അജിൻക്യ രഹാനെയുടെ ടീമിലേക്കുള്ള തിരിച്ചുവരവിൽ സന്തോഷം പ്രകടിപ്പിച്ച് സൗരവ് ഗാംഗുലി. ജൂണിൽ നടക്കുന്ന ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ടീമിൽ രഹാനെ ഇടം നേടിയതിന് പിന്നാലെയാണ് ഗാംഗുലി ആശംസയുമായി എത്തിയത്.
‘അവസരങ്ങൾ എല്ലായ്പ്പോഴും എല്ലാവർക്കും കിട്ടണമെന്നില്ല. പക്ഷെ കിട്ടിയ അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണം. രഹാനെക്ക് അതിന് കഴിയുമെന്നാണ് വിശ്വസിക്കുന്നത്. രഹാനെക്ക് എന്റെ എല്ലാവിധ ആശംസകളും’, ഗാംഗുലി പറഞ്ഞു. ഇന്ത്യൻ മധ്യനിര ബാറ്റ്സ്മാന്മാരിൽ പ്രധാനിയായ രഹാനെ അവസാനമായി ഒരു ടെസ്റ്റ് മത്സരം കളിക്കുന്നത് 2022 ജനുവരിയിലാണ്. തുടർന്ന് രഹാനെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തപ്പെട്ടിരുന്നില്ല. ഇപ്പോൾ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി മികച്ച പ്രകടനമാണ് രഹാനെ പുറത്തെടുക്കുന്നത്. 2022 – 23 രഞ്ജി സീസണിലും അറുനൂറിൽപ്പരം റണ്ണുകളുമായി രഹാനെ തിളങ്ങിയിരുന്നു.
ജൂൺ 7 മുതൽ 11 വരെയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ. ലണ്ടനിലെ ഓവലിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയെയാണ് നേരിടുക. നിലവിൽ മികച്ച ഫോമിലുള്ള ഓസ്‌ട്രേലിയയെ നേരിടാൻ ഇന്ത്യൻ മധ്യനിര പോരാ എന്ന അഭിപ്രായം സിലക്ടർമാർക്കിടയിൽ ഉണ്ട്. ചേതേശ്വർ പൂജാര സ്ഥിരമായി നല്ല പ്രകടനം കാഴ്ചവെക്കാത്തത് സിലക്ടർമാരിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. രഹാനെക്ക് ഈ വിടവ് നികത്താനാകുമെന്ന പ്രതീക്ഷയിലാണ് സിലക്ടർമാരും ആരാധകരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here