പത്തനംതിട്ട ജില്ലയില്‍ രണ്ടര കിലോയോളം കഞ്ചാവ് പിടിച്ചു, 6 പേര്‍ അറസ്റ്റില്‍

പത്തനംതിട്ടജില്ലയില്‍ പോലീസിന്റെ നേതൃത്വത്തില്‍ തുടരുന്ന കഞ്ചാവ് വേട്ടയില്‍ അടൂര്‍ പഴകുളത്തു നിന്നും രണ്ടേകാല്‍ കിലോയോളം കഞ്ചാവ് പിടികൂടി, ഒരാള്‍ അറസ്റ്റില്‍. കുടശ്ശനാട് പാലമേല്‍ കഞ്ചുകോട് പൂവണ്ണം തടത്തില്‍ നിസാറുദ്ദീന്റെ മകന്‍ അന്‍സര്‍ (30)ആണ് അടൂര്‍ പോലീസും ജില്ലാ പോലീസ് മേധാവിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പിടിയിലായത്. മോട്ടോര്‍ സൈക്കിളില്‍ കായംകുളത്തു നിന്നും പഴകുളം ഭാഗത്തേക്ക് കഞ്ചാവുമായി വരുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് സംഘം നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് യുവാവ് കുടുങ്ങിയത്.

വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ പഴകുളത്ത്, കായംകുളം പത്തനാപുരം റോഡുവക്കില്‍ മോട്ടോര്‍ സൈക്കിളുമായി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസിനെക്കണ്ട് പെട്ടെന്ന് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍, തടഞ്ഞു നിര്‍ത്തിചോദ്യം ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍, മോട്ടോര്‍ സൈക്കിളിന്റെ ടാങ്ക് കവറിനുള്ളില്‍ പ്ലാസ്റ്റിക്ക് കവറിലായി ബ്രൗണ്‍ പേപ്പറില്‍ പൊതിഞ്ഞനിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍ വില്‍പനയ്ക്കായി കൊണ്ടു വന്നതാണെന്ന് ഇയാള്‍ സമ്മതിച്ചു. തുടര്‍നടപടികള്‍ക്ക് ശേഷം 3.40 ന് പ്രതിയെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധന നടത്തിയ ശേഷം, സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. വര്‍ഷങ്ങളായി കഞ്ചാവ് കച്ചവടം നടത്തിവരികയാണെന്നും, എന്നാല്‍, പിടിയിലാവുന്നത് ആദ്യമായിട്ടാണെന്നും പ്രതി പോലീസിനോട് വെളിപ്പെടുത്തി.

ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെതുടര്‍ന്ന്, ജില്ലാ നര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി കെ എ വിദ്യാധരന്റെ മേല്‍നോട്ടത്തിലായിരുന്നു പോലീസ് നടപടികള്‍. അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ എസ് ഐ എം മനീഷ്, എസ് സി പി ഓമാരായ സൂരജ്, അനീഷ്, സി പി ഓ ശ്യാം എന്നിവരും, ജില്ലാ പോലീസ് മേധാവിയുടെ സ്‌പെഷ്യല്‍ ടീം അംഗങ്ങളുമുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച്ചയിലും അടൂര്‍ പോലീസ് ഒരു കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ലഹരിക്കടത്തിനെതിരായി പ്രത്യേകപോലീസ് സംഘം രൂപീകരിച്ച് ശക്തമായ നിരീക്ഷണവും പരിശോധനയും തുടര്‍ന്നുവരികയാണെന്നും, ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും, സമീപജില്ലകളില്‍ നിന്നും കഞ്ചാവ് പെട്ടെന്ന് എത്തിക്കുന്നതിന് സാധിക്കുന്നതുകൊണ്ട് അടൂരില്‍ ഇത്തരക്കാര്‍ കേന്ദ്രീകരിക്കുന്നതെന്ന ത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും, ശക്തമായ നടപടികളിലൂടെ ഇത് തടയുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ബുധനാഴ്ച്ച വൈകിട്ട് 5.40 ന് മല്ലപ്പള്ളി കൈപ്പറ്റ റോഡില്‍ റവന്യൂ ടവറിന് സമീപത്ത് നിന്നും വില്‍ക്കാന്‍ കൊണ്ടുവന്ന 5 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടാങ്ങല്‍ വായ്പ്പൂര്‍ ഊന്നുകല്ലില്‍ വീട്ടില്‍ അബ്ദുല്‍ ഷുക്കൂറിന്റെ മകന്‍ അബ്ദുല്‍ സലിം (19), മല്ലപ്പള്ളി പരിയാരം വെള്ളറയില്‍ വീട്ടില്‍ സാബുവിന്റെ മകന്‍ സുബിന്‍ ജോണ്‍ (26) എന്നിവരെയാണ് കീഴ്വായ്പ്പൂര്‍ പോലീസും ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക പോലീസ് സംഘവും ചേര്‍ന്ന് പിടികൂടിയത്. കീഴ്വായ്പ്പൂര്‍ എസ് ഐ സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടി.

ചൊവ്വാഴ്ച്ച രാത്രിയും പോലീസ് കഞ്ചാവ് പിടിച്ചെടുത്തിരുന്നു, പന്തളം പോലീസ്സ് ഇന്‍സ്‌പെക്ടര്‍ ടി ഡി പ്രജീഷിന്റെ നേതൃത്വത്തില്‍ എസ് ഐമാരായ വിനു, അനില്‍കുമാര്‍ ,എസ് സി പി ഓ വിനോദ് , എന്നിവരടങ്ങിയ സംഘമാണ് സ്‌പെഷ്യല്‍ ടീമിന്റെ സഹായത്തോടെ പ്രതികളെ പിടികൂടിയത്. പശ്ചിമ ബംഗാള്‍ ജയ് പാല്‍ഗുഡി സ്വദേശി ലളിത് റായിയുടെ മകന്‍ ചന്ദന്‍ റായ് (38), ജെയ്പാല്‍ഗുഡി ജാഹിരുദീന്റെ മകന്‍ ഹചിദുല്‍ ഹഖ് (37), ദക്ഷിന്‍ ദിനാജ്പൂര്‍ മുന്‍സൂര്‍ അലിയുടെ മകന്‍ അബൂബക്കര്‍ സിദ്ദീഖ് (24) എന്നിവരെ, പന്തളം കടക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ നിന്നും വില്പനയ്ക്ക് സൂക്ഷിച്ച കഞ്ചാവുമായി രാത്രി 10.30 ന് അറസ്റ്റ് ചെയ്യുകയായിരുന്നു. മേസ്തിരി ജോലിയുടെ മറവിലാണ് ഇവര്‍ കഞ്ചാവ് വില്പന നടത്തിയിരുന്നത്. ഇവര്‍ കഞ്ചാവിന്റെ സ്ഥിരം വില്‍പ്പനക്കാരാണെന്നും പത്രക്കടലാസ്‌പൊതികളിലാക്കിയാണ് കഞ്ചാവ് വിറ്റിരുന്നത് എന്നും ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. വീടിന്റെ അടുക്കളയുടെ വര്‍ക്ക് ഏരിയയുടെ സ്ലാബില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കഞ്ചാവ് എവിടെ നിന്നാണ് എത്തിക്കുന്നത് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച് പോലീസ് വിശദമായി ചോദ്യം ചെയ്തു. പന്തളത്തും സമീപപ്രദേശങ്ങളിലും താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ നിരീക്ഷണത്തിലാണെന്നും, വരുംദിവസങ്ങളില്‍ കര്‍ശന പരിശോധന ഉണ്ടാകുമെന്നും, ലഹരിമരുന്ന് സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. കോടതി മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News