഷണങ്ങൾ ഉൾപ്പെടെ തുടർപരീക്ഷണങ്ങൾ നിരവധി പൂർത്തീകരിക്കാനുണ്ടെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു.
2024-ൽ ആളില്ലാ വിക്ഷേപണം നടത്തുന്നതിന് മുന്നോടിയായാണ് അടുത്ത മാസം ടെസ്റ്റ് ഫ്ളൈറ്റ് നടത്തുക. ചന്ദ്രോപരിതല പര്യവേക്ഷണദൗത്യമായ ചന്ദ്രയാന്‍–3ന്റെ വിക്ഷേപണം ജൂലൈയിൽ ഉണ്ടാകുമെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ പറഞ്ഞു. വിക്ഷേപണ വാഹനത്തിന്റെ നിര്‍ണായക പരീക്ഷണ ദൗത്യങ്ങള്‍ നേരത്തെ ഐ.എസ്.ആർ.ഒ പൂര്‍ത്തിയാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here