സിനിമയിൽ സജീവമായിരുന്ന കാലത്താണ് ഗണേഷ് കുമാർ പത്തനാപുരത്തിന്റെ മണ്ണിലേക്ക് രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. പിന്നീടങ്ങോട്ട് രാഷ്ട്രീയ ചേരികളിൽ മാറ്റമുണ്ടായെങ്കിലും രാഷ്ട്രീയ പ്രവർത്തകൻ എന്ന പേര് നടനെന്ന പേരിനൊപ്പം തന്നെ ഗണേഷ് കുമാറിൽ പതിഞ്ഞു. വികസനത്തിന്റെ കാര്യത്തിൽ ഗണേഷ്‌കുമാറിനു കോംപ്രമൈസ് ഇല്ല, പറയാനുള്ള കാര്യം ആരുടെ മുഖത്ത് നോക്കിയും പറയും, ജനങ്ങളുടെ ഏത് ആവശ്യത്തിനും ഒപ്പം നിൽക്കും, അഴിമതിക്കെതിരെ കർശന നിലപാട് എടുക്കും വിശേഷണങ്ങൾ ഏറെയുണ്ട് പത്തനാപുരത്തുകാരുടെ ഗണേഷ് കുമാറിന്.
ALSO READ: ലോക്‌സഭാ തെരഞ്ഞെടുപ്പ്; സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ച് ഇന്ത്യാ മുന്നണി
2001 ൽ കേരള കോൺഗ്രസ് (ബി) സ്ഥാനാർഥിയായി പത്തനാപുരത്ത് അങ്കത്തിനിറങ്ങിയ ഗണേഷ് കുമാർ അവിടുന്നങ്ങോട്ട് ജനമനസുകളിൽ സ്ഥിര സാന്നിധ്യം നേടുകയായിരുന്നു. മുൻ മന്ത്രി അന്തരിച്ച ആർ. ബാലകൃഷ്ണപിള്ളയുടെ മകനെന്ന പേരിനുമുപരി രാഷ്ട്രീയത്തിലെ നിലപാടുകൾ കൊണ്ട് ജനങ്ങൾക്കിടയിൽ ശ്രദ്ധനേടി. 5 തവണ പത്തനാപുരത്തെ പ്രതിനിധീകരിച്ചപ്പോൾ മൂന്നാം തവണയാണ് മന്ത്രികസേരയിലേക്ക് ഗണേഷ് കുമാർ എത്തിയത്.
ആദ്യ തവണ ആന്റണി മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായപ്പോൾ കെഎസ് ആർ ടി സിയെ നവീകരിക്കുന്ന പ്രവർത്തനങ്ങൾ കാഴ്ച വെച്ചു. കെ എസ് ആർടിസി തൊഴിലാളികളുടെ ക്ഷേമത്തിന് അടക്കം മുൻതൂക്കം നൽകിയ മന്ത്രിയായിരുന്നു ഗണേഷ് കുമാർ. ഡ്രൈവിംഗ് ലൈസൻസ് പരീക്ഷ കംപ്യൂട്ടർവത്കരിച്ചതും ഇക്കാലത്താണ്. കെഎസ്ആര്‍ടിസി ആദ്യമായി എസി ബസുകള്‍ അവതരിപ്പിക്കുന്നത് ഗണേഷ് കുമാറിന്റെ കാലത്താണ്. വലിയ ബസുകള്‍ക്ക് പോകാന്‍ സാധിക്കാത്ത റൂട്ടുകളില്‍ മിനി ബസുകൾ അവതരിപ്പിച്ചു.
2011 ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വനം, സിനിമ മന്ത്രിയായപ്പോഴും ഗണേഷ് കുമാർ കാര്യമായ മാറ്റം ആ മേഖലകളിൽ കൊണ്ടുവന്നു. കൈരളി ശ്രീ നിള തീയറ്ററുകളെ ആധുനികവത്കരിക്കുന്നതിലും ഗണേഷ്‌കുമാർ പങ്കുവഹിച്ചു. നെല്ലിയാമ്പതിയിലെ കയ്യേറ്റത്തിനെതിരെ നടപടികള്‍ സ്വീകരിച്ചു. പാലാരിവട്ടം പാലം അടക്കമുള്ള വിഷയങ്ങളിൽ ഗണേഷ് കുമാർ പറഞ്ഞ കാര്യങ്ങൾ പിന്നീട് ശരിയാണെന്ന് തെളിയുകയായിരുന്നു. ഭരണമികവിനൊപ്പം തന്നെ വിവാദങ്ങളും ഗണേഷ് കുമാറിനെ പിന്തുടർന്നു. എന്നാൽ വിവാദങ്ങൾ ഒന്നും ഗണേഷ്‌കുമാറിന്റെ ഇച്ഛാശക്തിക്ക് മുന്നിൽ വിലപ്പോകില്ല.
2015-ൽ ഗണേഷ് കുമാറിന്റെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് (ബി) യുഡിഎഫ് വിട്ട് എല്‍.ഡി.എഫിലേക്ക് ചേക്കേറി. 2016 ലെ നിയമസഭാ തെരെഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം എൽഡിഎഫ് എംഎൽഎയായി പത്തനാപുരത്തിന്റെ വികസന പ്രവർത്തനങ്ങളിൽ ചുക്കാൻ പിടിച്ച് ഗണേഷ് കുമാർ ഒപ്പം തന്നെയുണ്ടായിരുന്നു. പൊതുജനസേവനമാണ് തനിക്ക് പ്രധാനമെന്നു മുൻപും ഗണേഷ് കുമാർ തെളിയിച്ചിട്ടുള്ളത്. റോഡുകളും പാലങ്ങളും മറ്റ് വികസനങ്ങളുമായി പത്തനാപുരത്തിന്റെ മുഖച്ഛായ തന്നെ മാറുവാൻ ഗണേഷ് കുമാർ മുന്നിൽനിന്നു. പൊതുപ്രവർത്തകൻ എന്നതിനേക്കാൾ ഒരുപക്ഷെ ഗണേഷ് കുമാറിന് കൂടുതൽ ചേരുക സാമൂഹ്യപ്രവർത്തകൻ എന്നതാകും. സാമൂഹിക പ്രശ്നങ്ങളിൽ ഇടപെട്ട് തക്കതായ പോംവഴി ഉണ്ടാകുവാൻ ഇദ്ദേഹത്തിന് കഴിഞ്ഞു. കാര്യങ്ങൾ അത്രമേൽ മനസിലാക്കി പ്രവർത്തിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന നേതാക്കളിൽ ഒരാളാണ് ഗണേഷ്‌കുമാർ. അനീതിയെയും അഴിമതിയെയും എതിർക്കാൻ മുഖമോ രാഷ്ട്രീയമോ ഗണേഷ്‌കുമാർ നോക്കാറില്ല. കാരണം പദവികളെക്കാൾ ഗണേഷ് കുമാർ ലക്ഷ്യമിട്ടത് ജനക്ഷേമം ആയിരുന്നു.
ALSO READ: ലലന്‍ സിംഗ് ജെഡിയു അധ്യക്ഷസ്ഥാനം ഒഴിഞ്ഞു; വീണ്ടും നിതീഷ് കുമാര്‍
പ്രതിസന്ധിയെ നേരിടുവാനുള്ള കരുത്തും ആത്മവിശ്വാസവും തനിക്കുണ്ടെന്ന ഗണേഷ് കുമാറിന്റെ പ്രസ്താവനയിൽ തന്നെ കാര്യമായ മാറ്റങ്ങൾ ചുമതലയുള്ള വകുപ്പിൽ പ്രതീക്ഷിക്കാം. വീണ്ടും മന്ത്രി പദത്തിലെത്തുമ്പോൾ ,തങ്ങളിൽ ഒരാൾ വീണ്ടും മന്ത്രിയായതിന്റെ ആഹ്ലാദത്തിലാണ് പത്തനാപുരത്തുകാർ, ഒപ്പം കേരളത്തിലെ ജനങ്ങളും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here