കൊല്ലം വെളിയല്ലൂര്‍ ശ്രീരാമ ക്ഷേത്രത്തില്‍ ആഘോഷങ്ങളുടെ ദിനമായിരുന്നു ഇന്ന്. ക്ഷേത്രോല്‍സവങ്ങളില്‍ തിടമ്പേറ്റിയും ആരാധകര്‍ക്ക് മുന്നില്‍ എന്നും തലയെടുപ്പോടെയും നിന്ന ഗജരാജന്‍ വെളിയല്ലൂര്‍ മണികണ്ഠന്റെ പിറന്നാള്‍ ആനപ്രേമികള്‍ ഒരുല്‍സവം പോലെ കൊണ്ടാടിയ ദിവസം. ആഘോഷങ്ങളോടനുബന്ധിച്ച് ക്ഷേത്ര നടപ്പന്തലില്‍ സംഘടിപ്പിച്ച കേക്ക് മുറിക്കല്‍ ചടങ്ങില്‍ കസവ് മുണ്ട് ചാര്‍ത്തി അലങ്കാരത്തോടെ നിന്ന മണികണ്ഠന്‍ കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ആര്‍ജിച്ച ഗാംഭീര്യവും തലയെടുപ്പും വെടിഞ്ഞ് അനുസരണയുള്ള ഒരു കൊച്ചു കുട്ടിയെപ്പോലെ നിന്നു.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ആനയുടെ പിറന്നാള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം സുന്ദരേശന്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. എന്നാല്‍, ആഘോഷത്തോടെ മുറിച്ച പിറന്നാള്‍ കേക്ക് മണികണ്ഠനു നല്‍കാന്‍ അംഗങ്ങള്‍ എത്തിയപ്പോള്‍ പിറന്നാളുണ്ണികളെപ്പോലെ മണികണ്ഠന്‍ പിണങ്ങി മാറി നിന്നത് ചടങ്ങിലെ കൗതുകമായി. ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടും കേക്ക് സ്വീകരിക്കാന്‍ ഗജരാജന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ആപ്പിള്‍ നല്‍കിയാണ് മണികണ്ഠന്റെ പിണക്കം സംഘാടകര്‍ മാറ്റിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here